ADVERTISEMENT

കോട്ടയം ∙ ‘ശ്മശാനത്തിന്റെ സൂക്ഷിപ്പുകാരനാണ് ഞാൻ. മൃതദേഹങ്ങൾ സംസ്കരിക്കലാണ് ജോലി. കോവിഡ് കാലത്തും എല്ലാ ദിവസവും നേരിട്ടെത്തി പണിയെടുക്കുന്നു. പുലർച്ചെ അഞ്ചരയ്ക്ക്എത്തും. പോകുമ്പോൾ രാത്രിയാകും. ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാം മറന്നു ജോലി ചെയ്യുകയാണ്.’ നഗരസഭയുടെ മുട്ടമ്പലം ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്ന തൊഴിലാളി പി.എം. രാജന്റെ വാക്കുകളാണ് ഇത്. ശ്മശാനത്തിനു സമീപം അംബേദ്കർ കോളനിയിലാണ് താമസം. 

ശ്മശാനത്തിന്റെ നിയമാവലി അനുസരിച്ചാണെങ്കിൽ ഒരു ദിവസം 4 മൃതദേഹങ്ങൾ സംസ്കരിച്ചാൽ മതി.  ഇപ്പോഴത്തെ സാഹചര്യത്തിൽ അതൊന്നും നോക്കാറില്ല.  ‘അടുത്ത നാളായി എല്ലാ ദിവസവും പത്തും പന്ത്രണ്ടും മൃതദേഹങ്ങൾ ഉണ്ടാകും. ഒരു മൃതദേഹം സംസ്കരിച്ചു കഴിഞ്ഞാൽ 2 മണിക്കൂറെങ്കിലും കഴിഞ്ഞേ അടുത്തത് എടുക്കാൻ കഴിയു. മെഷീൻ തണുക്കണം. രാത്രി ഒൻപതിനു വീട്ടിൽ പോകാൻ പറ്റിയാൽ ഭാഗ്യം.’ സഹായിക്കാൻ മകൻ രാഹുലിനെയും ഒപ്പം കൂട്ടിയിട്ടുണ്ട്. 

നഗരസഭയുടെ സ്ഥിരം ജീവനക്കാരനാണ് രാജൻ.  2006 –ൽ ജോലി കിട്ടി. അവധിയെടുക്കുമ്പോൾ പകരം സംവിധാനത്തിനു 2 താൽക്കാലിക ജീവനക്കാരെ വിളിക്കും.  ഒരാൾ വെന്നിമലയിലും മറ്റൊരാൾ പനച്ചിക്കാടും ഉള്ളതാണ്. ഗ്യാസ് ശ്മശാനമാണ് ഇവിടെയുള്ളത്. ഒരേസമയം 2 മൃതദേഹങ്ങൾ വരെ സംസ്കരിക്കാം. ഇപ്പോൾ കൂടുതലും കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങളാണ്. ബന്ധുക്കൾക്ക് പോലും എത്താൻപറ്റാത്ത അവസ്ഥയാണ്. ആചാരപ്രകാരം ചിതാ ഭസ്മം വേണമെന്നുള്ളവർക്ക് അതു നൽകും. 

മുട്ടമ്പലം ശ്മശാനം : അറിയേണ്ട കാര്യങ്ങൾ 

നഗരസഭയുടെ ഹെൽപ് ഡെസ്കിനു പുറമേ 24 മണിക്കൂറും നഗരസഭ ഓഫിസിൽ കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്. ഏത് സമയത്തും ഫോണിൽ ബന്ധപ്പെടാം. സംസ്കാരത്തിനു ഒഴിവുള്ള ദിവസവും സമയവും ലഭിക്കും. എന്നാൽ രേഖകൾ സഹിതം ബന്ധപ്പെട്ടവർ ഓഫിസിൽ എത്തി നിശ്ചിത ഫീസ് അടച്ച് ബുക്ക് ചെയ്താലേ മൃതദേഹം സംസ്കരിക്കാനാകൂ. നഗരസഭ ഓഫിസിൽ നിന്നു നൽകുന്ന ഫോം പൂരിപ്പിച്ച് നൽകണം. 

മരിച്ചയാളുടെയും അപേക്ഷകന്റെയും തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് വയ്ക്കണം. ആശുപത്രിയിലാണ്  മരിച്ചതെങ്കിൽ അവിടെ നിന്നുള്ള സർട്ടിഫിക്കറ്റ് വേണം. വീട്ടിലാണ് മരിച്ചതെങ്കിൽ കൗൺസിലറുടെ കത്ത് ഹാജരാക്കണം.പഞ്ചായത്ത് പരിധിയിലാണെങ്കിൽ പഞ്ചായത്ത് പ്രസിഡന്റിന്റെയോ സെക്രട്ടറിയുടെയോ കത്ത് നിർബന്ധമാണ്. ഇവർ സ്ഥലത്തില്ലാത്തപക്ഷം വാർഡ് അംഗത്തിന്റെ കത്തു പരിഗണിക്കും. കോവിഡ് ബാധിച്ച് മരിച്ചതാണെങ്കിലും ഈ  നടപടിക്രമം പാലിക്കണം. 

കോവിഡ് കാലമായതിനാൽ പരിമിതിക്കുള്ളിൽ നിന്ന് ആളുകളെ ബുദ്ധിമുട്ടിക്കാതെ പൂർണമായും സഹകരിച്ചാണ് നടപടി പൂർത്തിയാക്കുന്നതെന്നു ഹെൽത്ത് ഇൻസ്പെക്ടർ പി.ഐ. ജേക്കബ്സൺ പറഞ്ഞു. ഒരു ദിവസം 4 മൃതദേഹങ്ങൾ സംസ്കരിച്ചിരുന്ന ശ്മശാനത്തിൽ  ഇപ്പോൾ 13 സംസ്കാരങ്ങൾ   വരെ നടക്കുന്നുണ്ട്.

കൺട്രോൾ റൂമിലേക്ക് വിളിക്കാം

24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം നഗരസഭയിൽ പ്രവർത്തനം ആരംഭിച്ചു.  ഫോൺ നമ്പരുകൾ: 9746498268. (വാർഡ് 1 മുതൽ 20 വരെ.), 9995121285. (വാർഡ് 21 മുതൽ 40 വരെ.), 9946821817. (വാർഡ് 41 മുതൽ 52 വരെ.).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com