ADVERTISEMENT

കോട്ടയം ∙ 1998  ഒക്‌ടോബർ 22. നാടിനെ നടുക്കിയ ഐങ്കൊമ്പ് ബസപകടം. തീ  കത്തിയ ബസിനുള്ളിലെ മൃതദേഹങ്ങൾ കണ്ട് പലരും അടുത്തെത്താൻ മടിച്ചു. വെന്തമാംസം ചിതറിക്കിടന്ന മണ്ണിലേക്ക്, അന്ന് ചെറുപ്പക്കാരനായിരുന്ന വാസവൻ എത്തി. മൃതദേഹങ്ങൾ വാഴയിലയിൽ പൊതിഞ്ഞു മാറ്റി.

2018 ലെ പ്രളയകാലം. സഹായത്തിന് ടോറസ് ലോറിയുമായി മുക്കിലും മൂലയിലും വാസവനും സംഘവുമെത്തി. ലോറിയിൽ നിന്നു വീണു കുറച്ചു നാളും കിടപ്പിലുമായി. സംസ്ഥാനത്തെ ആദ്യ കോവിഡ് ബാധിതരിൽ ഒരാൾ ചെങ്ങളത്ത് വീട്ടിൽ. പരിസരത്ത് അടുക്കാൻ നാട്ടുകാർക്കു ഭയം. അവിടെയും അഭയം ആംബുലൻസുമായി വാസവനെത്തി. തൊഴിലാളി നേതാവിൽ നിന്നു പൊതുപ്രവർത്തകനിലേക്കുള്ള വാസവന്റെ യാത്ര ഇങ്ങനെയൊക്കെയാണ്. തന്റെ പൊതു പ്രവർത്തനത്തിനു വാസവൻ നൽകിയ പേരാണ് ‘അഭയം.’ എന്തിനും ഏതിനും ആർക്കും എപ്പോഴും വാസവനെ വിളിക്കാം. എല്ലാവരും മടിച്ചു നിൽക്കുന്നിടത്ത് വാസവൻ മുണ്ടു മടക്കിക്കുത്തിയിറങ്ങും. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ വാസവന്റെ മുറിക്കു മുന്നിൽ ആൾക്കൂട്ടം കാണും. 

ആശുപത്രിയിൽ ഡോക്ടറെ കാണാൻ നിൽക്കുന്നതു പോലെയാണ് ക്യൂ. ഉച്ചവരെ നീളുന്ന പരിപാടിയെ പാർട്ടിക്കാർ വാസവന്റെ ഒപിയെന്നാണ് വിളിക്കുന്നത്.ഇതിനിടെ വിളിക്കുന്നവരോട് അറിയാതെ വാസവനും പറഞ്ഞു തുടങ്ങി. ഇന്നത്തെ ഒപി കഴിഞ്ഞാൽ വരാമെന്ന്. അതിൽ തെറ്റില്ല. കോട്ടയം മെഡിക്കൽ കോളജ് വികസന സമിതി അംഗം കൂടിയാണ് വാസവൻ. 

മറ്റക്കരയിൽ നിന്ന്  പാമ്പാടിയിലേക്ക്

മറ്റക്കരയിലെ സാധാരണ കുടുംബത്തിലാണ് ജനനം. ആകെയുള്ള മൂലധനം കഠിനാധ്വാനം. മറ്റക്കര ജ്ഞാന പ്രബോധിനി വായനശാല വാസവന്റെ ജീവിതത്തിൽ വഴിത്തിരിവായി. വായനയിലൂടെ കമ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് എത്തി. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ പറയുന്നു: ഏൽപ്പിക്കുന്ന ഏതു കാര്യവും ഉത്തരവാദിത്തത്തോടെ ചെയ്യുമെന്നതാണ് വാസവന്റെ മികവ്.ഡിവൈഎഫ്ഐയുടെ ആദ്യ സംസ്ഥാന കമ്മിറ്റിയിൽ വാസവൻ അംഗമായി. ഇക്കാലത്തു പള്ളിക്കത്തോട് പഞ്ചായത്തിൽ സിപിഎം ഭരണം പിടിച്ചു.  

