ADVERTISEMENT

കോട്ടയം ∙ സംസ്ഥാനത്തിന്റെ സാമ്പത്തിക–സാമൂഹിക മേഖലയിൽ വൻ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കുന്ന പദ്ധതിയാണു വേഗറെയിലെന്ന് മന്ത്രി വി.എൻ.വാസവൻ.  സർക്കാർ സംഘടിപ്പിച്ച  ‘ജനസമക്ഷം സിൽവർ ലൈൻ’ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറ്റെടുക്കുന്ന ഭൂമിക്കും കെട്ടിടങ്ങൾക്കും മികച്ച നഷ്ടപരിഹാര-പുനരധിവാസ പാക്കേജാണ് അനുവദിച്ചത്. കേരളത്തെ കീറിമുറിക്കുമെന്ന വാദം അടിസ്ഥാനരഹിതമാണ്. ചിലർ അന്ധമായി പ്രശ്നത്തെ സമീപിക്കുന്നെന്നും ഉറക്കം നടിക്കുന്നവരെ വിളിച്ചെഴുന്നേൽപ്പിക്കാനാവില്ലെന്നും മന്ത്രി പറ‍ഞ്ഞു. സംസ്ഥാനത്തിന്റെ ഗതാഗത താൽപര്യം സംരക്ഷിക്കുന്ന പദ്ധതിയാണു സിൽവർ ലൈനെന്ന് അധ്യക്ഷത വഹിച്ച  മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കെ റെയിൽ മാനേജിങ് ഡയറക്ടർ വി. അജിത് കുമാർ പദ്ധതി വിശദീകരിച്ചു. 

പ്രോജക്ട് ആൻഡ് പ്ലാനിങ് ഡയറക്ടർ പി. ജയകുമാർ, ജോയിന്റ് ജനറൽ മാനേജർ എം.മാരിയപ്പൻ എന്നിവർ പ്രസംഗിച്ചു.ജസ്റ്റിസ് കെ.ടി.തോമസ്, സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ.അനിൽകുമാർ, എംജി സർവകലാശാല വൈസ് ചാൻസലർ ഡോ.സാബു തോമസ്, പ്രോ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദ കുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ, സംസ്ഥാന സമിതിയംഗം സാംസൺ വലിയപറമ്പിൽ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.കെ.പി.ജയകുമാർ, കോട്ടയം   ഐഎംഎ പ്രസിഡന്റ് ഡോ.ബിപിൻ പി.മാത്യു, കോട്ടയം വൈഎംസിഎ പ്രസിഡന്റ് ജോബി ജോർജ്, സംസ്ഥാന കള്ളുഷാപ്പ് ലൈസൻസി അസോസിയേഷൻ പ്രസിഡന്റ് എം.എസ്. മോഹൻദാസ് കാഞ്ചന എന്നിവരുടെ ചോദ്യങ്ങൾക്ക് കെ റെയിൽ എംഡി മറുപടി നൽകി.

ജനകീയ സമിതിയുടെ പ്രവർത്തകരെ പുറത്താക്കി

വിശദീകരണ യോഗത്തിന് എത്തിയ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പ്രവർത്തകരെ പുറത്താക്കിയതായി പരാതി. സമിതി സംസ്ഥാന കൺവീനർ ഇ.വി.പ്രകാശാണു യോഗ സ്ഥലത്ത് എത്തിയത്.സുഹൃത്തുക്കളായ ഇടതു നേതാക്കളോടു സംസാരിക്കുന്നതിനിടെ കുറച്ചു പേർ വന്നു തള്ളിപ്പുറത്താക്കാൻ ശ്രമിച്ചെന്നു പ്രകാശ് പറഞ്ഞു. മർദിക്കാനും ശ്രമം നടന്നു. മറ്റു പ്രതിഷേധങ്ങൾക്കു മുതിരാതെ പിൻവാങ്ങുകയാണു ചെയ്തതെന്നു പ്രകാശ് പറഞ്ഞു. ഹാളിൽ കയറിയ മറ്റൊരു പ്രവർത്തകനെയും പൊലീസ് സഹായത്തോടെ പിടിച്ചുപുറത്താക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com