ADVERTISEMENT

കോട്ടയം ∙ കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങൾ ജീവനൊടുക്കിയതിനു പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളെന്ന് പൊലീസ്. മരിച്ച നിലയിൽ കണ്ട നിസാർ ഖാനും  നസീർ ഖാനും കോട്ടയം അർബൻ സഹ.ബാങ്ക് മണിപ്പുഴ ശാഖയിൽ നിന്നു  13 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. 2 വീടുകളും 7 സെന്റ്  സ്ഥലവും ഉൾപ്പെടെ വാങ്ങാനായി 2019 മേയ് രണ്ടിനാണു വായ്പയെടുത്തത്. ഇരുവരും കോടിമതയിൽ ക്രെയിൻ സർവീസ് ഓപ്പറേറ്റർമാരായിരുന്നു. കോവിഡ് വന്നതോടെ തൊഴിൽ നഷ്ടപ്പെട്ടു.

കൂലിപ്പണി ഉൾപ്പടെ ചെയ്താണ് കഴിഞ്ഞിരുന്നത്. കോവിഡ് രൂക്ഷമായതോടെ കൂലിപ്പണി വല്ലപ്പോഴുമായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയായതോടെ വായ്പാ അടവ് സാധിച്ചില്ല. തിരിച്ചടവ് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ ഒന്നിലേറെ തവണ വീട്ടിൽ എത്തിയിരുന്നെന്നു  മാതാവ് ഫാത്തിമാ ബീവി പറയുന്നു. രണ്ടു ദിവസം മുൻപും ഉദ്യോഗസ്ഥർ എത്തി. ഇതിനു ശേഷം മക്കൾ കാര്യമായി പുറത്തേക്ക് ഇറങ്ങിയില്ലെന്നും ഫാത്തിമ പറഞ്ഞു. കടുവാക്കുളത്തെ വീടു വാങ്ങുംമുൻപ് തിരുവഞ്ചൂരിലും നാട്ടകത്തും കുടുംബം താമസിച്ചിട്ടുണ്ട്.

മക്കൾ മരിച്ചതോടെ തനിച്ചായ ഫാത്തിമാ ബീവിക്ക് എസ്ഡിപിഐ ടൗൺ ബ്രാഞ്ച് കമ്മിറ്റി അംഗം വേളൂർ സ്വദേശി ഹമീദ് വട്ടപ്പറമ്പിൽ സ്വന്തം വീട്ടിൽ താൽക്കാലിക സംരക്ഷണം നൽകി. ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ, ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ റിജോ പി. ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കോവിഡ് പരിശോധനയ്ക്ക് ശേഷം ഇന്നു പോസ്റ്റുമോർട്ടം നടത്തും. 

അത്ര കൂട്ടായിരുന്നു അവർ

കോട്ടയം ∙ ജോലി കഴിഞ്ഞെത്തുമ്പോൾ കൂടിയിരുന്ന് സംസാരിക്കുമായിരുന്നു ഞങ്ങൾ. വിശേഷങ്ങളും തമാശകളുമൊക്കെ പങ്കുവയ്ക്കും. ഒരിക്കൽ പോലും ബാധ്യതകളെക്കുറിച്ചോ ജപ്തി ഭീഷണിയെക്കുറിച്ചോ അവർ സംസാരിച്ചിട്ടില്ല– അയൽവാസിയും ഇരുവർക്കുമൊപ്പം ജോലി ചെയ്തിട്ടുള്ള ആളുമായ മനോജ് പറയുന്നു. ‘ഉമ്മ ഫാത്തിമാ ബീവിയെ പൊന്നു പോലെ നോക്കുന്ന മക്കളായിരുന്നു.

നിസാർ ഖാൻ, നസീർ ഖാൻ...
നിസാർ ഖാൻ, നസീർ ഖാൻ...

