ADVERTISEMENT

ചങ്ങനാശേരി ∙ നാടിന്റെ യശസ്സ് ഉയർത്തിയ കായിക താരങ്ങളുടെ പേര് നഗരസഭ പരിധിയിലുള്ള 2 റോഡുകൾക്കു നൽകിയിട്ട് നാളെ ഒരു വർഷം തികയുന്നു. അന്നു നഗരസഭ ഇക്കാര്യത്തിൽ തീരുമാനം എടുത്തു എന്നതിൽ കവിഞ്ഞ് ഈ റോഡുകളിൽ ഒരു ബോർഡ് സ്ഥാപിക്കാൻ പോലും അധികൃതരുടെ ഭാഗത്തു നിന്നു നടപടി ഉണ്ടാകാത്തതിന്റെ വിഷമത്തിലാണു കായിക പ്രേമികൾ.

ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്, ഏഷ്യൻ ഗെയിംസ് തുടങ്ങി രാജ്യാന്തര മത്സരങ്ങളിൽ രാജ്യത്തിനായി മെഡൽ നേടിയ, ഖേൽരത്ന പുരസ്കാരം ഉൾപ്പെടെയുള്ള ബഹുമതികൾ കരസ്ഥമാക്കിയ അഞ്ജു ബോബി ജോർജ്, ലോക ചാംപ്യൻഷിപ്പിലും ഏഷ്യൻ ഗെയിംസിലും പങ്കെടുത്ത ഏക ഇന്ത്യൻ വോളിബോൾ താരമെന്ന ബഹുമതിയും പ്രീ ഒളിംപിക് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനും ആയിരുന്ന ഭരതൻ നായർ എന്നിവരോടുള്ള ആദരസൂചകമായാണു മുനിസിപ്പൽ സ്റ്റേഡിയത്തിനു സമീപമുള്ള റോഡുകൾക്ക് ഇവരുടെ പേരുകൾ നൽകാൻ കഴിഞ്ഞ വർഷം സെപ്റ്റംബർ 4നു തീരുമാനിച്ചത്.

ചങ്ങനാശേരി മുനിസിപ്പൽ സ്റ്റേഡിയം പ്രധാന കവാടത്തിൽ നിന്നു കത്തീഡ്രൽ പള്ളി പാരിഷ് ഹാൾ വരെയുള്ള റോഡിനെ അഞ്ജു ബോബി ജോർജ് റോഡ് എന്നും ചങ്ങനാശേരി മുനിസിപ്പൽ സ്റ്റേഡിയം പ്രധാന കവാടത്തിൽ നിന്നു റവന്യു ടവറിനു മുന്നിലൂടെ കാവിൽ ക്ഷേത്രം‍ വരെയുള്ള റോഡിനെ ഭരതൻ നായർ റോഡ് എന്നും നാമകരണം ചെയ്യാനാണ് അന്നു തീരുമാനിച്ചിരുന്നത്.എന്നാൽ പ്രഖ്യാപനം നടത്തി ഒരു വർഷം ആയിട്ടും ഇതു സംബന്ധിച്ചുള്ള അറിയിപ്പ് പോലും ഈ റോഡുകളിൽ സ്ഥാപിച്ചിട്ടില്ല.

ചങ്ങനാശേരിയിലെ കായിക താരങ്ങളും കായിക പ്രേമികളും ഒത്തു കൂടുന്ന മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ വശങ്ങളിലെ റോഡുകൾക്കു ചങ്ങനാശേരിയുടെ അഭിമാന താരങ്ങളുടെ പേരുകൾ നൽകിയതിനെ പലരും അഭിനന്ദിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ തുടർന്നു യാതൊരു നടപടിയും എടുക്കാത്തതിൽ ഇവരും നിരാശയിലാണ്. കുറിച്ചി, വാഴപ്പള്ളി, മാടപ്പള്ളി പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന വൈദ്യരുപടിയിൽ നിന്നു ചീരഞ്ചിറ വഴി വട്ടച്ചാൽപടിയിലേക്കുള്ള റോഡും അഞ്ജു ബോബി ജോർജിന്റെ പേരിലാണ് അറിയപ്പെടുന്നത്. ലോക അത്‌ലറ്റിക് മീറ്റിൽ പങ്കെടുത്തതിനു ശേഷം മടങ്ങിയെത്തിയപ്പോഴാണ് ഈ പേര് നൽകിയത്. ഇതു സംബന്ധിച്ചുള്ള ബോർഡുകൾ റോഡിൽ സ്ഥാപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com