ADVERTISEMENT

കോട്ടയം∙ പഴയ വൈദ്യുതി കുടിശിക അടയ്ക്കാനുണ്ടെന്നും രാത്രി വൈദ്യുതി വിഛേദിക്കുമെന്നും കാണിച്ച് മൊബൈൽ ഫോണിൽ വന്ന സന്ദേശത്തെ തുടർന്ന് മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർക്ക് നഷ്ടപ്പെട്ടത് 10,000 രൂപ. കഴിഞ്ഞ ദിവസമാണ് സംഭവം. പഴയ വൈദ്യുതി ബിൽ അടച്ചില്ലെന്നും ഇന്ന് രാത്രി 9.30ന് വീട്ടിലെ വൈദ്യുതി ബന്ധം വിഛേദിക്കുമെന്നും ഉടൻ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനെ ബന്ധപ്പെടണമെന്നും സന്ദേശത്തിൽ പറയുന്നു. ഒപ്പം ഒരു ഫോൺ നമ്പറും നൽകിയിരുന്നു.

വൈദ്യുത വകുപ്പിന്റെ ഔദ്യോഗിക സന്ദേശമാണ് എന്ന് തെറ്റിദ്ധരിച്ച് ഡോക്ടർ ഫോ‍ണിൽ ലഭിച്ച മൊബൈൽ നമ്പറിൽ ബന്ധപ്പെട്ട് വൈദ്യുതി ബിൽ കൃത്യമായി അടച്ചതായി അറിയിച്ചു. എന്നാൽ ഫോൺ എടുത്ത ആൾ പരിശോധനയ്ക്കെന്ന വിധം ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോദിച്ച് മനസ്സിലാക്കി. മിനിറ്റുകൾക്കുള്ളിൽ 10,000 രൂപ ഡോക്ടറുടെ ബാങ്ക് അക്കൗണ്ടിൽനിന്നു നഷ്ടപ്പെട്ടു. ഇതോടെയാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്. പണം നഷ്ടപ്പെട്ട ശേഷം കെഎസ്ഇബി ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് വ്യാജ സന്ദേശമാണു വന്നതെന്നു ബോധ്യപ്പെട്ടത്. ബാങ്കിൽ ഇടപെട്ട് അക്കൗണ്ട് ബ്ലോക്ക് ചെയ്തു.

സംഭവം സംബന്ധിച്ച് ഡോക്ടർ പൊലീസിൽ പരാതി നൽകിയിട്ടില്ല. മുൻപ് ജില്ലയിലെ ഒരു എഎൽഎയുടെ ഫോണിലേക്കും സമാന വിധത്തിൽ വ്യാജ സന്ദേശം ലഭിച്ചിരുന്നു. ഉടൻ കെഎസ്ഇബിയിൽ ബന്ധപ്പെട്ട ശേഷം പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ജാർഖണ്ഡിൽനിന്നുള്ള വ്യാജ സിം കാർഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പാണെന്നു ബോധ്യപ്പെട്ടു. കെഎസ്ഇബിയിൽനിന്ന് എന്ന പേരിൽ എത്തി വീടുകൾ കയറിയിറങ്ങി ബൾബുകൾ വിൽപന നടത്തുന്ന സംഘങ്ങളും കെഎസ്ഇബി വൈദ്യുതി ചാർജ് പിരിക്കുന്നുവെന്ന വിധം പണം വാങ്ങി തട്ടിപ്പു നടത്തുന്ന സംഘങ്ങളും ജില്ലയിൽ സജീവമാണ്.

ഗുണഭോക്താക്കൾ വ്യാജ സന്ദേശങ്ങളിൽ വഞ്ചിക്കപ്പെടരുത്. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ സത്യാവസ്ഥ അറിയാൻ കെഎസ്ഇബി ഓഫിസുമായി ബന്ധപ്പെടണം. കെഎസ്ഇബി വീടുകളിൽ എത്തിച്ച് ബൾബുകൾ വിൽപന നടത്തുന്നതിനോ വൈദ്യുതി ചാർജ് പിരിക്കാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ‌ഉച്ചയ്ക്ക് ഒരു മണിക്കുശേഷം കെഎസ്ഇബി വൈദ്യുതി വിഛേദിക്കുകയുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com