ADVERTISEMENT

കാഞ്ഞിരപ്പള്ളി ∙ നഗരത്തിൽ ജ്വല്ലറിയുടെ പിൻഭാഗത്തെ ഭിത്തി തുരന്ന് 4 പവൻ സ്വർണാഭരണങ്ങളും 2 കിലോ വെള്ളി ആഭരണങ്ങളും മോഷ്ടിച്ചു.പേട്ടക്കവലയിൽ ഈരാറ്റുപേട്ട റോഡിലെ ലക്ഷ്മി ജ്വല്ലറിയിലാണു മോഷണം. അലമാരകളിൽ വച്ചിരുന്ന സ്വർണ മോതിരങ്ങൾ, കമ്മലുകൾ, വെള്ളി അരഞ്ഞാണം, പാദസരം തുടങ്ങിയവയാണു നഷ്ടപ്പെട്ടത്. ലോക്കറിന്റെ പൂട്ടു പൊളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.രാവിലെ പത്തിനു കട തുറന്നപ്പോഴാണു മോഷണവിവരം അറിയുന്നത്.

സഹോദരങ്ങളായ പി.വി. ഗോപാലകൃഷ്ണനും പി.വി.സുരേഷ് കുമാറുമാണ് ഉടമകൾ. ഓർഡർ അനുസരിച്ച് ആഭരണങ്ങൾ നിർമിച്ചു നൽകുന്ന ജ്വല്ലറിയാണിത്. ലോക്കറിൽ അഞ്ച് പവൻ സ്വർണാഭരണങ്ങളും മൂന്നു കിലോ വെള്ളി ആഭരണങ്ങളും സൂക്ഷിച്ചിരുന്നതായി ഉടമകൾ പൊലീസിനോടു പറഞ്ഞു. ചെറിയ ലോക്കറിൽ ഇടമില്ലാത്തതിനാലാണ് മറ്റ് ആഭരണങ്ങൾ അലമാരയിൽ വച്ചതെന്ന് അവർ അറിയിച്ചു.

 മോഷണം നടന്ന ജ്വല്ലറി.
മോഷണം നടന്ന ജ്വല്ലറി.

മോഷണം ഇങ്ങനെ

കടയുടെ പിൻഭാഗത്തെ ഭിത്തിയിൽ രണ്ടടിയോളം വ്യാസത്തിൽ വൃത്താകൃതിയിൽ തുരന്നാണു മോഷ്ടാക്കൾ അകത്തുകയറിയത്. ഇതിനുപയോഗിച്ചതെന്നു കരുതുന്ന വീൽ സ്പാനർ സമീപത്തു നിന്നു കണ്ടെടുത്തു. കട്ടിങ് മെഷീനുകൾ ഉപയോഗിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു. ഈ ഭാഗത്തു മറ്റു വലിയ കെട്ടിടങ്ങളുടെ ഭിത്തിയുള്ളതിനാൽ പുറത്തുനിന്നു നോക്കിയാൽ കാണാനാവില്ല.ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ശാസ്ത്രീയ അന്വേഷണ വിഭാഗം എന്നിവർ പരിശോധന നടത്തി. കടയുടെ പിന്നിലുള്ള ലോഡ്ജിനു സമീപത്തെ ഇടവഴിയിലൂടെ 250 മീറ്ററോളം ഓടിയ പൊലീസ് നായ ഇൗരാറ്റുപേട്ട റോഡിലേക്കു പ്രവേശിക്കുന്ന പേട്ട വാർഡ് റോഡിലെത്തി നിന്നു. ഇതിനിടെ രണ്ടാൾ ഉയരമുള്ള മതിലിനു സമീപവും നായ അൽപനേരം നിന്നു. കോട്ടയം കെ 9 ഡോഗ് സ്ക്വാഡിലെ ടി. ശ്രീകുമാർ, പി.ജെ. ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ചേതക് എന്ന നായയാണ് അന്വേഷണത്തിനെത്തിയത്.

ചേലേമ്പ്ര മോഡൽ മോഷണം

സ്ഥലവും സാഹചര്യങ്ങളും പഠിച്ച ശേഷം വ്യക്തമായ ആസൂത്രണത്തോടെ നടന്ന മോഷണത്തിനു പിന്നിൽ സമാന രീതിയിൽ മോഷണം നടത്തി പരിചയമുള്ള സംഘമാണെന്നു പൊലീസ് സംശയിക്കുന്നു. വർഷങ്ങൾക്കു മുൻപു മലപ്പുറം ചേലേമ്പ്രയിൽ ബാങ്ക് കുത്തിത്തുറന്ന മോഷണത്തിനു സമാനമാണ് ഇത്. ഭിത്തി തുരന്ന് അകത്തു കയറിയതും മോഷണത്തിനായി അവധി ദിനങ്ങൾ തിരഞ്ഞെടുത്തതും ഇതു സൂചിപ്പിക്കുന്നു. സംസ്ഥാനത്തു മുൻപു നടന്ന ഇത്തരം കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

കടയും പരിസരവും മനസ്സിലാക്കിയ ശേഷമാണു മോഷണം. കടയുടെ ഉള്ളിലും പിൻഭാഗത്തും സിസിടിവി ക്യാമറകളില്ല. സമീപ സ്ഥാപനങ്ങളുടെ ക്യാമറകൾ പരിശോധിക്കും. മോഷ്ടാക്കൾ പിൻഭാഗത്തുള്ള വഴിയിലൂടെയാണു കടന്നത്. (എൻ. ബിജു, പൊലീസ് ഇൻസ്പെക്ടർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com