ADVERTISEMENT

നിയമലംഘനങ്ങളുടെ പേരിൽ കണ്ണൂരിൽ വ്ലോഗർമാരെ പിടികൂടിയതു വലിയ ചർച്ചയായി. നടപടിയെ അനുകൂലിച്ചും എതിർത്തും യുവാക്കൾ രംഗത്തു വന്നു. യഥാർഥത്തിൽ വ്ലോഗിങ്ങിന്റെ സാധ്യതകളും വാഹനങ്ങളുടെ രൂപമാറ്റം അടക്കമുള്ള അടിസ്ഥാന നിയമലംഘനങ്ങളും എന്തൊക്കെ എന്നറിയാം...

ബ്ലോഗ്

വിഡിയോ ബ്ലോഗ് എന്നതിന്റെ ചുരുക്കമാണ് വ്ലോഗ്. ചെറിയ വിഡിയോകളിലൂടെ പല കാര്യങ്ങൾ അവതരിപ്പിക്കുന്ന രീതിയാണിത്. യുട്യൂബ്, ഫെയ്സ്ബുക് പോലുള്ള സമൂഹമാധ്യമങ്ങളിലാണ് ഇവ പങ്കുവയ്ക്കുക. കാഴ്ചക്കാരുടെ എണ്ണം (വ്യൂസ്) അനുസരിച്ചാണ് ഇവയിൽ നിന്നു വരുമാനം ലഭിക്കുക. രസകരമായ അവതരണ രീതി തന്നെയാണ് ഓരോ വ്ലോഗറെയും വ്യത്യസ്തരാക്കുന്നത്.

ഒരു വീട്, പല ലോകം

വെർച്വൽ ലോകം ഈ ലോകത്തിനു പാരലലായി പരന്നു കിടക്കുകയാണ്. വീട്ടിലെ കുട്ടികൾക്ക് അറിയാവുന്ന വ്ലോഗിങ്ങും റീലുമെല്ലാം മുതിർന്നവർക്കു ചിലപ്പോൾ അറിയണമെന്നില്ല. കണ്ണൂരിൽ വ്ലോഗർമാർ അറസ്റ്റിലായപ്പോൾ ചെറിയ കുട്ടികൾ അടക്കമുള്ളവരാണു പ്രതികരണവുമായി എത്തിയത്. എന്താണു സംഭവിച്ചതെന്നു വീട്ടിലെ മുതിർന്നവരിൽ പലർക്കും മനസ്സിലായതുമില്ല. സമൂഹമാധ്യമങ്ങൾ വഴി മറ്റുള്ളവരെ സ്വാധീനിക്കാൻ സാധിക്കുന്ന ഒരു വിഭാഗം വളർന്നു കഴിഞ്ഞു. സോഷ്യൽ മീഡിയ ഇൻ‌ഫ്ലുവൻസർമാർ എന്നാണ് ഇവർക്കു വിളിപ്പേര്. ഇതിൽ ഭൂരിഭാഗവും സമൂഹത്തിനു വിനോദവും വിജ്ഞാനവും പകർന്നു നൽകുന്നവരാണ്.

mvd-kottayam

രൂപമാറ്റം എവിടെ വരെ 

∙ വാഹനത്തിന്റെ റജിസ്ട്രേഷനിൽ പറയുന്ന അടിസ്ഥാന രൂപത്തിലും നിറത്തിലും മാറ്റം അനുവദിക്കില്ല
∙ പുറത്തേക്കു തള്ളി നിൽക്കുന്ന ടയറുകൾ പാടില്ല.
∙ മറ്റു വാഹനങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്ന / ബുദ്ധിമുട്ടുണ്ടാക്കുന്ന വച്ചുകെട്ടലുകൾ പാടില്ല.
∙ നിയമവിരുദ്ധ ലൈറ്റുകൾ പാടില്ല.

∙ വാഹനത്തിന്റെ നിറം മാറ്റാൻ ആർടി ഓഫിസിൽ അപേക്ഷ നൽകാം. ഫീസ് അടച്ച് ഇതു മാറ്റിയെടുക്കാം. എന്നാൽ ആർമി, നേവി എന്നീ വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന നിറങ്ങൾ ഉപയോഗിക്കാൻ കഴിയില്ല.
∙ വാഹനം മുഴുവനായി മൂടുന്ന സ്റ്റിക്കറുകൾക്ക് അനുമതിയില്ല.
∙ സൈലൻസർ, ഹോണുകൾ എന്നിവ മാറ്റാൻ അനുമതിയില്ല.
∙ ഇലക്ട്രിക്കൽ സിസ്റ്റത്തിൽ മാറ്റങ്ങൾ ഷോർട് സർക്യൂട്ടിനും അപകടത്തിനും കാരണമാകും.

