ADVERTISEMENT

കുറവിലങ്ങാട് ∙മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിലെ ചരിത്ര പ്രസിദ്ധമായ മൂന്നുനോമ്പ് തിരുനാൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു നടത്താൻ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പള്ളി യോഗം പ്രതിനിധികൾ എന്നിവരുടെ യോഗം തീരുമാനിച്ചു. തിരുനാൾ ഫെബ്രുവരി 7,8,9 തീയതികളിൽ നടത്തും. 8ന് കപ്പൽ പ്രദക്ഷിണം. ഒരുക്കങ്ങൾ വിലയിരുത്താനും വിവിധ വകുപ്പുകളുടെ ഏകോപനത്തിനും മോൻസ് ജോസഫ് എംഎൽഎയാണ് യോഗം വിളിച്ചത്. വിവിധ വകുപ്പ് പ്രതിനിധികൾ പങ്കെടുത്തു. 

തീരുമാനങ്ങൾ-

∙പഞ്ചായത്ത്ശുചീകരണ ജോലികൾ നടത്തും. പൊതു ശുചിമുറികൾ പൂർണമായി തുറക്കും. തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കും. ഗ്രാമീണ റോഡുകൾ, സമാന്തര പാത എന്നിവ വൃത്തിയാക്കും.

∙കെഎസ്ഇബി

തിരുനാൾ ദിനങ്ങളിൽ വൈദ്യുതി വിതരണം തടസ്സം ഇല്ലാതെ നടത്തുമെന്നു കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഉറപ്പ്. സേവനത്തിനു കൂടുതൽ തൊഴിലാളികളെ നിയോഗിക്കും. തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ പഞ്ചായത്തിനു സഹകരണം നൽകും.

∙പൊതു മരാമത്ത് വകുപ്പ്

റോഡുകളുടെ അറ്റകുറ്റപ്പണി ഉൾപ്പെടെ കാര്യങ്ങൾ അടുത്ത ആഴ്ച മന്ത്രി പി.എ.മുഹമ്മദ് റിയാസുമായി ചർച്ച ചെയ്യുമെന്നു മോൻസ് ജോസഫ് എംഎൽഎ. പൊതു മരാമത്ത് വകുപ്പിൽ അറ്റകുറ്റപ്പണിക്കായി പ്രത്യേക വിഭാഗം ആരംഭിച്ചതിനു ശേഷം റോഡ് അറ്റകുറ്റപ്പണികൾ വൈകുന്നു. സീബ്രാ ലൈനുകൾ തെളിച്ചു വരയ്ക്കുന്നതു ഉൾപ്പെടെ കാര്യങ്ങൾ തിരുനാളിനു മുൻപ് പൂർത്തിയാക്കും.

∙മോട്ടർ വാഹന വകുപ്പ്

വാഹന പരിശോധന കർശനമാക്കും. അനധികൃത പാർക്കിങ് തടയും

∙കെഎസ്ആർടിസി

കോട്ടയം, പാലാ, വൈക്കം, കൂത്താട്ടുകുളം ഡിപ്പോകളുടെ നേതൃത്വത്തിൽ തിരുനാൾ ദിനങ്ങളിൽ വിവിധ സ്ഥലങ്ങളിലേക്കു പ്രത്യേക സർവീസുകൾ. കപ്പൽ പ്രദക്ഷിണം നടക്കുന്ന ഫെബ്രുവരി 8ന് കടപ്പൂര് മേഖലയിലേക്കു പ്രത്യേക ബസ്. പള്ളിക്കവലയിൽ താൽക്കാലിക ഓപ്പറേറ്റിങ് സെന്റർ.

∙ആരോഗ്യ വകുപ്പ്

പ്രത്യേക വൈദ്യ സംഘത്തിന്റെ സേവനം. ആംബുലൻസ് സൗകര്യം ക്രമീകരിക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മിയുടെ ഉറപ്പ്. മാസ്ക് നിർബന്ധമാക്കും. സാനിറ്റൈസേഷൻ ഉറപ്പാക്കും. ഹോട്ടലുകൾ ഉൾപ്പെടെ സ്ഥലങ്ങളിൽ പരിശോധന.

∙എക്സൈസ്

പ്രത്യേക സ്ക്വാഡ് പ്രവർത്തിക്കും. പരിശോധന കർശനമാക്കും.

∙അഗ്നിരക്ഷാസേന‌

അഗ്നിരക്ഷാസേനയുടെ പ്രവർത്തനം ലഭ്യമാക്കുന്നതിനു കലക്ടർക്കു ആർഡിഒ കത്ത് നൽകും

∙പൊലീസ്

നൂറിലധികം സിവിൽ പൊലീസ് ഓഫിസർമാരുടെ സേവനം. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 5 സിഐമാർ. പ്രത്യേക കൺട്രോൾ റൂം. ഗതാഗത നിയന്ത്രണത്തിനു പ്രത്യേക സംവിധാനം. മുൻ വർഷങ്ങളിലേതു പോലെ ഇത്തവണയും മികച്ച സേവനം ഉറപ്പാക്കുമെന്നു ഡിവൈഎസ്പി എ.ജെ.തോമസ്.

∙റവന്യൂ വകുപ്പ്

തിരുനാൾ ദിനങ്ങളിൽ ഉത്സവ മേഖലയായി പ്രഖ്യാപിക്കാൻ ‍നടപടി. കുറവിലങ്ങാട് വില്ലേജ് ഓഫിസിൽ കൺട്രോൾ റൂം.

മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ആർച്ച് പ്രീസ്റ്റ് ഫാ.ഡോ.അഗസ്റ്റിൻ കൂട്ടിയാനിയിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി മത്തായി (കുറവിലങ്ങാട്), ജോയ് കല്ലുപുര (കടപ്ലാമറ്റം), ജില്ല പഞ്ചായത്തംഗം പി.എം.മാത്യു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ പി.സി.കുര്യൻ, വൈക്കം ഡിവൈഎസ്പി എ.ജെ.തോമസ്, മീനച്ചിൽ തഹസിൽദാർ എസ്.ശ്രീജിത്ത്, കുറവിലങ്ങാട് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സജീവ് ചെറിയാൻ, കുറവിലങ്ങാട് പഞ്ചായത്തംഗം ജോയ്സ് അലക്സ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.

ദേശത്തിരുനാൾ ഇന്ന് ആരംഭിക്കും

കുറവിലങ്ങാട് ∙മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിൽ മൂന്നുനോമ്പ് തിരുനാളിനു മുന്നോടിയായുള്ള ദേശത്തിരുനാളുകൾ ഇന്ന്  ആരംഭിക്കും. 21നു സമാപിക്കും. 22,23 തീയതികളിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ പത്താം തീയതി തിരുനാൾ. 30 മുതൽ ഫെബ്രുവരി 5 വരെ പകലോമറ്റം തറവാട് പള്ളിയിൽ സഭൈക്യ വാരാചരണം.

ദേശത്തിരുനാളിനു ഇന്ന് പുലർച്ചെ 6.45 ന് ആർച്ച് പ്രീസ്റ്റ് ഫാ.ഡോ.അഗസ്റ്റിൻ കൂട്ടിയാനിയിൽ കൊടിയേറ്റും. നാളെ സെന്റ് ജോസഫ് സോൺ, 18ന് വിശുദ്ധ കൊച്ചുത്രേസ്യ സോൺ, 19ന് വിശുദ്ധ അൽഫോൻസാ സോൺ, 20ന് സെന്റ് തോമസ് സോൺ ദേശത്തിരുനാളുകൾ. 21ന് വിദ്യാഭ്യാസ, വ്യാപാര സ്ഥാപനങ്ങൾ, ടാക്സി സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ നിന്നു കഴുന്ന് പ്രദക്ഷിണം. വിവിധ ദിവസങ്ങളിൽ ഫാ.മാത്യു പാലക്കാട്ടുകുന്നേൽ, ഫാ.തോമസ് കൊച്ചോടയ്ക്കൽ, ഫാ.തോമസ് മലയിൽപുത്തൻപുര, ഫാ.ജോസഫ് അമ്പാട്ട്, ഫാ.മാത്യു കവളമ്മാക്കൽ എന്നിവർ കുർബാന അർപ്പിക്കും.

പത്താം തീയതി തിരുനാളിന്റെ ആദ്യദിനമായ 22ന് 8.30ന് തിരുസ്വരൂപ പ്രതിഷ്ഠ, 5ന് ബിഷപ് ജോസഫ് സ്രാമ്പിക്കൽ കുർബാന അർപ്പിക്കും. 7.15ന് ലദീഞ്ഞ്, പ്രദക്ഷിണം. 23ന് 4.30ന് തിരുനാൾ കുർബാന, ഫാ.മാത്യു തയ്യിൽ, 6.15ന് ലദീഞ്ഞ്, പ്രദക്ഷിണം. 30ന് പകലോമറ്റം തറവാട് പള്ളിയിൽ സഭൈക്യ വാരാചരണത്തിനും ആർച്ച് പ്രീസ്റ്റ് ഫാ.ഡോ.അഗസ്റ്റിൻ കൂട്ടിയാനിയിൽ കൊടിയേറ്റും. 5ന് അർക്കദിയാക്കോന്മാരുടെ ശ്രാദ്ധം.

∙മൂന്നുനോമ്പ് തിരുനാൾ 

ചരിത്ര പ്രസിദ്ധമായ മൂന്നുനോമ്പ് തിരുനാൾ ഫെബ്രുവരി 7,8,9 തീയതികളിൽ നടത്തും. 8ന് കപ്പൽ പ്രദക്ഷിണം. 6ന് ആർച്ച് പ്രീസ്റ്റ് ഫാ.ഡോ.അഗസ്റ്റിൻ കൂട്ടിയാനിയിൽ കൊടിയേറ്റും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണു ചടങ്ങുകൾ. 7ന് മാർ ജേക്കബ് മുരിക്കൻ, മോൺ. ഡോ.സെബാസ്റ്റ്യൻ വേത്താനത്ത് എന്നിവർ കുർബാന അർപ്പിക്കും. വൈകിട്ട് 8ന് പ്രദക്ഷിണ സംഗമം. രണ്ടാം ദിനമായ 8ന് 10.30ന് ബിഷപ് ജോസഫ് കല്ലറങ്ങാട്ട് കുർബാന അർപ്പിക്കും. ഉച്ചയ്ക്കു ഒന്നിന് ചരിത്ര പ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം. സമാപന ദിനമായ 9ന് മാർ ആന്റണി കൊച്ചുപുര കുർബാന അർപ്പിക്കും. വൈകിട്ട് 6ന് പ്രദക്ഷിണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com