ADVERTISEMENT

കോട്ടയം ∙ തുറന്നു വച്ച തലച്ചോറിൽ നിന്ന് ട്യൂമർ നീക്കുന്നതിനിടെ ഉണർന്നിരിക്കുന്ന രോഗിയായ പീറ്ററിനോട് ‘ഒരു പാട്ടു പാടാമോ’ എന്നുള്ള ന്യൂറോ സർജൻ ഡോ. പി.കെ. ബാലകൃഷ്ണന്റെ ചോദ്യത്തിനു മറുപടിയായി പീറ്റർ നാലുവരി ഗാനം മൂളി. പിന്നീട് കുടുംബകാര്യങ്ങളും തൊഴിൽ വിശേഷങ്ങളും ഒക്കെയായി 5 മണിക്കൂർ ഇവർ സംസാരിച്ചുകൊണ്ടേയിരുന്നു. ഒപ്പം പീറ്ററിന്റെ തലച്ചോറിനുള്ളിലെ 4 സെന്റീമീറ്റർ വലുപ്പമുള്ള ട്യൂമർ ഡോക്ടർമാരുടെ സംഘം നീക്കം ചെയ്തു. രോഗി ബോധത്തോടെ സംസാരിക്കുമ്പോൾത്തെന്നെ തല തുറന്നുള്ള രണ്ട് അപൂർവ ശസ്ത്രക്രിയകളാണ് ചൊവ്വ, ബുധൻ ദിവസങ്ങളിലായി മെ‍‍ഡിക്കൽ കോളജിലെ ന്യൂറോസർജറി വിഭാഗത്തിൽ വിജയകരമായി പൂർത്തിയാക്കിയത്. 

കടുത്തുരുത്തി തിരുവമ്പാടി ചെറനിരപ്പ് മറ്റക്കോട്ടിൽ പീറ്റർ എം. വർക്കി(46)യുടെയും കൊടുങ്ങല്ലൂർ എറിയാട് തയ്യിൽ പ്രദീപിന്റെ(49)യും ശസ്ത്രക്രിയകളാണു നടത്തിയത്. ഇരുവർക്കും തലച്ചോറിന്റെ ഇടതുഭാഗത്താണ് ട്യൂമർ ഉണ്ടായിരുന്നത്. സംസാരം, ചലനം എന്നിവയെ നിയന്ത്രിക്കുന്ന ഭാഗത്താണ് ഇതു കണ്ടെത്തിയത്. അതിനാൽ ശസ്ത്രക്രിയ നടക്കുമ്പോൾ രോഗിയുടെ സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇതു കണ്ടെത്തുന്നതിനാണ് ബോധത്തോടെ ഉണർന്നിരിക്കെത്തന്നെ തലച്ചോറിന്റെ ശസ്ത്രക്രിയ നടത്തുന്നത്. ശസ്ത്രക്രിയകളിൽ തല മാത്രമാണ് മരവിപ്പിക്കുക. ശസ്ത്രക്രിയ ചെയ്യുന്നതിനിടെ ഡോക്ടർമാർ രോഗിയുമായി തുടർച്ചയായി സംസാരിച്ചുകൊണ്ടിരിക്കും.

തലയുടെ ആന്തരിക അവയവങ്ങൾ വേദനരഹിതമായതിനാൽ രോഗി ശസ്ത്രക്രിയ അറിയുക പോലുമില്ലെന്ന് ഡോ. പി.കെ. ബാലകൃഷ്ണൻ പറഞ്ഞു. മേസ്തിരിത്തൊഴിലാളിയാണ് പീറ്റർ എം. വർക്കി. രണ്ടു മാസമായി കൈ വിരലുകൾക്കു ബലക്കുറവും അനുഭവപ്പെട്ടു. അപസ്മാര ലക്ഷണങ്ങളോടെ വീണതോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പ്രദീപും നിർമാണത്തൊഴിലാളിയാണ്. രണ്ടാഴ്ച മുൻപ് സംസാരിക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടായി. ഇതോടെയാണ് ചികിത്സ തേടിയത്. വിശദമായ പരിശോധനയിലും സ്കാനിങ് റിപ്പോർട്ടിലും തലയിൽ 4 സെന്റീമീറ്റർ വലുപ്പമുള്ള മുഴ കണ്ടെത്തി. ഇന്നലെ 11. 30 ന് ആരംഭിച്ച ശസ്ത്രക്രിയ വൈകിട്ട് 4.35 നാണ് പൂർത്തിയായത്.

പൂർണമായും ബോധത്തോടെ സംസാരിച്ചു കൊണ്ടുതന്നെയാണ് പ്രദീപിന്റെ ശസ്ത്രക്രിയ പൂർത്തിയാക്കിയതെന്ന് ഡോക്ടർമാർ അറിയിച്ചു. ന്യൂറോ സർജറി വിഭാഗം ഡോ. ടിനു രവി ഏബ്രഹാം, ഡോ. ഷാജു മാത്യു, ഡോ. വിനു വി. ഗോപാൽ, ഡോ. ഫിലിപ്പ് ഐസക്ക്, ഡോ. ജോ പോൾ, ഡോ. ഇർഫാൻ മുഹമ്മദ്, അനസ്തീസിയ വിഭാഗത്തിലെ ഡോ. ഷീലാ വർഗീസ്, ഡോ. ആർ. സേതുനാഥ്, ഡോ. എലിസബത്ത് ജോസഫ്, തുടങ്ങിയവർ ശസ്ത്രക്രിയയിൽ പങ്കെടുത്തു. മുൻപ് ഒരുതവണ ന്യൂറോസർജറി വിഭാഗം രോഗി ഉണർന്നിരിക്കെ തലച്ചോറിന്റെ ശസ്ത്രക്രിയ വിജയകരമായി നടത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com