ADVERTISEMENT

ചങ്ങനാശേരി ∙ വിദ്യാഭ്യാസ മേഖലയിൽ മിഷനറിമാർ നൽകിയ സംഭാവനകൾ അമൂല്യമാണെന്നും വിദ്യാഭ്യാസത്തിന്റെ വെളിച്ചം വിതറുന്ന പ്രകാശഗോപുരങ്ങളായി നിന്ന് അനേകായിരം മനുഷ്യരെ നയിച്ച അനുഗൃഹീതചരിത്രമാണു കേരളത്തിൽ മിഷനറിമാർക്കുള്ളതെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു. എസ്ബി കോളജിന്റെ നൂറാം സ്ഥാപകദിനത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കിടയിൽ സവിശേഷസ്ഥാനം അലങ്കരിക്കുന്ന എസ്ബി കോളജ് സമൂഹത്തിനു നൽകുന്ന അമൂല്യ സംഭാവനകളെ കൃതജ്ഞതയോടെ വിലയിരുത്തുന്നതായും മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഭരണഘടന അനുവദിച്ചു തന്നിരിക്കുന്ന ചില അവകാശങ്ങളാണ് എസ്ബി പോലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനിൽപിനു കാരണമാകുന്നതെന്നും അതു തുടരാൻ ഇടയാകണമെന്നും അധ്യക്ഷപ്രസംഗത്തിൽ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. 

അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണവും ശതാബ്ദി സ്മാരകമായി ഏർപ്പെടുത്തിയിട്ടുള്ള 100 സ്കോളർഷിപ്പുകളുടെ വിതരണവും നിർവഹിച്ചു. എസ്ബി കോളജ് രൂപകൽപന ചെയ്ത മൊബൈൽ ആപ്ലിക്കേഷൻ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. ജോബ് മൈക്കിൾ എംഎൽഎ വാർത്താപത്രികയുടെ പ്രകാശനവും കാളാശേരി മെമ്മോറിയൽ സ്കോളർഷിപ് വിതരണവും നിർവഹിച്ചു. മനുഷ്യാവകാശ കമ്മിഷൻ ചുമതലയുള്ള ഡിജിപി ടോമിൻ ജെ.തച്ചങ്കരി ചെറിയതുണ്ടം സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. അന്തർ വൈജ്ഞാനിക ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം കൊളീജിയറ്റ് എജ്യുക്കേഷൻ ഡപ്യൂട്ടി ഡയറക്ടർ ആർ.പ്രഗാഷ് നിർവഹിച്ചു. 

സുവോളജി മ്യൂസിയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു കോളജ് അലമ്നൈ കാനഡ ചാപ്റ്റർ നൽകിയ സംഭാവന, മദർ ചാപ്റ്റർ പ്രസിഡന്റ് ഡോ. എൻ.എം.മാത്യു കോളജ് രക്ഷാധികാരി മാർ ജോസഫ് പെരുന്തോട്ടത്തിനു കൈമാറി. കോളജ് മാനേജർ ഫാ.ഡോ. തോമസ് പാടിയത്ത്, കോളജ് പ്രിൻസിപ്പൽ ഫാ. റെജി പി. കുര്യൻ, നഗരസഭാധ്യക്ഷ സന്ധ്യ മനോജ്, കൗൺസിലർ ബീന ജിജൻ എന്നിവർ പ്രസംഗിച്ചു.കോളജിലെ വിശാലമായ മാർ ചാൾസ് ലവീഞ്ഞ് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങെങ്കിലും വേദിയിലുള്ള വിശിഷ്ടാതിഥികൾക്കു മാത്രമേ പ്രവേശനം അനുവദിച്ചുള്ളൂ. സദസ്സ് ഉണ്ടായിരുന്നില്ല. പരിപാടി ലൈവായി സംപ്രേഷണം ചെയ്യാനുള്ള സംവിധാനം എർപ്പെടുത്തി. 

മന്ത്രി ‍ഡോ. ആർ.ബിന്ദു നിലവിളക്കു തെളിച്ചപ്പോൾ പൂർവവിദ്യാർഥികളായ 100 പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്നു തിരി തെളിച്ചും മരങ്ങൾ നട്ടും പങ്കാളികളായി.  പൂർവ വിദ്യാർഥിയും കവിയും നോവലിസ്റ്റും ഗാനരചയിതാവുമായ ഡോ.മനോജ് കുറൂർ രചിച്ച്, ശ്രീവത്സൻ മേനോൻ ചിട്ടപ്പെടുത്തിയ എസ്ബി കോളജ് ശതാബ്ദിഗാനം കോളജ് ഗായകസംഘം അവതരിപ്പിച്ചു. പൂർവാധ്യാപകനായ പ്രഫ. തോമസ് കണയൻപ്ലാവൻ കോളജിനെക്കുറിച്ചു രചിച്ച കവിത വിദ്യാർഥിനി സുധാമണി ആലപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com