(വിവരങ്ങൾ: ടോജോ എം.തോമസ്, എൻഫോഴ്സ്മെന്റ് ആർടിഒ, കോട്ടയം)

സമൂഹമാധ്യമത്തിൽ എന്തും പറയാമോ?

ഇ–ബുൾ ജെറ്റ് വ്ലോഗർമാരുടെ അറസ്റ്റിനെത്തുടർന്നു കേരളം കത്തിക്കാൻ വരെ സമൂഹമാധ്യമങ്ങളിലൂടെ ചിലർ ആഹ്വാനം ചെയ്തു. കലാപമുണ്ടാക്കുന്നതിനു തുല്യമായ ഇത്തരം പ്രചാരണം നടത്തുന്നവർക്കെതിരെ ഐപിസി 153–ാം വകുപ്പു പ്രകാരം കേസെടുക്കാം. വിദ്വേഷം പരത്തുന്ന രീതിയിലുളള സന്ദേശങ്ങളും മറ്റും പ്രചരിപ്പിച്ചാലും ഈ വകുപ്പ് ബാധകമാണ്. ഏതെങ്കിലും രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള ഐക്യം തകർക്കുന്ന രീതിയിലുള്ള പ്രചാരണങ്ങൾ ന‌ടത്തുന്നത് (സാമുദായിക–മത സ്പർധ ഉണ്ടാക്കും വിധം ആഹ്വാനങ്ങൾ നടത്തുന്നതും പ്രചരിപ്പിക്കുന്നതും) ഗുരുതര കുറ്റമാണ്. 3–5 വർഷം വരെ തടവുശിക്ഷ ലഭിക്കാം.

ഏതെങ്കിലും ആശയവിനിമയ ഉപാധികളിലൂടെ നിരന്തരം ആരെയെങ്കിലും ശല്യപ്പെടുത്തുകയോ, അപകീർത്തിപ്പെടുത്തുകയോ ചെയ്താൽ കേരള പൊലീസ് ആക്ട് 120 (ഒ) വകുപ്പ് പ്രകാരം കേസെടുക്കാം. ഒരു വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. ഫോണിലൂടെയും മറ്റും ഏതെങ്കിലും വ്യക്തികളെ ഭീഷണിപ്പെടുത്തുന്നതും കുറ്റകരമാണ്. ഐപിസി 506–ാം വകുപ്പ് പ്രകാരം നടപടി നേരിടേണ്ടി വരാം. രണ്ടു വർഷം വരെ തടവുശിക്ഷ കിട്ടാം.

വിവരങ്ങൾ : കെ. സദൻ, ഡിവൈഎസ്പി, തൊടുപുഴ

suresh-pillai

ഓർക്കുക, നമ്മളെപ്പോഴും വിലയിരുത്തപ്പെടുന്നുണ്ട്

ഹോട്ടൽ റാവിസ് ഗ്രൂപ്പ് കളിനറി ഡയറക്ടറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സുരേഷ് പിള്ള പറയുന്നു...

നമ്മുടെ സമയവും ബുദ്ധിയും ചെലവാക്കി സമൂഹമാധ്യമത്തിൽ ഇടപെടുമ്പോൾ അതു വെറുതേ കളയേണ്ട കാര്യമുണ്ടോ?, സമൂഹമാധ്യമങ്ങൾ വരുമാനമാർഗമാണ്. വെർച്വൽ ഇടത്തിൽ നല്ലൊരു സ്ഥാനവും അതു നൽകും. പ്രഫഷനൽ രംഗത്തെ ഉയർച്ചയ്ക്കും ആത്മസംതൃപ്തിക്കും സഹായിക്കും. സമൂഹമാധ്യമത്തിൽ നമ്മളിടുന്ന പോസ്റ്റുകളും കമന്റുകളും നമ്മുടെ സ്വഭാവത്തെ പ്രതിഫലിപ്പിക്കും. പ്രധാന കമ്പനികളിലെ ഹ്യൂമൻ റിസോഴ്സ് വിഭാഗം നമ്മുടെ സമൂഹമാധ്യമ പ്രൊഫൈലുകൾ പരിശോധിക്കും. പോസ്റ്റുകൾ ഇല്ലെങ്കിലും നമ്മുടെ പ്രൊഫൈലിൽ നിന്നുള്ള മോശം കമന്റുകൾ പോലും ശ്രദ്ധിക്കപ്പെടും. പണ്ടു കാലത്തു നമ്മുടെ കവലകളിലെത്തി ആളുകളുടെ സ്വഭാവത്തെപ്പറ്റി അന്വേഷിക്കില്ലേ. അതിന്റെ പുത്തൻ പതിപ്പാണിത്. പോസിറ്റീവ് ചിന്തകൾ കാണാനാണു ഭൂരിഭാഗത്തിനും താൽപര്യം. നമ്മുടെ കമന്റോ പോസ്റ്റോ ലൈക്കുകൾ ലഭിച്ചില്ലെങ്കിലും കാണുന്നവരിൽ ഒരു പുഞ്ചിരി നിറച്ചാൽ അതു വലിയ കാര്യമാണ്.

