ADVERTISEMENT

വെംബ്ലി ∙ യൂറോ കപ്പ് ഫുട്ബോൾ ഫൈനലിൽ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടും ഇറ്റലിയും ഏറ്റുമുട്ടുമ്പോൾ കൊക്കയാർ പഞ്ചായത്തിലെ മലമടക്കുകളിലും ആരവം ഉയരും, കാരണം, ചെന്നൈയിൽ ഒരു പാരിസുണ്ടെന്ന് പറയുംപോലെയാണ്. ഇംഗ്ലണ്ടിൽ മാത്രമല്ല, ഇങ്ങു കോട്ടയം ജില്ലാ അതിർത്തിയിലുമുണ്ട് വെംബ്ലി! കോട്ടയം– ഇടുക്കി ജില്ലകളുടെ അതിർത്തിയിലെ കൊക്കയാർ പഞ്ചായത്തിലെ കൊച്ചുഗ്രാമമാണ് വെംബ്ലി.

പേരിനൊരു ഫുട്ബോൾ ഗ്രൗണ്ട് പോലുമില്ലാത്ത ഈ മലയോരഗ്രാമത്തിന് വെംബ്ലി എന്ന പേരു കിട്ടിയത് ഇംഗ്ലണ്ടിൽ നിന്നാണെന്നു കരുതുന്നു. ജെ.ജെ. മർഫി സായ്പ് ഉൾപ്പെടെയുള്ളവർ എത്തിയ ഈ മേഖലയിൽ വെംബ്ലി എന്ന പേരു വന്നതു ബ്രിട്ടിഷുകാരിൽനിന്നാണ്. 2007ൽ പുനർനിർമാണം പൂർത്തിയാക്കിയ വെംബ്ലി സ്റ്റേഡിയത്തിൽ 90,000 പേർക്കു കളി കാണാം. വലുപ്പത്തിൽ യൂറോപ്പിലെ രണ്ടാമത്തെ സ്റ്റേഡിയമാണിത്. പക്ഷേ, നമ്മുടെ നാട്ടിലെ വെംബ്ലി അങ്ങനെയല്ല.

പോസ്റ്റ് ഓഫിസ്, കമ്യൂണിറ്റി ഹാൾ, ആയുർവേദ ആശുപത്രി എന്നിങ്ങനെ ചില സർക്കാർ ഓഫിസുകളും ഒന്നുരണ്ട് കടകളും‍ മാത്രമേ ഇവിടെയുള്ളൂ. വികസനകാര്യത്തിൽ ഈ ഗ്രാമം അധികം ഗോളടിച്ചിട്ടില്ല. വിനോദസഞ്ചാര കേന്ദ്രമായ ഉറുമ്പിക്കരയിലേക്കുള്ള വഴിയിലാണ് വെംബ്ലി. ലണ്ടനിലെ വെംബ്ലിയിൽ പോയി കളി കാണാൻ കഴിയുന്നില്ലല്ലോയെന്ന് സങ്കടമുള്ളവർക്ക് നമ്മുടെ വെംബ്ലിയിലേക്കു പോകാം,  ഒരു ചായ കുടിച്ച് ഇരുന്ന് കളി ടിവിയിൽ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com