ADVERTISEMENT

പാലാ ∙ കരിങ്ങോഴയ്ക്കൽ വീടിന്റെ വരാന്തയിൽ തൊഴുകൈകളോടെ നിന്ന റോഷി അഗസ്റ്റിനെ കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. പാർട്ടി ചെയർമാൻ ജോസ് കെ. മാണി റോഷിയെ കെട്ടിപ്പുണർന്നു.17നു രാത്രി പതിനൊന്നിനാണു റോഷി ഇടുക്കിയിൽനിന്നു ചക്കാമ്പുഴയിലെ ചെറുനിലത്തുചാലിൽ വീട്ടിലെത്തിയത്. 

മകൻ മന്ത്രിയാകുന്നു എന്നറിഞ്ഞതു മുതൽ കാത്തിരിക്കുകയായിരുന്നു റോഷിയുടെ അച്ഛൻ കൊച്ചേട്ടൻ എന്ന അഗസ്റ്റിനും‍ ‍അമ്മ ലീലാമ്മയും. മാതാപിതാക്കളെ കെട്ടിപ്പിടിച്ച് റോഷി സന്തോഷം പങ്കിട്ടു. ഇടവക ദേവാലയമായ ചക്കാമ്പുഴ ലൊറേത്ത് മാതാ പള്ളിയിലെത്തി പ്രാർഥിച്ചശേഷമാണ് വീട്ടിലെത്തിയത്. വികാരി ഫാ. ജയിംസ് വയലിനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി.

രാവിലെ 8ന് വീട്ടിൽ നിന്നു തിരിച്ച റോഷി പാലാ കത്തീഡ്രലിലെ  കെ.എം. മാണിയുടെ കല്ലറയിലാണ് ആദ്യമെത്തിയത്. മക്കളായ ആൻ മരിയ, എയ്ഞ്ചൽ മരിയ, അഗസ്റ്റിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. തുടർന്ന് കരിങ്ങോഴയ്ക്കൽ വീട്ടിലേക്ക്. കുട്ടിയമ്മയുടെ അനുഗ്രഹം വാങ്ങി. ജോസ് കെ. മാണിയുമായി ഒരു മണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്കു ശേഷമാണ് തിരുവനന്തപുരത്തേക്കു പോയത്.

കെ.എം.മാണിയുടെ രാഷ്ട്രീയ പാരമ്പര്യത്തിന്റെയും വികസന കാഴ്ചപ്പാടുകളുടെയും പിന്തുടർച്ചയാണ് ഉണ്ടാവുക. അദ്ദേഹത്തിന്റെ വീട്ടിൽ നിന്നാണ് പുതിയ ഉത്തരവാദിത്തവും യാത്രയും ആരംഭിക്കുന്നത്. കേരള കോൺഗ്രസിന്റെ നയപരമായ കാര്യങ്ങൾ ചെയർമാനുമായി ആലോചിച്ചു തീരുമാനിക്കും. പാർട്ടിക്ക് വിധേയനായിരിക്കും.- റോഷി അഗസ്റ്റിൻ

മന്ത്രിസഭയിലും എൽഡിഎഫിലും കേരള കോൺഗ്രസിന് (എം) അർഹമായ പരിഗണന ലഭിച്ചു. വകുപ്പിന്റെ കാര്യത്തിലും ഈ പരിഗണന ലഭിക്കും.- ജോസ് കെ.മാണി

