ADVERTISEMENT

ബസിന്റെ നമ്പർ നോക്കി യാത്രക്കാർ കയറുന്നത് മെട്രോ നഗരങ്ങളിലാണ്. ഇന്നലെ ഗ്രാമങ്ങളിലും യാത്രക്കാർ ബസിന്റെ നമ്പർ നോക്കി നിന്നു

കോട്ടയം ∙ ബസിന്റെ പേരായിരുന്നു ഇതുവരെ യാത്രക്കാർ നോക്കിയിരുന്നത്. ഇനി ബസുകളുടെ നമ്പറും നോക്കണമല്ലോ; യാത്രക്കാരന്റെ ചിന്ത ഇങ്ങനെ. കണ്ടക്ടറുടെ ബാഗിൽ ഒരക്കവും വീഴുന്നില്ലെന്ന് ഉടമകൾ. സ്വകാര്യ ബസുകളുടെ അക്ക നിയന്ത്രണം തുടങ്ങിയ ഇന്നലെ കൂടുതൽ ‘ഓടിയത് ’ ആശയക്കുഴപ്പവും ആശങ്കയും. എങ്കിലും ബസുകൾ ഓടിത്തുടങ്ങിയതോടെ നാടു വീണ്ടും തിരക്കിലായി. ചില റൂട്ടുകളിൽ ബസ് ഓടിയില്ല. നമ്പർ നിയന്ത്രണം മനസ്സിലാക്കുന്നതിലെ ആശയക്കുഴപ്പം മൂലം ചില സ്ഥലങ്ങളിൽ ഒറ്റയും ഇരട്ടയും നമ്പറുകളുള്ള വണ്ടികളും ഓടി. പല സ്ഥലത്തും ബസിൽ കൂടുതൽ യാത്രക്കാരെ കണ്ടതോടെ പൊലീസ് താക്കീതു ചെയ്തുവിട്ടു. ബസു വരുമെന്നു കരുതി സ്റ്റോപ്പുകളിൽ മണിക്കൂറുകൾ കാത്തിരുന്നു മടങ്ങിയവരുമുണ്ട്. ആൾത്തിരക്കു മൂലം പല സ്റ്റോപ്പിലും ബസ് നിർത്തിയില്ല.

ഓടിയവരും ഓടാത്തവരും

60 ബസുകൾ സർവീസ് നടത്തിയിരുന്ന കോട്ടയം– എറണാകുളം റൂട്ടിൽ ഇന്നലെ 7 എണ്ണം മാത്രമാണ് ഓടിയത്. കോട്ടയം – പരിപ്പ് റോഡിൽ ഇന്നലെ ബസ് ഓടിയില്ല. വേമ്പനാടിന്റെ 4 ബസ് ചേർത്തല റൂട്ടിൽ ഓടി. കുളത്തൂർമുഴി - പത്തനാട് റൂട്ടിലും ബസ് ഓടിയില്ല. കാഞ്ഞിരപ്പള്ളി മേഖലയിൽ 25 ബസുകൾ സർവീസ് നടത്തി. ഈരാറ്റുപേട്ട മേഖലയിൽ 9 ബസുകളാണ് ഓടിയത്. കാഞ്ഞിരപ്പള്ളിയിൽ നിന്നു മണിമല, തമ്പലക്കാട്, ഇടക്കുന്നം, പാലപ്ര, എന്നിവിടങ്ങളിലേക്ക് ഇന്നലെ ബസ് സർവീസ് നടത്തിയില്ല. ചേനപ്പാടിയിലേക്ക് ഒരു ബസ് മാത്രമാണു പോയത്.

കടുത്തുരുത്തി മേഖലയിൽ ഞീഴൂർ, മരങ്ങോലി, എഴുമാന്തുരുത്ത്, ആയാംകുടി, കല്ലറ, മാഞ്ഞൂർ സൗത്ത്, കാഞ്ഞിരത്താനം തുടങ്ങിയ ഉൾനാടൻ ഗ്രാമങ്ങളിലേക്കു ബസ് ഓടിയില്ല. വെള്ളൂർ, ചെമ്മനത്തുകര, ബ്രഹ്മമംഗലം, ചെമ്മനാകരി, കല്ലറ, നേരേകടവ്, കൈപ്പുഴമുട്ട്, മൂത്തേടത്തുകാവ് തുടങ്ങിയ റൂട്ടുകളിൽ ബസ് ഇല്ലാത്ത അവസ്ഥ. പാലായിൽ ഇന്നലെ 18 ബസുകൾ സർവീസ് നടത്തി. 250 ബസുകൾ പോകുന്ന സ്റ്റാൻഡ് വിജനമായിരുന്നു.