അടിയന്തിരവസ്ഥക്കാലത്ത് പാർട്ടി അടുത്ത ചുമതല നൽകി. പാമ്പാടിയിൽ പോകുക. ചെത്തു തൊഴിലാളി പ്രസ്ഥാനത്തിനു നേതൃത്വം നൽകുക. പാമ്പാടിയിൽ ചെത്തു മദ്യത്തൊഴിലാളി സഹകരണ സംഘത്തിനു തുടക്കമിട്ടു. സംസ്ഥാനത്ത് ലാഭത്തിൽ മുന്നിൽ ഇന്നും ഈ സംഘമാണ്. കോൺഗ്രസിൽ നിന്നു വെള്ളൂർ, പാമ്പാടി, കൂരോപ്പട സർവീസ് സഹകരണ ബാങ്കുകളുടെ ഭരണം സിപിഎം നേടിയതോടെ പാർട്ടിയിൽ വാസവന്റെ ഗ്രാഫ് കുതിച്ചു. സിഐടിയുവിന്റെ ജില്ലാ സെക്രട്ടറിയുംപ്രസിഡന്റുമായ വാസവൻ സിപിഎം ജില്ലാ നേതൃത്വത്തിലും എത്തി. സിപിഎം സംസ്ഥാന സമിതിയിലും സിഐടിയു കേന്ദ്ര കമ്മിറ്റിയിലും വാസവനെത്തി. എല്ലാ വർഷവും മേയ് ദിനത്തിൽ  പാമ്പാടിയിൽ കൂറ്റൻ റാലികൾ നടത്തി. 

നവലോകം പുതുലോകം

തൊഴിലാളി നേതാവിൽ നിന്നു മറ്റു മേഖലകളിലേക്കു വളർന്നതാണ് വാസവന്റെ വിജയം. പൊൻകുന്നം വർക്കിയുടെ പാമ്പാടിയിലെ വീടു കേന്ദ്രീകരിച്ചു രണ്ടര പതിറ്റാണ്ടു മുൻപ് നവലോകം സാംസ്കാരിക കേന്ദ്രം ആരംഭിച്ചു. പൊൻകുന്നം വർക്കി ശാരീരിക വിഷമത മൂലം ബുദ്ധിമുട്ടുന്ന കാലം.  എഴുത്തച്ഛൻ പുരസ്കാരം ഘോഷയാത്രയോടെ പൊൻകുന്നം വർക്കിയുടെ വീട്ടിലെത്തിക്കാനുള്ള ആശയം വാസവന്റേതായിരുന്നു.  തുടർന്ന് നവലോകത്തിന്റെ കലാസംഗമങ്ങളിലേക്ക് എം.ടി. വാസുദേവൻ നായർ, മമ്മൂട്ടി, യേശുദാസ് തുടങ്ങിയവരെത്തി. 

ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായിരിക്കെ മുൻകൈയെടുത്ത് ആരംഭിച്ചതാണ് റബ്കോ. അഭയം ചാരിറ്റബിൾ സൊസൈറ്റി ജീവകാരുണ്യ പ്രവർത്തനങ്ങളിലും വാസവൻ ഇറങ്ങി. ചിട്ടയായ ജീവിതമാണ് വാസവന്റെ കൈമുതൽ. പുലർച്ചെ എഴുന്നേൽക്കും. നടപ്പു മുടക്കില്ല. സൂര്യനമസ്കാരം ഉൾപ്പെടെ യോഗ കൃത്യമായി ചെയ്യും. ആർക്കും എന്തും വാസവനോട് ചോദിക്കാം. ഉത്തരം നൽകാത്തത് രണ്ടു കാര്യങ്ങളിൽ മാത്രം. തലമുടി ചീകുന്നതിലെ രഹസ്യവും   പിന്നെ വടി പോലുള്ള ഷർട്ടിന്റെ രഹസ്യവും. 

