ADVERTISEMENT

കുറവിലങ്ങാട് ∙ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായി തുറക്കുന്ന ദിവസം മുതൽ 20 മിനിറ്റ് ഇടവേളകളിൽ ബസ് സർവീസ്, എംസി റോഡിൽ കൂത്താട്ടുകുളം–കോട്ടയം റൂട്ടിൽ കെഎസ്ആർടിസി ഓർഡിനറി ചെയിൻ സർവീസ്,വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാർക്കു കൂടുതൽ സൗകര്യം.അങ്ങനെ പോകുന്നുനനൽകിയ ഉറപ്പുകളുടെ പട്ടിക. കോർപറേഷൻ അധികൃതർ നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല.  തിങ്കളാഴ്ച ആരംഭിക്കുമെന്നു അറിയിച്ച സർവീസുകൾ ഇതുവരെ തുടങ്ങിയിട്ടില്ല.

∙എന്തു സംഭവിച്ചു

കൂത്താട്ടുകുളം ഡിപ്പോയിൽ നിന്നു 9 ബസുകൾ സർവീസ് നടത്താനായിരുന്നു തീരുമാനം. ചെയിൻ മുടങ്ങിയത് ഡിപ്പോയുടെ മാത്രം പ്രശ്നമല്ല. ഗതാഗതമന്ത്രി നേരിട്ടു പങ്കെടുത്ത കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ഉന്നതതല യോഗത്തിൽ എടുത്ത തീരുമാനങ്ങളും തുടർന്നു ഡിപ്പോകളിൽ ലഭിച്ച സർക്കുലറിലെ നിർദേശങ്ങളുമാണു ബസ് സർവീസ് ഇല്ലാതാക്കിയത്. 

∙ഓർഡിനറി ചെയിൻ സർവീസുകളുടെ കാര്യത്തിൽ ഒരു ഡിപ്പോ മാത്രം തീരുമാനം എടുക്കരുതെന്നാണ് നിർദേശം. മറ്റു യൂണിറ്റ് അധികൃതരുമായി ചർച്ച നടത്തണം.

∙ഒരു ബസ് സർവീസിന്റെ പ്രതിദിന വരുമാനം മാത്രമല്ല ഒരു കിലോമീറ്റർ ഓടുമ്പോൾ ലഭിക്കുന്ന വരുമാനവും കണക്കാക്കി സർവീസ് നടത്തിയാൽ മതിയെന്നു നിർദേശം. കോട്ടയം –കൂത്താട്ടുകുളം റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന ഒരു ബസ് പ്രതിദിനം ഓടുന്നത് 320 കിലോമീറ്റർ. 13000 രൂപയിൽ കൂടുതൽ വരുമാനം ലഭിച്ചാൽ സർവീസ് ലാഭകരം എന്നു കോർപറേഷൻ. ഈ നിബന്ധന നിലനിൽക്കെ ഓരോ കിലോമീറ്ററിനും ലഭിക്കുന്ന വരുമാനം കൂടി കണക്കാക്കി സർവീസ് നടത്താൻ നിർദേശം നൽകി. 

ഏതെങ്കിലും ട്രിപ്പിന്റെ വരുമാനം കിലോമീറ്ററിനു 25 രൂപയിൽ നിന്നു കുറഞ്ഞാൽ സർവീസ് അയയ്ക്കുന്ന ഉദ്യോഗസ്ഥൻ വിശദീകരണം നൽകണം.പ്രതിദിന വരുമാനവും ഓരോ ട്രിപ്പിലെ വരുമാനവും ഒക്കെ നോക്കി സർവീസ് നടത്തിയാൽ മിക്ക ബസുകളും നിരത്തിൽ ഇറങ്ങില്ലെന്നു തൊഴിലാളി യൂണിയനുകൾ പറയുന്നു. സേവന മേഖലയാണെന്നും വരുമാനത്തിന്റെ അടിസ്ഥാനത്തിൽ സർവീസ് എന്നും ഒരേ സമയം പറയുന്നത് പ്രായോഗികമല്ലെന്നു യൂണിയനുകൾ പറയുന്നു.

രാവിലെയും വൈകിട്ടും സ്കൂൾ വിദ്യാർഥികൾ കൂടുതലായി ബസിൽ യാത്ര ചെയ്യുന്നു. ഇവർക്കു നൽകുന്ന സൗജന്യ നിരക്ക് വരുമാനത്തിൽ ഉൾപ്പെടില്ല. ഫലത്തിൽ ഈ ട്രിപ്പുകൾ നഷ്ടത്തിൽ എന്നു കണക്കാക്കും.പുതിയ നിർദേശങ്ങൾ വന്നതോടെ ചെയിൻ സർവീസുകൾ ആരംഭിക്കാനുള്ള തീരുമാനത്തിൽ നിന്നും ഡിപ്പോ അധികൃതർ പിന്നാക്കം പോയി. യാത്രാക്ലേശം വർധിക്കുകയും ചെയ്തു.

∙എന്താണ് ഇപ്പോൾ അവസ്ഥ

കൂത്താട്ടുകുളം ഡിപ്പോയിൽ നിന്നു ചെയിൻ സർവീസ് പൂർണതോതിൽ ആരംഭിക്കാനായിരുന്നു തീരുമാനം. പുലർച്ചെ 5.20ന് ആദ്യ സർവീസ്. 20 മിനിറ്റ് ഇടവേളയിൽ ഓർഡിനറി ബസ്.നിലവിൽ കൂത്താട്ടുകുളം–കോട്ടയം റൂട്ടിൽ ദീർഘദൂര ബസുകൾ ഉണ്ടെങ്കിലും എല്ലാ സ്റ്റോപ്പിലും നിർത്തില്ല.കോട്ടയം മുതൽ ഏറ്റുമാനൂർ വരെ സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും ഉണ്ട്. ഏറ്റുമാനൂർ മുതൽ കൂത്താട്ടുകുളം വരെ കെഎസ്ആർടിസി ഓർഡിനറി ബസുകൾ മാത്രമാണ് വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാരുടെ ആശ്രയം.

ചെയിൻ സർവീസ് മുടങ്ങിയതോടെ എംസി റോഡ് ഉൾപ്പെടെ പ്രധാന പാതകളിൽ ബസുകളുടെ എണ്ണം കുറവാണ്. നിലവിൽ സർവീസ് നടത്തുന്ന ബസുകളിൽ വിദ്യാർഥികൾ കൂടിയെത്തിയതോടെ തിരക്ക് വർധിച്ചു. തിക്കിത്തിരക്കിയാണു പലപ്പോഴും യാത്ര. നിലവിൽ മൂന്നോ നാലോ ബസുകൾ മാത്രമാണ് എംസി റോഡിൽ സർവീസ് നടത്തുന്നത്. വിദ്യാർഥികൾക്കു ക്ലാസ് സമാപിക്കുന്ന ഉച്ചസമയത്ത് ബസുകൾ ആവശ്യത്തിനു ഇല്ല. കൂടുതൽ ബസുകൾ അനുവദിച്ചു യാത്രാക്ലേശം പരിഹരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com