രണ്ടു പേരും വലിയ സ്നേഹവുമായിരുന്നു എല്ലാ കാര്യങ്ങളും പരസ്പരം ആലോചിച്ചേ തീരുമാനിച്ചിരുന്നുള്ളൂ...’ മനോജിന്റെ കണ്ണുകളിൽ സങ്കടം നിറയുന്നു.  സ്നേഹബന്ധങ്ങൾക്ക് ഏറെ വില കൽപിച്ചിരുന്നു ഇരുവരും. രണ്ടു ദിവസംമുൻപ് മൂത്ത സഹോദരിയെ വിളിച്ചു സംസാരിച്ചപ്പോൾ തങ്ങൾ വിവാഹം കഴിക്കാൻ പോകുകയാണെന്നു തമാശ പറഞ്ഞിരുന്നു. 3 ആൺകുട്ടികളും  2 പെൺകുട്ടികളും അടക്കം 5 മക്കളാണ് ഫാത്തിമ ബീവിക്ക്. 

kottayam-neighbors

തിരിച്ചടവ് ആനുകൂല്യം നിഷേധിച്ചു: തിരുവഞ്ചൂർ

കോട്ടയം∙ സഹോദരങ്ങൾ ജീവനൊടുക്കിയ സംഭവം ദാരുണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. പണം കൊടുക്കാൻ തയാറാണെന്നു പറഞ്ഞിട്ടും ഭൂമിയുടെ പകുതി വിട്ടു നൽകാമെന്നു സമ്മതിച്ചിട്ടും കർക്കശ നിലപാടാണ്  ഉദ്യോഗസ്ഥർ സ്വീകരിച്ചത്. കോവിഡ് കാലത്ത് സർക്കാർ അനുവദിച്ച തിരിച്ചടവ് ആനുകൂല്യം ഇവർക്ക് നിഷേധിക്കപ്പെട്ടതായാണ് അറിയാനായത്. ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടിയെടുക്കണം. സർഫാസി ആക്ട് ദുരുപയോഗിക്കുമെന്ന ഭീഷണിയാണ് ബാങ്ക് മുഴക്കിയത്. ഒറ്റയ്ക്കായിപ്പോയ മാതാവിന് സർക്കാർ സഹായം നൽകി അവരുടെ ജീവിതം സുരക്ഷിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കോട്ടയം അർബൻ സഹ. ബാങ്ക് മണിപ്പുഴ ശാഖയ്ക്കു മുൻപിൽ പ്രതിഷേധത്തെത്തുടർന്ന് എത്തിയ പൊലീസ് സംഘം.      ചിത്രങ്ങൾ: മനോരമ
കോട്ടയം അർബൻ സഹ. ബാങ്ക് മണിപ്പുഴ ശാഖയ്ക്കു മുൻപിൽ പ്രതിഷേധത്തെത്തുടർന്ന് എത്തിയ പൊലീസ് സംഘം. ചിത്രങ്ങൾ: മനോരമ

മാനുഷിക പരിഗണന നൽകിയിരുന്നു: ബാങ്ക് പ്രസിഡന്റ്

കോട്ടയം∙ ജീവനൊടുക്കിയ നിസാർ ഖാൻ, നസീർ ഖാൻ  എന്നിവരുടെ വായ്പത്തിരിച്ചടവുമായി ബന്ധപ്പെട്ടു മാനുഷിക പരിഗണന നൽകിയിരുന്നെന്നു കോട്ടയം അർബൻ സഹ. ബാങ്ക് പ്രസിഡന്റ് ടി.ആർ. രഘുനാഥൻ. ജപ്തി നടപടിയുമായി ബാങ്ക് മുന്നോട്ടു പോയിട്ടില്ല. 13 ലക്ഷം രൂപ 240 മാസക്കാലാവധിയിലാണു നൽകിയത്. 19,000 രൂപ ആദ്യ മാസം അടച്ചു. പിന്നീട് ഇരുവരും ബാങ്കിൽ നിന്നു വിളിച്ചാൽ ഫോൺ എടുക്കുകയോ ബാങ്കിലേക്കു വരികയോ ചെയ്തില്ല.

പല തവണ ഉദ്യോഗസ്ഥർ വീട്ടിൽ എത്തിയിട്ടും മാതാവിനെ മാത്രമാണ് കാണാനായത്. ഒരു തവണ ഇവരെ കാണുന്നതിനു രാവിലെ വീട്ടിൽ ചെന്നു. സഹോദരി പണം നൽകുമെന്നാണ് ഇവർ അധികൃതരോട് പറഞ്ഞത്. 2 വർഷം കൊണ്ട് പലിശ 5.47 ലക്ഷം രൂപയായി ഉയർന്നു. ഇതിനിടെ ബാങ്കിൽ നിന്ന് അയച്ച നോട്ടിസ് സ്വീകരിക്കാതെ തിരിച്ചയച്ചു. മുതലും പലിശയും ചേർത്ത് ഇതുവരെ 16,95,000 രൂപയായി. സാധാരണ 3 തവണ അടവു മുടങ്ങിയാൽ ജപ്തി നടപടിയുടെ ഭാഗമായി കോടതി മുഖാന്തരം നടപടി സ്വീകരിക്കുകയാണു പതിവെന്നും അദ്ദേഹം പറഞ്ഞു. 