ഉടമകളുടെ പ്രശ്നങ്ങൾ

ശനിയും ഞായറും ലോക്ഡൗണായതിനാൽ മാസത്തിൽ 10 ദിവസമേ ഓട്ടം ലഭിക്കൂ. ഇത്രയും ദിവസം ഓടിച്ചാലും ഒരു മാസത്തെ ടാക്സും ഇൻഷുറൻസും നൽകണം. ആഴ്ചയിലെ സർവീസുകൾ ചുരുങ്ങുന്നതോടെ സ്ഥിരം യാത്രക്കാരെ നഷ്ടമാകും. ഒരു ബസ് മാത്രമുള്ള ഉടമയ്ക്കു പ്രതിദിനം ലഭിച്ചിരുന്നത് 1,000 മുതൽ 1,500 രൂപ വരെ മിച്ചമാണ്. ഇതു പൂർണമായി നിലച്ചു.

ഒന്നര മണിക്കൂർ കാത്തുനിന്നു. എന്നിട്ടെത്തിയ ബസിൽ തിരക്കുണ്ടായിരുന്നു. ഇതിനിടെ എവിടെഅകലം ! ഇടിച്ചു തള്ളി പുറത്തിറങ്ങിയതോടെ സാനിറ്റൈസറിൽ ഒന്നു ചെറുതായി കുളിച്ച് ഓഫിസിലേക്കു കയറി.
ആർ. സീമ, പെരിഞ്ചേരിൽ, ചിറക്കടവ്.

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ ദിവസം 240 ബസുകൾ കടന്നു പോകും. ഇന്നലെ 25 ബസുകളാണ് എത്തിയത്.
പി.കെ.കാസിം വലിയപമ്പിൽ,അനൗൺസർ, കാഞ്ഞിരപ്പള്ളി സ്റ്റാൻഡ്

കൃത്യ സമയത്തു സർവീസ് നടത്തിയാലേ യാത്രക്കാരെ ലഭിക്കൂ. ഇന്ധന വില വർധന ഉൾപ്പെടെ പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴാണ് പുതിയ പരിഷ്കാരം. ഇതു ബസ് വ്യവസായ മേഖലയെ തകർക്കും.
പോൾ അലക്സ്, ജില്ലാ ട്രഷറർബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

ഒറ്റയക്കവും ഇരട്ടയക്കവും ഉണ്ടെങ്കിലും സർവീസ് നടത്തിയാൽ പോക്കറ്റിൽ ഒരക്കവും വീഴുന്നില്ല. 2 ബസുകളിൽ ഒരെണ്ണം ഓടാതെ 2 വർഷം പിന്നിട്ടു. ഒരെണ്ണം കോവിഡ് ആദ്യഘട്ടത്തിനു ശേഷം ഓടിയെങ്കിലും നഷ്ടമായി. അതുകൊണ്ട് ഇത്തവണ സർവീസ് തുടങ്ങിയിട്ടില്ല.
പി.എസ്. അലി, ബസ് ഉടമ, മുണ്ടക്കയം

ഒറ്റ നമ്പർ ബസാണു കോട്ടയത്തു കൂടുതലായി ഓടുന്നത്. നിയന്ത്രണം ഉടമകൾക്കു വലിയ നഷ്ടം ഉണ്ടാകുന്നതായി പറയുന്നുണ്ട്. ബസ് ഓടിയാലേ അനൗൺസ്മെന്റ് ജീവനക്കാർക്കും വരുമാനം ലഭിക്കൂ.
കെ.എൻ. രാജു,ജില്ലാ സെക്രട്ടറി. പ്രൈവറ്റ് ബസ് സ്റ്റാൻഡ് ടൈം കീപ്പിങ് യൂണിയൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com