ADVERTISEMENT

കൊക്കയാർ∙ ‘പിന്നേം നമ്മൾ അവിടേക്കാണല്ലേ പോകുന്നത്... ’ ജനകീയ സമിതിയുടെ പലായന സമരത്തിന്റെ ബാനറിനു പിന്നിൽ പ്ലക്കാർഡ് പിടിച്ചുനടന്ന ആറു വയസ്സുകാരനായ കുഞ്ഞു റിച്ചുവിന്റെ ആശങ്ക നിറഞ്ഞ ചോദ്യമാണിത്. സഹോദരൻ സച്ചുവിന്റേത് ഉൾപ്പെടെ ആറു പേരുടെ ജീവൻ പ്രളയം കവർന്ന മാക്കൊച്ചിയിലേക്കുള്ള യാത്രയിൽ റിച്ചുവിനെ പോലെ തന്നെ പിന്നിൽ അണിനിരന്ന യുവാക്കളുടെയും വയോധികരുടെയും എല്ലാം മനസ്സിൽ ഇങ്ങനെയൊരു ചോദ്യം ഭീതിയോടെ നിഴലിച്ചിരുന്നു.

നഷ്ടഭൂവിലേക്കു പലായനം...: ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിൽ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കുള്ള പുനരധിവാസ പദ്ധതികൾ എങ്ങുമെത്താത്തതിൽ പ്രതിഷേധിച്ച് ദുരിതാശ്വാസ ക്യാംപിൽനിന്ന്, പ്രളയ ദുരന്തമുണ്ടായ സ്ഥലത്തേക്ക് കൊക്കയാർ മാക്കൊച്ചി നിവാസികൾ നടത്തിയ പലായന സമരം.. കൊച്ചുകുട്ടികൾ അടങ്ങുന്ന കുടുംബങ്ങൾ കട്ടിൽ, മെത്ത, ചട്ടി, കലം തുടങ്ങി വീട്ടിലെ സാധനങ്ങൾ എടുത്താണ് കൊക്കയാർ വില്ലേജ് ഓഫിസ് പടിക്കൽനിന്നു പലായനം ചെയ്തത്. ദുരന്തഭൂമിയിൽ കുടിൽകെട്ടിയാണ് സമരം. പുനരധിവാസത്തിന് നടപടി ഉണ്ടാകും വരെ സമര പന്തലിൽ കഴിയാനാണ് നാട്ടുകാരുടെ തീരുമാനം.

ഉരുൾപൊട്ടലുണ്ടായ പ്രദേശത്തിനു സമീപത്തുപോലും ഇനി ആളുകൾ താമസിക്കരുതെന്നാണ് അധികൃതർ നൽകിയ നിർദേശം. ഉരുൾപൊട്ടിവന്ന മല മുകളിൽ ഇനിയും താഴേക്കു വീഴാറായ കല്ലുകളുണ്ട്. ഇവ പൂർണമായും പൊട്ടിച്ചുമാറ്റാനും നടപടി ഉണ്ടായിട്ടില്ല. ഉരുൾപൊട്ടലുണ്ടായതിനു പിന്നാലെ സമീപത്തെ സെന്റ് ലൂക്ക്സ് സിഎസ്ഐ പള്ളിയിലാണ് നാട്ടുകാർക്ക് അഭയം നൽകിയത്. അവിടെ നാട്ടുകാരായ സുമനസ്സുകളുടെ സഹായത്തോടെയാണ് ഭക്ഷണം നൽകിയിരുന്നത്. പിന്നീട് ക്യാംപ് കിലോമീറ്ററുകൾ അകലെ കുറ്റിപ്ലാങ്ങാട് സ്കൂളിലേക്കു മാറ്റാൻ ശ്രമം നടത്തിയെങ്കിലും ജനങ്ങൾ എതിർത്തതോടെ സിഎസ്ഐ പാരിഷ് ഹാളിൽ ക്യാംപ് ഒരുക്കുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു തീരുമാനങ്ങളും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ആളുകൾ സമരമുഖത്ത് എത്തിയത്. വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളും സമരത്തിന് ഐക്യദാർഢ്യവുമായി എത്തിയിരുന്നു.

  ഇനി എത്ര ദൂരം...കൊക്കയാർ പഞ്ചായത്തിലെ മാക്കൊച്ചി നിവാസികൾ ദുരിതാശ്വാസ ക്യാംപിൽനിന്നു നടത്തിയ പലായനം ഉരുൾപൊട്ടലുണ്ടായ സ്ഥലത്തെത്തിയപ്പോൾ.        ചിത്രം: മിലൻ മാത്യൂസ്
ഇനി എത്ര ദൂരം...കൊക്കയാർ പഞ്ചായത്തിലെ മാക്കൊച്ചി നിവാസികൾ ദുരിതാശ്വാസ ക്യാംപിൽനിന്നു നടത്തിയ പലായനം ഉരുൾപൊട്ടലുണ്ടായ സ്ഥലത്തെത്തിയപ്പോൾ. ചിത്രം: മിലൻ മാത്യൂസ്

മുണ്ടക്കയം ഈസ്റ്റ്

∙ പുനരധിവാസ പദ്ധതികൾ എങ്ങുമെത്തിയില്ല. ദുരിതാശ്വാസ ക്യാംപിൽനിന്ന്, പ്രളയ ദുരന്തമുണ്ടായ സ്ഥലത്തേക്ക് കൊക്കയാർ മാക്കൊച്ചി നിവാസികൾ പലായന സമരം നടത്തി. കൊച്ചുകുട്ടികൾ അടങ്ങുന്ന ഒട്ടേറെ കുടുംബങ്ങൾ കട്ടിൽ, മെത്ത, ചട്ടി, കലം തുടങ്ങി വീട്ടിലെ സാധനങ്ങൾ കൈകളിൽ എടുത്താണ് കൊക്കയാർ വില്ലേജ് ഓഫിസ് പടിക്കൽനിന്നു മാക്കൊച്ചിയിലേക്കു പലായനം ചെയ്തത്. ദുരന്തഭൂമിയിൽ കുടിൽകെട്ടി നടത്തിയ സമരം പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. പുനരധിവാസത്തിന് നടപടി ഉണ്ടാകും വരെ സമര പന്തലിൽ കഴിയാനാണ് നാട്ടുകാരുടെ തീരുമാനം.

ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്ത് പരിധിയിൽ 7 പേർ മരിച്ച ഉരുൾപൊട്ടലുണ്ടായ സ്ഥലത്തെ രക്ഷപ്പെട്ടവരും സമീപ പ്രദേശങ്ങളിലുള്ള 23 കുടുംബങ്ങളിലുള്ളവരുമാണ് ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞിരുന്നത്. ബന്ധുവീടുകളിലും വാടക വീടുകളിലും അഭയം തേടിയ ആളുകളും ഒട്ടേറെയാണ്. മരിച്ചവരുടെ ആശ്രിതർക്ക് സഹായം നൽകിയതും ഉരുൾപൊട്ടലുണ്ടായ മേഖലയിലെ സമീപത്തെ വീടുകളിൽ പോലും ജനവാസം സാധ്യമല്ലെന്ന് റിപ്പോർട്ട് നൽകിയതും മാത്രമാണ് ഇവിടെ ആകെയുണ്ടായ നടപടി. ഇതോടെയാണ് ജനങ്ങൾ രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനകീയ സമിതി രൂപീകരിച്ചത്.

   സമയം എന്നു ശരിയാകും...കൊക്കയാർ മാക്കൊച്ചിയിൽ ഉരുൾപൊട്ടലുണ്ടായി 7 പേർ മരിച്ച സ്ഥലത്ത് മണ്ണിൽ കിടക്കുന്ന വാച്ച്. പ്രദേശത്ത് പുനരധിവാസ പദ്ധതികൾ എങ്ങും എത്താത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ നടത്തിയ പലായന സമരം പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നതാണ് പിന്നിലെ കാഴ്ച.
സമയം എന്നു ശരിയാകും...കൊക്കയാർ മാക്കൊച്ചിയിൽ ഉരുൾപൊട്ടലുണ്ടായി 7 പേർ മരിച്ച സ്ഥലത്ത് മണ്ണിൽ കിടക്കുന്ന വാച്ച്. പ്രദേശത്ത് പുനരധിവാസ പദ്ധതികൾ എങ്ങും എത്താത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ നടത്തിയ പലായന സമരം പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നതാണ് പിന്നിലെ കാഴ്ച.

ഉരുൾപൊട്ടലിൽനിന്നു രക്ഷപ്പെട്ട 77 വയസ്സുകാരനായ ജോസഫ് ജോൺ ചേരിക്കലാത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു. കൂട്ടിക്കൽ സെന്റ് ലൂക്ക്സ് സിഎസ്ഐ പള്ളി വികാരി ഫാ.പി.കെ.സെബാസ്റ്റ്യൻ, അയൂബ്ഖാൻ കട്ടപ്ലാക്കൽ, പി.ജെ.വർഗീസ് പുത്തൻപുരയ്ക്കൽ, സ്റ്റാൻലി സണ്ണി, സണ്ണി ആന്റണി, നൗഷാദ് വെംബ്ലി, മാത്യു കമ്പിയിൽ റെഞ്ചി പ്ലാക്കുന്നേൽ കെ.എച്ച് തൗഫീഖ്, ജിജി ഡേവിഡ്, കെ.എച്ച് ഷെമീർ ഖാൻ, ഷാഹുൽ പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

ആകെയുണ്ടായ നടപടി

∙മരിച്ചവരുടെ ആശ്രിതർക്ക് സഹായം നൽക‌‌ി
∙ഉരുൾപൊട്ടലുണ്ടായ മേഖലയിൽ ജനവാസം സാധ്യമല്ലെന്ന് റിപ്പോർട്ട് സമർപ്പിച്ചു

ദുരന്തം നാശം വിതച്ച മേഖലയിൽ പുനരധിവാസത്തിന് ഇഴഞ്ഞു നീങ്ങിയ സമീപനം നടത്തുന്നതു ശരിയല്ല. എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി യോഗം ചേർന്ന് അതിവേഗ നടപടികൾ സ്വീകരിക്കാൻ ഇനിയെങ്കിലും സർക്കാർ സംവിധാനങ്ങൾ തയാറാകണം.- സി.ആർ.നീലകണ്ഠൻ പരിസ്ഥിതി പ്രവർത്തകൻ

ഉരുൾപൊട്ടി ദുരന്തമുണ്ടായപ്പോൾ പൂർണമായും തകർന്ന വീട്ടിൽനിന്നു ഞാനും ഭാര്യയും അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഭീതിയുടെ നിമിഷങ്ങളിൽ മണിക്കൂറുകളോളം വീടിനു സമീപമുള്ള വിറകുപുരയിൽ ഇരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയിൽ പോയത്. രക്ഷാപ്രവർത്തനത്തിനെത്തിയ അധികൃതർ ഒരു ആംബുലൻസ് പോലും കൊണ്ടു വന്നിരുന്നില്ല. ആ സാഹചര്യത്തിലും നാട്ടുകാരുടെ പരസ്പര സഹായങ്ങളാണ് തുണയായത്.- ജോസഫ് ജോൺ ചേരിക്കലാത്ത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com