ധൃതി പിടിച്ച് നടപടി പാടില്ല - സി.എസ്.ര‍ഞ്ജിത്ത്(സാമ്പത്തിക വിദഗ്ധൻ)

കോവിഡ് കാലത്ത് വ്യക്തിഗത, സംരംഭക, ഭവന വായ്പകൾ തിരിച്ചടയ്ക്കുന്നതിലുള്ള വീഴ്ച മനഃപൂർവമല്ലെന്നു പലകുറി സുപ്രീം കോടതിയും ഹൈക്കോടതികളും റിസർവ് ബാങ്കും വ്യക്തമാക്കിയിട്ടുണ്ട്. നിഷ്ക്രിയ ആസ്തികൾ തരംതിരിച്ച് എടുക്കുന്നതിൽ കർശന നിയമങ്ങളാണു നേരത്തേയുണ്ടായിരുന്നത്. ഇതിൽ ഉദാരമായ സമീപനം റിസർവ് ബാങ്ക് ഉറപ്പു നൽകുന്നു. അതിനാൽ ഭയാനകമായ അവസ്ഥ ഇപ്പോഴില്ല. വായ്പ തിരിച്ചടയ്ക്കാൻ സാധിക്കാതെ വരുമ്പോൾ ധൃതി പിടിച്ച് നടപടി പാടില്ലെന്നാണു ചട്ടം. മുന്നറിയിപ്പു നൽകണം.

ജാമ്യ വസ്തുക്കൾ ഏറ്റെടുത്താൽ അതു സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥനാണ്. ഏറ്റെടുക്കുന്ന വസ്തുവകകൾ നാശത്തിലേക്കു പോയാൽ അതിനെതിരെ നിയമ നടപടി സ്വീകരിക്കാൻ വായ്പ യെടുത്തവർക്ക് അവകാശമുണ്ട്. പണയ വസ്തുക്കൾക്ക് വിപണിയിൽ കിട്ടുന്ന ഏറ്റവും നല്ല വില തന്നെ ലഭിക്കുന്നെന്ന് ഉറപ്പു വരുത്തണം. അല്ലെങ്കിൽ പരാതിപ്പെടാം. റവന്യു റിക്കവറിയിൽ ഭീഷണി വിലക്കിയിട്ടുണ്ട്. റിക്കവറി ഉദ്യോഗസ്ഥർ കൂട്ടമായി വരിക, അസമയത്ത് വരിക, അസമയത്ത് ഫോൺ വിളിച്ച് ശല്യപ്പെടുത്തുക എന്നിവ ക്രിമിനൽ കുറ്റമാണ്. മനുഷ്യാവകാശ ലംഘനം പാടില്ല.

റിക്കവറിക്കു വരുന്ന ഉദ്യോഗസ്ഥരുടെ പേര്, പദവി എന്നിവ വ്യക്തമായി മനസ്സിലാക്കണം. പരാതി നൽകേണ്ടിവന്നാൽ ഇത് ആവശ്യം വരും. ചെറുകിട, സൂക്ഷ്മ, അതിസൂക്ഷ്മ സംരംഭങ്ങൾക്ക് നൽകിയ വായ്പകൾക്ക് 100 ശതമാനം ഗ്യാരന്റിയുണ്ട്. അതിൽ വരുന്ന വായ്പകളിൽ കേന്ദ്രസർക്കാർ ഉറപ്പു നൽകുന്ന അവസ്ഥയിൽ തിരിച്ചു പിടിക്കാനുള്ള ധൃതി പാടില്ല. വായ്പ സംബന്ധിച്ച പരാതികൾ ജില്ലാ ബാങ്കിങ് സമിതിയുടെ അധ്യക്ഷയായ കലക്ടർക്കു നൽകാം. സംസ്ഥാന ബാങ്കിങ് സമിതിയിലും പരാതി നൽകാം. സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സഹകരണ റജിസ്ട്രാറുടെ കീഴിലുള്ള സെല്ലിലാണു നൽകേണ്ടത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com