ADVERTISEMENT

കോട്ടയം ∙ ഡിജിറ്റൽ ടോക്കൺ സംവിധാനത്തിൽ ക്രമം അനുസരിച്ചു രോഗികൾക്കു ഡോക്ടറെ കാണാം. രോഗികളെ പരിശോധിക്കുന്നതിന് ശീതീകരിച്ച വിശാലമായ കാബിനുകളും സജ്ജമായി. പക്ഷേ, ശുചിമുറികൾ ഇല്ല. രണ്ടര കോടി രൂപ മുടക്കി പുതിയ ഒപി ബ്ലോക്ക് പണിത ജില്ലാ ജനറൽ ആശുപത്രിയിലാണ് ഈ ദുര്യോഗം. നവീകരിച്ച ഒപി ബ്ലോക്കിൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ശുചിമുറികളില്ല. അത്യാഹിത വിഭാഗത്തിനു മുകളിൽ ഒപി വിഭാഗത്തിനായി പണിത പ്രത്യേക നിലയിലാണ് രോഗികളും ജീവനക്കാരും ശുചിമുറികൾ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന താഴത്തെ നിലയിൽ മാത്രമാണ് ശുചിമുറിയയുള്ളത്. ഇത് പഴയ കെട്ടിടത്തിന്റെ ഭാഗമായി മുൻപേ ഉള്ളതാണ്. നാഷനൽ ഹെൽത്ത് മിഷൻ, ആർദ്രം പദ്ധതിയുടെ ഭാഗമായിട്ടാണ് ഒപി വിഭാഗങ്ങൾ നവീകരിച്ചത്. ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ കെട്ടിടത്തിന്റെ പ്ലാനിൽ ഇല്ലാതെ പോയത് എന്തുകൊണ്ടെന്നു രോഗികളും ആശുപത്രിയിൽ എത്തുന്ന മറ്റുള്ളവരും ചോദിക്കുന്നു.

6 ഒപികൾ മുകളിൽ; നിത്യേന 600 രോഗികൾ

ജനറൽ ആശുപത്രിയിലെ 6 ഒപികൾ മുകളിലത്തെ നിലയിലാണ്. കൂടുതൽ രോഗികൾ എത്തുന്ന ഒപികൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് ഈ അപാകത. കുട്ടികളുടെ വിഭാഗം, ത്വക് രോഗം, ഇഎൻടി, ന്യൂറോ, ജനറൽ മെഡിസിൻ, സൈക്യാട്രി ഒപികളാണ് മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്നത്. എല്ലാ വിഭാഗങ്ങളിലും കൂടി ഏകദേശം 600 രോഗികൾ വരെ ദിവസവും എത്താറുണ്ടെന്നു ജീവനക്കാർ പറഞ്ഞു. പുറമേയാണ് ഡോക്ടർമാരും ജീവനക്കാരും. ഒപി ടിക്കറ്റ് എടുക്കുന്നത് താഴത്തെ നിലയിൽ അത്യാഹിത വിഭാഗത്തിനു സമീപമാണ്.

ഇവിടെ നിന്നു പടിക്കെട്ടുകൾ കയറി വേണം എത്താൻ. ടോക്കൺ അനുസരിച്ച് വിളിക്കുമ്പോൾ രോഗികൾ എത്തിയില്ലെങ്കിൽ മുൻഗണന ക്രമം നഷ്ടപ്പെടും. അതിനാൽ ഡോക്ടറെ കാണുന്നതിനുള്ള ഊഴം കാത്തിരിക്കുന്നതിനിടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ താഴത്തെനിലയിലേക്ക് പോകാൻ ബുദ്ധിമുട്ടാണെന്നു രോഗികൾ പറയുന്നു. പ്രായമായവരും കുട്ടികളും ആശ്രയിക്കുന്ന ഒപികളാണ് കൂടുതലും.

പരിഹാരം എന്ത്
ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ജനറൽ ആശുപത്രി. നാഷനൽ ഹെൽത്ത് മിഷൻ, ആർദ്രം പദ്ധതിയുടെ ഭാഗമായി കിട്ടിയ മുഴുവൻ തുകയും ചെലവഴിച്ചെന്ന് അധികൃതർ. അതിനാൽ ജില്ലാ പഞ്ചായത്ത് പ്ലാൻ ഫണ്ടിലൂടെയോ ശുചിത്വ മിഷൻ വിഹിതത്തിൽ നിന്നോ പണം കണ്ടെത്തിയാലേ ശുചിമുറി പണിയാൻ കഴിയു. എസ്റ്റിമേറ്റ് തയാറാക്കി പണം കെട്ടിവച്ചാൽ നാഷനൽ ഹെൽത്ത് മിഷന്റെ നേതൃത്വത്തിൽ ശുചിമുറി പണിതു നൽകും.

നിർമല ജിമ്മി,പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്
"ജില്ലാ പഞ്ചായത്ത് വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്. 5 ലക്ഷം രൂപ ശുചിമുറി പണിയാൻ നീക്കിവച്ചിട്ടുണ്ട്. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്തു. അടുത്ത പഞ്ചായത്ത് ഭരണ സമിതിയിൽ വിഷയം വീണ്ടും അവതരിപ്പിക്കും."

പി.കെ. ആനന്ദക്കുട്ടൻ, ജനറൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗം
"ന്യൂറോളജി വിഭാഗത്തിൽ പക്ഷാഘാത ചികിത്സയ്ക്കുള്ള ഒപിയുമുണ്ട്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായാണ് ഇത്. ഇത്തരത്തിൽ ഒട്ടേറെ ബുദ്ധിമുട്ടുകളുള്ള രോഗികളും ഇവർക്കൊപ്പം എത്തുന്നവരും കഷ്ടപ്പെടുന്നുണ്ട്. നാഷനൽ ഹെൽത്ത് മിഷൻ ശുചിമുറി പണിയാൻ തയാറാണ്. സന്നദ്ധ സംഘടനകളോ ജില്ലാ പഞ്ചായത്തോ പണം നൽകണം."

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com