ADVERTISEMENT

പാമ്പാടി ∙ കെഎസ്ആർടിസി സബ് ഡിപ്പോ പാമ്പാടി കേന്ദ്രീകരിച്ചു പ്രവർത്തനം തുടങ്ങണമെന്ന് ആവശ്യം. ദേശീയ പാതയിൽ കൂടി കടന്നു പോകുന്ന കെഎസ്ആർടിസി ബസുകൾക്കു പുറമേ ദീർഘദൂര ബസുകൾ കൂടി ഇവിടെ നിന്നു സർവീസ് തുടങ്ങുന്ന വിധത്തിലുള്ള സൗകര്യം വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നിലവിൽ പാമ്പാടി, കൂരോപ്പട, മീനടം, പള്ളിക്കത്തോട് തുടങ്ങിയ മേഖലയിലെ യാത്രക്കാർക്ക് ദീർഘദൂര യാത്രയ്ക്കായി കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിലെത്തണം. 

തിരുവനന്തപുരം, എറണാകുളം ഉൾപ്പെടെയുള്ള ദൂര സ്ഥലങ്ങളിലേക്ക് ഈ പ്രദേശങ്ങളിൽ നിന്ന് ദിവസേന ഒട്ടേറെ യാത്രക്കാരുണ്ട്. പാമ്പാടി ബസ് സ്റ്റാൻഡിലെ സ്ഥലം പൂർണമായും ബസുകൾക്കു വേണ്ടി നീക്കി വച്ചാൽ കെഎസ്ആർടിസി ഡിപ്പോ താൽക്കാലികമായി ഇവിടെ നിന്നു തന്നെ പ്രവർത്തിപ്പിക്കാം. 2 പതിറ്റാണ്ട് മുൻപ് കെഎസ്ആർടിസിയുടെ താൽക്കാലിക ഓഫിസ് പാമ്പാടി ബസ് സ്റ്റാൻഡിനു സമീപത്തു പ്രവർത്തിക്കുകയും ചെയ്തിരുന്നതാണ്. പാമ്പാടിയിൽ നിന്നു കറുകച്ചാൽ, ചങ്ങനാശേരി വഴി തിരുവനന്തപുരത്തേക്ക് ബസ് സർവീസ് ആരംഭിച്ചാ‍ൽ ദൂരവും സമയവും ലാഭിക്കാം. 

എറണാകുളം യാത്രക്കാരുടെ അവസ്ഥയും ഇതുതന്നെ. അതേസമയം പാമ്പാടിയിൽ നിന്നു മണർകാട് –ഏറ്റുമാനൂർ വഴി എറണാകുളം സർവീസ് ആരംഭിച്ചാൽ യാത്രക്കാർക്ക് ഏറെ സമയം ലാഭിക്കാം. പാമ്പാടി –പള്ളിക്കത്തോട്–പാലാ, പാമ്പാടി–പള്ളിക്കത്തോട്–പൊ‍ൻകുന്നം, പാമ്പാടി–കറുകച്ചാൽ– ചങ്ങനാശേരി, പാമ്പാടി–കറുകച്ചാൽ–മല്ലപ്പള്ളി തുടങ്ങിയ റൂട്ടുകളിലും സർവീസ് തുടങ്ങിയാൽ കെഎസ്ആർ‌ടിസിക്കു ലാഭകരമായി സർവീസ് നടത്താൻ സാധിക്കും. 

ഈ സ്ഥലങ്ങളിലേക്കു ഗ്രാമപ്രദേശങ്ങൾ വഴിയുള്ള മികച്ച റോഡുകൾ ഉള്ളതിനാൽ കൂടുതൽ യാത്രക്കാർക്കു പ്രയോജനപ്പെടുന്ന വിധത്തിൽ റൂട്ടുകൾ ക്രമീകരിക്കാനും സാധിക്കും. മണർകാട് പള്ളി, പുതുപ്പള്ളി പള്ളി , പാമ്പാടി ദയറ തുടങ്ങിയ പ്രമുഖ ആരാധനാലയങ്ങളെ കൂടി ബന്ധിപ്പിച്ചു സർവീസ് ആരംഭിക്കേണ്ടതുണ്ട്. നേരത്തെ പാമ്പാടി ദയറ–പരുമല പള്ളി, പാമ്പാടി–ചക്കുളത്തുകാവ് തുടങ്ങിയ സ്ഥലങ്ങളിലേക്കുൾപ്പെടെ കെഎസ്ആർടിസി ബസുകൾ  ദീർഘനാൾ സർവീസ് നടത്തിയിരുന്നു. മേഖല വഴിയുള്ള പല ബസുകളും സർവീസ് മുടക്കിയിട്ടും പുഃനസ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടുമില്ല. 

ഇതിനെല്ലാം പരിഹാരമായി പാമ്പാടി കേന്ദ്രീകരിച്ചു ഒരു സബ് ഡിപ്പോ തുടങ്ങി ദീർഘദൂര യാത്രക്കാർക്കുൾപ്പെടെ പ്രയോജനപ്പെടുന്ന വിധത്തിലുള്ള സൗകര്യം ആരംഭിക്കുകയാണ് വേണ്ടത്. നിലവിൽ കോട്ടയം, പൊ‍ൻകുന്നം ഡിപ്പോകളിൽ നിന്നു സർവീസ് തുടങ്ങുന്ന ബസുകളിൽ ചിലത് പാമ്പാടിയിൽ നിന്നു സർവീസ് തുടങ്ങുന്ന സംവിധാനം ഏർപ്പെടുത്തിയാൽ സബ് ഡിപ്പോയുടെ പ്രവർത്തനം ഉടൻ തുടങ്ങാൻ  സാധിക്കും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com