ADVERTISEMENT

പങ്കാളികളെ കൈമാറ്റം ചെയ്ത സംഭവത്തെ കുറിച്ച് റിട്ട. അധ്യാപികയും എഴുത്തുകാരിയുമായ മ്യൂസ് മേരി പ്രതികരിക്കുന്നു

അകം ജീർണിച്ചുപോയ നന്മമരമാണോ വീട് എന്ന ചോദ്യമാണു കറുകച്ചാലിൽ നടന്ന സംഭവം ഉയർത്തുന്നത്. ‘കീ ചെയിൻ ക്ലബ്ബു’കളെക്കുറിച്ചുള്ള വാർത്തകളൊക്കെ ഒരു കാലത്ത് അവിടവിടെ കേട്ടിരുന്നുവെങ്കിലും ഒട്ടുമിക്ക ദാമ്പത്യ ജീവിതങ്ങളും ഇത്തരം ക്ലബ്ബുകളുടെ പ്രവർത്തനപരിധിക്കു വെളിയിലായിരുന്നു. തീറ്റ, കുടി, ഭോഗം എന്നിവയൊക്കെ വഴി മദിച്ചു വാഴേണ്ടതാണു ജീവിതമെന്ന ചിന്തയ്ക്ക് ആക്കം കൂടി വരുമ്പോൾ ഏറ്റവുമധികം വിസ്ഫോടനങ്ങൾക്കു വേദിയാകുന്നത് വീടാണ്. ഇത്തരം സംഭവങ്ങളിൽ മിക്കതിലും ഇരയാക്കപ്പെടുന്നത് സ്ത്രീസമൂഹമാണ് എന്നതാണു വസ്തുത. എല്ലായിടത്തും പണത്തിന്റെ സ്വാധീനം തെളിഞ്ഞുകാണുന്ന ഇക്കാലത്ത്, ആധുനിക സാങ്കേതികത ഉപയോഗിച്ച് കുടുംബങ്ങൾക്കുള്ളിൽ തന്നെ സ്ത്രീശരീരം വസ്തുവൽക്കരിക്കപ്പെടുകയും ഇരയാക്കപ്പെടുകയും ചെയ്യുന്നു. കറുകച്ചാൽ സംഭവത്തിൽ നാം കണ്ടതുപോലെ, ആധിപത്യ സ്വഭാവമുള്ള പുരുഷകാമനകൾ തന്നെയാണ് സ്ത്രീയുടെ അവകാശങ്ങളുടെ മേൽ സ്വന്തം ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കുന്നത്. 

ഭീഷണികൾ ഇല്ലാതെ, സ്വന്തം ഇഷ്ടപ്രകാരം സ്ത്രീകൾ ചെയ്യുന്നുവെന്നു പറയുന്ന പല കാര്യങ്ങളുടെയും പിന്നിൽ നിർബന്ധബുദ്ധി, വശംവദരാക്കൽ, മാനസികസമ്മർദം തുടങ്ങിയ ഘടകങ്ങൾ ഒളിഞ്ഞും തെളിഞ്ഞും കാണാവുന്നതാണ്.ആധുനികതയുടെയും ‘ഫാഷന്റെ’യും മുഖംമൂടിയണിഞ്ഞ പ്രലോഭനങ്ങളാണു സ്ത്രീകളെ കച്ചവടവസ്തുക്കളാക്കുന്നത്. ഇപ്പോൾ പുറത്തുവന്ന വാർത്ത നമ്മുടെ സമൂഹത്തിനുള്ളിൽ പുകയുന്ന അഗ്നിപർവതത്തിന്റെ ചെറിയ ഭാഗം മാത്രമാണ്. ഓൺലൈനിൽ വിരിയുന്ന വെർച്വൽ ലോകത്തിന്റെ ഫലമായ അക്രമാത്മക ലൈംഗികതയുടെ ലോകത്തിലേക്കു മനുഷ്യൻ കാൽതെറ്റി വീണുപോകുന്നതിന്റെ അനന്തരഫലമാണ് ഇത്.

കുടുംബജീവിതമെന്ന ദീർഘകാല കൂട്ടുജീവിതത്തിന്റെ സാധ്യതകൾ ശരീരത്തിന്റെ തൃഷ്ണാശമനത്തിനപ്പുറമാണു നിലനിൽക്കുന്നത്.  കൂട്ടുചേർന്ന ശാരീരികാധ്വാനത്തിന്റെയും മാനസികതൃപ്തിയുടേതുമൊക്കെയായ അനുഭവങ്ങളുടെ സൗന്ദര്യത്തെക്കൂടി അത് ഉൾച്ചേർക്കുന്നുണ്ട്. രോഗത്തിലും സങ്കടത്തിലും വിഷമതകളിലുമൊക്കെ താങ്ങായി ചേർന്നുനിൽക്കുന്ന പങ്കാളിത്തത്തിന്റേതായ സ്ത്രീ – പുരുഷ ജീവിതം കൂടി കേവലം ലൈംഗിക സന്തോഷങ്ങൾക്കപ്പുറം ഉണ്ട്. പ്രണയവും ലൈംഗികമായ ജനാധിപത്യബോധവും സ്ത്രീപുരുഷ സമത്വവും ബഹുമാനവുമുള്ള ബന്ധങ്ങൾ കൊണ്ടാണ് കുടുംബജീവിത ബന്ധങ്ങൾ നിറയേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com