അവസാനവാക്ക് ജോസ് തന്നെ

കോട്ടയം ∙ രണ്ടില ഇനി കേരള കോൺഗ്രസിനു (എം) ചിഹ്നം മാത്രമല്ല, പാർട്ടി നയം കൂടിയാകും. പാർട്ടി ചെയർമാൻ ജോസ് കെ. മാണിയും മന്ത്രിയും പാർലമെന്ററി പാർട്ടി ലീഡറുമായ റോഷി അഗസ്റ്റിനും ഒരു ഞെട്ടിലെ രണ്ടിലകളായി പ്രവർത്തിച്ചാകും ഇനി പാർട്ടിയുടെ വളർച്ച. ചെയർമാൻ ജോസ് കെ. മാണിയുടെ അടുത്ത നീക്കങ്ങളാണ് പാർട്ടിക്കു നിർണായകം.  ജോസ് കെ. മാണിക്ക് അർഹമായ പദവി നൽകുമെന്ന് സിപിഎം ഉറപ്പു നൽകിയിട്ടുണ്ട്. ഇടതു മുന്നണിയിൽ ജോസ് കെ. മാണിക്ക് വ്യക്തമായ അധികാരവും സ്ഥാനവും ഉറപ്പു നൽകുന്നതായിരിക്കും ഈ പദവി.  

അതേസമയം പദവി എന്താണെന്ന് സിപിഎം സൂചന നൽകിയിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ കേരള കോൺഗ്രസ് (എം) ഇക്കാര്യം ആവശ്യപ്പെട്ടുമില്ല,. കേരള കോൺഗ്രസിന് (എം) രണ്ടാംമന്ത്രി സ്ഥാനം നൽകാതിരുന്നതതും ഭാവിയിൽ നൽകേണ്ട പദവി മുന്നിൽ കണ്ടാണെന്നും സൂചനയുണ്ട്. രാജ്യസഭാ എംപി സ്ഥാനം, കാബിനറ്റ് പദവിയുള്ള മറ്റൊരു സ്ഥാനം എന്നിവയിൽ ഒന്ന് ജോസിന് ലഭിച്ചേക്കും. കേരള കോൺഗ്രസ് (എം) എൽഡിഎഫിൽ കക്ഷിയായപ്പോൾ ജോസ് കെ. മാണി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചിരുന്നു.  രണ്ടര വർഷത്തോളം കാലാവധിയുണ്ടായിരുന്നു. 

അധികാര തർക്കമില്ലാതെ പാർട്ടിയെ മുന്നോട്ടു കൊണ്ടു പോകുകയെന്നതാണ് ജോസിന്റെ  മുന്നിലെ വെല്ലുവിളി. അധികാരമുള്ള നേതാവിന്റെ പിന്നിൽ അണിനിരക്കുന്നതാണ് കേരള കോൺഗ്രസുകളിലെ നടപ്പുരീതി. 1976 ൽ ചെയർമാനായ കെ.എം. ജോർജിനെ വിട്ട് പാർലമെന്ററി പാർട്ടി ലീഡറായ കെ.എം. മാണിക്കു പിന്നിൽ അണിനിരന്നു.  2011 ൽ കെ.എം. മാണി ഏറ്റെടുത്തതോടെയാണ് ചെയർമാൻ പദവിക്കു രാഷ്ട്രീയ പുനർജന്മം ലഭിച്ചത്. 

എന്നാൽ 1976 ലെ സാഹചര്യമല്ല ഇപ്പോൾ. ജോസ് കെ മാണിയുടെ വിശ്വസ്തനാണ് റോഷി. പി.ജെ. ജോസഫുമായി പിണങ്ങി പാർട്ടി  പിളർന്നപ്പോൾ ജോസിനൊപ്പം റോഷിയും ജയരാജും ഉറച്ചു നിന്നു. തർക്കങ്ങളില്ലാതെയാണ് റോഷിയെ മന്ത്രിപദത്തിലേക്ക് ഉയർത്തിയത്. പുതുമുഖ എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ എന്നിവരും പിളർപ്പു കാലഘട്ടത്തിൽ ജോസിനൊപ്പം നിന്നവരാണ്. എൽഡിഎഫുമായുള്ള ചർച്ചകൾ നയിക്കുന്നതും തീരുമാനങ്ങളെടുക്കുന്നതും ജോസ് കെ. മാണിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com