ADVERTISEMENT

കോട്ടയം ∙ നേതാക്കളുടെ ഗ്രൂപ്പുകളിയും കേരള കോൺഗ്രസ് (എം) യുഡിഎഫ് വിട്ടതും നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസ് പരാജയപ്പെടാൻ പ്രധാന കാരണമായെന്നു കെപിസിസി സമിതിക്കു മുന്നിൽ നേതാക്കൾ. കോൺഗ്രസിന് താഴെത്തട്ടിൽ സംഘടനാ പ്രവർത്തനം ഇല്ലെന്നും ഉടൻ പുനഃസംഘടന വേണമെന്നും ഭൂരിപക്ഷം നേതാക്കളും സമിതിയെ അറിയിച്ചു. അതേ സമയം കേരള കോൺഗ്രസ് (എം) മുന്നണി വിട്ടിട്ടും 4 സീറ്റുകൾ യുഡിഎഫിനു നേടാനായെന്നും മുന്നണിയുടെ വോട്ടു വിഹിതം കാര്യമായി കുറഞ്ഞില്ലെന്നും ഡിസിസി നേതൃത്വം കണക്കു സഹിതം അവതരിപ്പിച്ചു.

തോൽവി സംബന്ധിച്ച് തെളിവെടുപ്പിനായാണ് കെപിസിസി സമിതി അധ്യക്ഷൻ വി.സി. കബീർ, അംഗങ്ങളായ പുനലൂർ മധു, ഖാദർ മങ്ങാട് എന്നിവർ എത്തിയത്. ഇന്നലെ കെപിസിസി ഭാരവാഹികൾ ഉൾപ്പെടെ 63 പേർ സമിതിയെ അഭിപ്രായം അറിയിച്ചു. തോറ്റ മൂന്നു സ്ഥാനാർഥികളും പങ്കെടുത്തു. ഇന്നും തെളിവെടുപ്പു തുടരും. സംഘടനാ പ്രവർത്തനത്തിന്റെ പോരായ്മ, സ്ഥാനാർഥി നിർണയത്തിലെ അപാകത, ഗ്രൂപ്പു വഴക്ക് തുടങ്ങിയ കാര്യങ്ങൾ നേതാക്കൾ ചൂണ്ടിക്കാണിച്ചതായി വി.സി. കബീർ പറഞ്ഞു.

പരാതിയില്ല, എല്ലാം വിധിയാണെന്ന് തോറ്റ സ്ഥാനാർഥി

പാർട്ടിക്കും നേതൃത്വത്തിനുമെതിരെ രൂക്ഷമായ വിമർശനമാണ് തെളിവെടുപ്പിൽ ചില നേതാക്കൾ ഉന്നയിച്ചത്. ‘തോൽവിയിൽ എനിക്ക് ഒരു പരാതിയുമില്ല, എല്ലാം എന്റെ വിധിയാണ്’ ഒരു മിനിറ്റു കൊണ്ട് തെളിവെടുപ്പു പൂർത്തിയാക്കി ഒരു സ്ഥാനാർഥി മടങ്ങി. സ്ഥാനാർഥി നിർണയം വൈകിയതു മൂലം വെറും 13 ദിവസമാണ് പ്രചാരണത്തിനു ലഭിച്ചതെന്നു മറ്റൊരു സ്ഥാനാർഥി പറഞ്ഞു. കേരള കോൺഗ്രസ് (എം) മുന്നണി വിട്ടത് ദോഷമായെന്നു നേതാ‌ക്കൾ പറഞ്ഞു. ബാർ കോഴ വിവാദം വന്നതു മുതൽ കേരള കോൺഗ്രസ് (എം) മുന്നണി വിടുമെന്ന സൂചന ലഭിച്ചിരുന്നു. എന്നാൽ ബദൽ ക്രമീകരണം ഒരുക്കാനായില്ല. പി.ജെ. ജോസഫിന്റെ കേരള കോൺഗ്രസിന് വേണ്ടത്ര വോട്ടു നേടാനായില്ല.

Kottayam News
ലളിതമായി പറയൂ, നമ്മൾ എങ്ങനെ തോറ്റു? കോട്ടയം ഡിസിസിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനത്തിൽ പങ്കെടുക്കുന്ന ഉപസമിതി അംഗങ്ങളായ പുനലൂർ മധു, വി.സി.കബീർ, ഖാദർ മങ്ങാട്ട് എന്നിവർ. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്, കെപിസിസി അംഗം രാധാ വി.നായർ, യുഡിഎഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ എന്നിവർ സമീപം. ചിത്രം: മനോരമ

ബൂത്ത്, മണ്ഡലം തലത്തിൽ കോൺഗ്രസിനു സംഘടനയില്ല. കാൽ നൂറ്റാണ്ടായി ഒരേ നേതാക്കൾ തുടരുന്നു. ഇവർക്കു ജനങ്ങളുടെ മുന്നിൽ മതിപ്പില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വൻ പരാജയം നേരിട്ടു. ആ സൂചന കണ്ട് പാർട്ടി പഠിച്ചില്ല. പുനഃസംഘടന നടത്തിയില്ല. പ്രളയവും കോവിഡും അവസരമാക്കി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ല. സിപിഎം ഈ അവസരം നന്നായി ഉപയോഗിച്ചു. മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതികാ സുഭാഷിന് സീറ്റു നിഷേധിച്ചത് പാർട്ടിക്ക് തിരിച്ചടിയായെന്നും അഭിപ്രായമുണ്ടായി.
സമുദായങ്ങളെ കൂടെ നിർത്താൻ പറ്റിയില്ല. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറയാൻ ഇതു കാരണമായി. തിരഞ്ഞെടുപ്പ് തൊട്ടുമുന്നിൽ എത്തിയിട്ടും ഗ്രൂപ്പുകളി തുടർന്നുവെന്നും നേതാക്കൾ പറഞ്ഞു. ഇന്നു മണ്ഡലം തല നേതാക്കൾ തെളിവെടുപ്പിൽ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com