sreebala-travel1

ധാർമികത ഉറപ്പാക്കണം

കാഴ്ചകളുടെ തലമുറമാറ്റത്തെക്കുറിച്ച് എഴുത്തുകാരിയും സംവിധായകയുമായ ശ്രീബാല കെ.മേനോൻ പറയുന്നു...

വ്ലോഗർമാരെക്കുറിച്ച് കേട്ടിട്ടില്ലാത്ത സിനിമാ താരങ്ങൾ! സിനിമ നിന്നു പോയ ശേഷം വ്ലോഗർമാരാണു താരങ്ങൾ എന്നു പെട്ടെന്നു മനസ്സിലാക്കുന്ന സിനിമാ താരങ്ങൾ! ഇപ്പോൾ ഏതു കുട്ടിയോടു ചോദിച്ചാലും അവർക്കു സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങണം എന്നാണ് ആഗ്രഹം പറയുക. സിനിമയെക്കാൾ അവർക്കു റിലേറ്റ് ചെയ്യാൻ കഴിയുന്നതു വ്ലോഗുകളോടാണ്. എന്നാൽ ഇത്തരം വ്ലോഗുകളുടെ ഉള്ളടക്കത്തിലെ ധാർമികത ഉറപ്പു വരുത്തേണ്ടതു പ്രധാനമാണ്. കോവിഡ് കാലത്തു മൊബൈൽ ഫോൺ സ്ഥിരമായി കയ്യിൽകിട്ടി തുടങ്ങിയപ്പോൾ സംഭവിച്ച മാറ്റമാണ് ഇന്നലത്തെ വികാര പ്രകടനങ്ങളായി മാറിയത്. കാലം മാറുകയാണ്. പരിചയമില്ലാത്ത രീതികൾ, വഴികൾ...എല്ലാം കാണുകയാണ് നമ്മൾ.

ebbin

നല്ല ചെലവുണ്ട്

വ്ലോഗുകളുടെ കാഴ്ചകളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയാണ് വ്ലോഗറും ഫുഡ് ആൻഡ് ട്രാവൽ യുട്യൂബ് ചാനൽ ഉടമ  എബിൻ ജോസ്

പണ്ടു ടിവി ചാനലുകൾ മാത്രം ഉണ്ടായിരുന്നിടത്ത് ഇന്ന് ഒടിടി, യുട്യൂബ് എന്നിവയെത്തി. സമൂഹമാധ്യമത്തിൽനിന്നു വരുമാനം ലഭിക്കാൻ ചെലവുകളുമുണ്ട്. എനിക്കു മൂന്ന് ക്യാമറകളുണ്ട്. 60,000, 80,000, ഒരു ലക്ഷം എന്നിങ്ങനെയാണ് അതിന്റെ വില. ഒരുപാട് യാത്ര ചെയ്യേണ്ടി വരുന്നതിനാൽ ഇന്ധനച്ചെലവു കൂടുതലാണ്. ഭക്ഷണം, താമസം എന്നിവയുടെ ചെലവുകളും വേറെ. കാഴ്ചക്കാരുടെ എണ്ണത്തിനനുസരിച്ചാണു വരുമാനം. കാഴ്ചക്കാരെ കൂട്ടുന്നതിനായി ചിലരെങ്കിലും ഗോസിപ്പുകൾ ഉപയോഗിക്കുന്നു. വിഡിയോയുമായി ഒരിക്കലും യോജിക്കാത്ത തലക്കെട്ടുകൾ നൽകുന്ന രീതിയുമുണ്ട്. എന്നാൽ നല്ല കാഴ്ചക്കാരെയാണു വേണ്ടത്. അതിനെ ക്വാളിറ്റി വ്യൂസ് എന്നു പറയും. നല്ല കണ്ടന്റുകൾക്കു നല്ല കാഴ്ചക്കാരെ കിട്ടും. കണ്ടന്റ് ആണു രാജാവ്.

sebin

മാന്യമായിപ്പറയൂ... അതല്ലേ ഹീറോയിസം?

