ADVERTISEMENT

കോട്ടയം∙ റിപ്പബ്ലിക് ഡേ പരേഡിൽ കോട്ടയത്തിന്റെ പേരു ചേർത്ത് ബസേലിയസ് പെൺകുട്ടികൾ. ബസേലിയസ് കോളജിലെ എൻഎസ്എസ് വൊളന്റിയർമാരായ 10 പേർ അടങ്ങുന്ന സംഘത്തെ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ഡേ പരേഡിൽ നൃത്തം അവതരിപ്പിക്കാൻ തിരഞ്ഞെടുത്തു. ഭാരതാംബയെ വന്ദിക്കുന്ന സെമി ക്ലാസിക്കൽ നൃത്തമാണ് സംഘം അവതരിപ്പിക്കുക. 4 ഘട്ടങ്ങളായി നടന്ന മത്സരങ്ങളിലൂടെയാണു സംഘം റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകാൻ യോഗ്യത നേടിയത്. നെഹ്റു യുവകേന്ദ്ര വഴിയാണ് കൾചറൽ പ്രോഗ്രാമിനുള്ള മത്സരങ്ങളെക്കുറിച്ച് അറിഞ്ഞതെന്ന് ടീം ലീഡർ‌ ആരതി ഷാജി പറഞ്ഞു.

ആദ്യ ഘട്ട മത്സരത്തിൽനിന്ന് സംസ്ഥാനതല മത്സരത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ബെംഗളൂരുവിൽ‌ നടന്ന ദക്ഷിണ മേഖല മത്സരത്തിൽ പങ്കെടുത്തു വിജയികളായി. ദേശീയതല മത്സരം ഡൽഹിയിലാണു നടന്നത്. ഇതിലും യോഗ്യത നേടിയതോടെയാണ് റിപ്പബ്ലിക് ദിന പരേഡിലേക്കു തിര‍ഞ്ഞെടുക്കപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 480 നർത്തകരാണ് റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹിയിലെ രാജവീഥികളിൽ പരിപാടി അവതരിപ്പിക്കുക. ഡാൻസ് കൺസപ്റ്റ് ആരതി തന്നെയാണ് തയാറാക്കിയത്. കൊറിയോഗ്രഫി ആരതിയും സുഹൃത്തുക്കളും ചേർന്നു തയാറാക്കി.

കോളജിലെ കൊറിയോഗ്രഫി ക്ലബ് ഇൻ ചാർജും സുവോളജി അധ്യാപികയുമായ ഉമാ സുരേന്ദ്രൻ മാർഗനിർദേശങ്ങൾ നൽകി. പ്രിൻസിപ്പൽ ഡോ.ബിജു തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ.പി.ജോബിമോൾ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ ഡോ.വിജു കുര്യൻ, പ്രഫ. ആഷ്‌ലി തോമസ് എന്നിവർ പൂർണ പിന്തുണ നൽകി. കോട്ടയം ബസേലിയസ് എൻഎസ്എസ് എന്നാണ് ടീമിന്റെ പേര്. ഗോപിതാ ഗോപൻ, പി.മീരാ രാജ്, അഞ്ജിത എ.നായർ, എം.കെ.ആര്യാ മോൾ, ആർ.നന്ദന, കെ.എസ്.കൃഷ്ണപ്രിയ, വി.എ.നീലാംബരി വർമ, പി.എം.അമ്പിളി, ആദിത്യ പ്രദീപ് എന്നിവരാണ് ടീം അംഗങ്ങൾ. സംഘം ഇന്നലെ ഡൽഹിക്കു തിരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com