ജനപക്ഷ വികസനം വരും

അഞ്ചു വർഷങ്ങൾക്കു ശേഷം കോട്ടയത്തിന് മന്ത്രിസ്ഥാനം. നിയുക്ത മന്ത്രി വി.എൻ. വാസവൻ സംസാരിക്കുന്നു

∙വികസന രംഗത്ത് ജില്ലയ്ക്ക് എന്തൊക്കെ പ്രതീക്ഷിക്കാം...

മൂന്നു കാര്യങ്ങളിലൂന്നിയുള്ള വികസനത്തിനു മുൻതൂക്കം നൽകും. ഉൽപാദന മേഖല, പശ്ചാത്തല മേഖല, സേവന മേഖല എന്നിവയാണത്. ഇവ വികസിക്കുന്നതോടെ നാടിനു വികസനമാകും. അതിനായുള്ള പദ്ധതികൾ ആവിഷ്കരിക്കും. നടപ്പാക്കും.സാധാരണക്കാരന് ജോലി ചെയ്തു ജീവിക്കാൻ സഹായിക്കുന്ന പദ്ധതികൾ നടപ്പാക്കും.

∙മുൻഗണന നൽകുന്ന പദ്ധതികൾ 

അക്ഷര നഗരമായ കോട്ടയത്തിന്റെ പാരമ്പര്യത്തിനു ചേർന്ന തരത്തിൽ സാംസ്കാരിക മേഖലയിൽ വികസനം ഉറപ്പാക്കും. മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പൂർത്തിയാക്കും. 

∙ജില്ലയ്ക്ക് സ്വപ്ന പദ്ധതികൾ ലഭിക്കുമോ

കോട്ടയത്തെ വിദ്യാഭ്യാസ ഹബാക്കി മാറ്റും. എംജി സർവകലാശാലയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തും. മെ‍ഡിക്കൽ കോളജിനെ മികച്ച ചികിത്സാ കേന്ദ്രമാക്കി മാറ്റും. 

∙യുഡിഎഫ് കോട്ടയെന്ന നിലയിൽ കാലങ്ങളോളം യുഡിഎഫ് സർക്കാരുകളാണ് ജില്ലയിൽ വികസനത്തിന് ദിശ പാകിയത്. പുതിയ മന്ത്രിസഭ വരുന്നു. വികസനത്തിൽ എന്തു മാറ്റം പ്രതീക്ഷിക്കാം.

ജനോപകാരപ്രദമായ വികസന പദ്ധതികളാണ് നടപ്പാക്കേണ്ടത്. അവയ്ക്കു മുൻതൂക്കം നൽകും. ഇടതു സർക്കാരുകൾ പലപ്പോഴായി ആരംഭിച്ച പദ്ധതികൾ മുടങ്ങിക്കിടക്കുന്നുണ്ട്. അവയും പൂർത്തിയാക്കണം. ജില്ലാ ആസ്ഥാനമായ കോട്ടയത്തിനു പ്രത്യേക വികസന പദ്ധതി കൊണ്ടു വരും.

∙പ്രളയമാണ് കോട്ടയം നേരിടുന്ന പ്രധാന പ്രശ്നം. പ്രളയ നിവാരണത്തിനു നടപടിയെടുക്കുമോ.

 ഉടനെ തുടങ്ങാൻ പോകുന്ന പദ്ധതികളിലൊന്നാണിത്. സമഗ്രമായ പദ്ധതി തയാറാക്കിയിട്ടുണ്ട്. അവ ഉടൻ നടപ്പാക്കും.

∙ആദ്യ പദ്ധതി ഏതായിരിക്കും. 

ആദ്യ പരിഗണന കോവിഡ് പ്രതിരോധ പ്രവർത്തനത്തിനാണ്. സമഗ്രമായ പ്രതിരോധ സംവിധാനം ഉടൻ നടപ്പാക്കും.

∙മന്ത്രിയെന്ന നിലയിൽ ആരാണ് മാതൃക. ഏതെങ്കിലും മുൻ മന്ത്രിമാരെ മാതൃകയാക്കുമോ.

ഏറ്റവും നല്ല മാതൃക   മുഖ്യമന്ത്രി തന്നെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com