യുവാക്കളുടെ വ്ലോഗിങ് ഇഷ്ടത്തെക്കുറിച്ചു വ്ലോഗറും ഫിഷിങ് ഫ്രീക്സ് യൂട്യൂബ് ചാനൽ ഉടമയുമായ സെബിൻ സിറിയക് പറയുന്നു

ലോക്ഡൗൺ കാലത്തു പുറത്തിറങ്ങാനാവാതെ ലോക്കായി പോയപ്പോൾ ചെറുപ്പക്കാർക്കു വ്ലോഗുകളോടുള്ള ഇഷ്ടം കൂടി. ഭക്ഷണവും  യാത്രകളും എന്നിങ്ങനെ അവർക്കു താൽപര്യമുള്ള വിഷയങ്ങളുടെ നീണ്ടനിര വ്ലോഗുകളിൽ കയറിക്കൂടിയപ്പോൾ പലർക്കും ഫോൺ സ്ക്രീനുകളിൽ നിന്നു തിരിച്ചിറങ്ങാനും മടിയായി. ഉള്ളടക്കമാണു യൂത്തിനു മെയിൻ. അവർ ഇഷ്ടപ്പെടുന്നത് എപ്പോഴും വ്യത്യസ്തമായതോ പുതുമയുള്ളതോ ആയ ഉള്ളടക്കമാണ്. 

മികച്ച കണ്ടന്റ് അവതരിപ്പിക്കാൻ കഴിവുള്ള ആർക്കും വ്ലോഗിങ് മേഖലയിൽ സാധ്യതകളുണ്ട്. അത്യാവശ്യം പാഷനും ഡെഡിക്കേഷനും ഇൻവെസ്റ്റ്മെന്റും കൂടി ആവശ്യമുള്ള മേഖലയാണിത്. മാന്യമായി പ്രതികരിക്കേണ്ടതെങ്ങനെയെന്നു ചെറുപ്പക്കാർ പഠിക്കണമെന്ന അഭിപ്രായമുണ്ട്. മാന്യമായി അഭിപ്രായങ്ങൾ അനുയോജ്യമായ പ്ലാറ്റ്ഫോമുകളിൽ അവതരിപ്പിക്കുക, അതല്ലേ ഹീറോയിസം?

nidhi

സാധ്യതകൾ ആകാശത്തോളം

വ്ലോഗിങ് വലിയൊരു ഉത്തരവാദിത്തം കൂടിയാണെന്നു ട്രാവൽ വ്ലോഗറായ നിധി ശോശ കുര്യൻ പറയുന്നു

വ്ലോഗിങ് വലിയൊരു ഉത്തരവാദിത്തമാണ്. ഓരോ വ്ലോഗർക്കും സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും ലഭിക്കുന്ന പിന്തുണയാണ് അവരുടെ വിജയം. ഇവിടെയാണു വ്ലോഗിങ് അവരവരോടുള്ള ഉത്തരവാദിത്തം കൂടിയായി മാറുന്നത്. കാഴ്ചക്കാരോടു നീതി പുലർത്തുന്ന തരത്തിൽ നിലവാരമുള്ള ഉള്ളടക്കം അവതരിപ്പിക്കേണ്ടതുണ്ട്. കാഴ്ചയിലെ ആസ്വാദനത്തിനപ്പുറം എന്തു സന്ദേശമാണു ഓരോ വ്ലോഗും സമൂഹത്തിലേക്കെത്തിക്കുന്നത് എന്നതു പ്രസക്തമായ ചോദ്യമല്ലേ? വരുമാന മാർഗമായി വ്ലോഗിങ്ങിനെ കാണുന്നതിൽ തെറ്റില്ല. ഉള്ളടക്കം മികച്ചതായിരിക്കണമെന്നു മാത്രം. ആരും ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത ഇടങ്ങളിലെത്താനും കൂടുതൽ യാത്രകളെ ഇഷ്ടപ്പെടാനും ആളുകൾ തയാറായി വരുന്ന കാലമാണിത്. വ്ലോഗിങ്ങിന്റെ സാധ്യതകളാകട്ടെ ആകാശത്തോളവും.

കണ്ണൂരിൽ വ്ലോഗർ സഹോദരങ്ങളുടെ അറസ്റ്റും തുടർനടപടികളും ശരിയോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com