ADVERTISEMENT

ടെറസിലെ ആൾപ്പെരുമാറ്റം കണ്ടു: സോണിയ മാത്യു


എന്റെ പപ്പയും മമ്മിയും കീഴൂരിലെ വീട്ടിൽ തനിച്ചാണ് താമസം. സഹോദരനും കുടുംബവും ഓസ്ട്രേലിയയിലാണ്. ഞാൻ ഭർത്താവ് ബിബിനൊപ്പം പാലായിലും. പകലും രാത്രി കിടക്കുന്നതിനു മുൻപും ഇടയ്ക്ക് ഉണരുമ്പോഴുമെല്ലാം ഫോണെടുത്ത് കീഴൂരിലെ വീട്ടിലെ സിസി ടിവിയിൽ നിന്നുള്ള വിഡിയോ നോക്കാറുണ്ട്. വീട്ടിലെ കാര്യങ്ങൾ നേരിട്ടെന്നതുപോലെ അറിയാൻ പറ്റുമല്ലോ. ബുധനാഴ്ച രാത്രി കിടക്കുന്നതിനു മുൻപു 12.45നു ഫോണെടുത്തു നോക്കി. വീടിന്റെ മുൻ വശത്ത് അസാധാരണമായൊന്നും കണ്ടില്ല. പിന്നിലെ ക്യാമറയിലെ ദൃശ്യത്തിൽ ആരോ നടക്കുന്നതു കണ്ടു. ഈ സമയത്ത് ആരു പുറത്തിറങ്ങി നടക്കാനാണ്!

അയാൾ ടെറസിലൂടെ നടക്കുന്നതും വാതിൽ തുറക്കാൻ ശ്രമിക്കുന്നതും കണ്ടതോടെ അപകടം മണത്തു. വീട്ടിലേക്കു വിളിച്ചില്ല. അവർ പേടിക്കുമല്ലോ. അടുത്ത വീട്ടിലെ പ്രഭാത് കുമാറിനെ വിളിച്ച് വിവരം പറഞ്ഞു. സഹായിക്കണമെന്നും പറഞ്ഞു. വീട്ടിൽ നിന്നു പൊലീസ് പിടികൂടിയ ആളെ മുൻപ് കണ്ടിട്ടുണ്ട്. ഞങ്ങളുടെ നാട്ടുകാരനാണ്. ഞാൻ ഇടയ്ക്കൊക്കെ വീട്ടിലെത്തി പപ്പയുടെയും മമ്മിയുടെയും വിവരങ്ങൾ അന്വേഷിക്കുകയും രണ്ടും മൂന്നും ദിവസം നിൽക്കുകയും ചെയ്യാറുണ്ട്. മുൻപ് വീട്ടിൽ മോഷണം നടന്നിട്ടുണ്ട്. അന്നു കുരുമുളകും മറ്റുമാണ് പോയത്. അതുകൊണ്ടാണ് ആറു മാസം മുൻ‌പാണ് സിസി ടിവി വച്ചത്. അതു വലിയ ഉപകാരമായി.

സമയമൊട്ടും പാഴാക്കിയില്ല; പ്രതി കുടുങ്ങി: വി.എം. ജയ്മോൻ എസ്ഐ, തലയോലപ്പറമ്പ്


ബുധനാഴ്ച നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലായിരുന്നു ഞാനും സിപിഒ പി.രാജീവും രണ്ട് ഹോം ഗാർഡുകളും. പുലർച്ചെ ഒന്നായിക്കാണും. പൊതി മേഴ്സി ഭാഗത്തായിരുന്നു ഞങ്ങൾ. പള്ളിയിലും ആശുപത്രി ഭാഗത്തുമൊക്കെ നിരീക്ഷണം നടത്തി വരുന്നതിനിടെയാണ് കീഴൂരിൽ നിന്ന് പ്രഭാത് കുമാറിന്റെ ഫോൺ വന്നത്. കീഴൂരിൽ പ്രായം ചെന്ന ദമ്പതികൾ താമസിക്കുന്ന വീട്ടിൽ ഒരാൾ കയറിയിട്ടുണ്ട്. സിസി ടിവി ക്യാമറ തുണി കൊണ്ട് മൂടാനും കതക് പൊളിക്കാനും ശ്രമിക്കുന്നുമുണ്ട്. ഉടനെ എത്തിയില്ലെങ്കിൽ വീട്ടിലുള്ളവരെ ആക്രമിക്കും. വെള്ളൂർ സ്റ്റേഷനിൽ അറിയിക്കണമെന്നാണ് പ്രഭാത് പറഞ്ഞത്.

ഈ വീട് തലയോലപ്പറമ്പ് സ്റ്റേഷന്റെ പരിധിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ്. അതേസമയം വെള്ളൂർ സ്റ്റേഷനിൽ നിന്ന് എത്തണമെങ്കിൽ വൈകും. അതുകൊണ്ടാണ് വെള്ളൂർ സ്റ്റേഷനിൽ വിവരം അറിയിച്ചശേഷം ആ വീട്ടിലേക്ക് ജീപ്പ് വിട്ടത്. 3 മിനിറ്റു കൊണ്ട് അവിടെയെത്തി. ജീപ്പ് മാറ്റി നിർത്തിയിട്ടാണ് അങ്ങോട്ടുചെന്നത്. ഗേറ്റ് അടച്ചിരിക്കുകയായിരുന്നു. ഞങ്ങൾ മതിൽ ചാടി. അപ്പോഴേക്കും വെള്ളൂർ എസ്ഐ കെ.സജിയുടെ നേതൃത്വത്തിലുള്ള പൊലീസും എത്തി. ഞങ്ങൾ രണ്ടു സംഘമായി തിരിഞ്ഞ് വീടിന്റെ പിന്നിലെത്തി. രണ്ടാം നിലയിൽനിന്ന മോഷ്ടാവ് ഞങ്ങളെ കണ്ട് മുറ്റത്തേക്കു ചാടി. അങ്ങനെ പിന്നാലെയോടിയാണ് പ്രതി ബോബിൻസിനെ (32) പിടി കൂടിയത്.

നൈറ്റി ധരിച്ചെത്തി, നൈസായങ്ങ് മോഷ്ടിക്കാമെന്ന് കരുതി

കടുത്തുരുത്തി ∙ വീടിന്റെ ടെറസിൽ നിന്നും ചാടിയ മോഷ്ടാവ് നൈറ്റി ധരിച്ചിരുന്നതിനാൽ ആദ്യം പൊലീസ് കരുതിയത് അതു സ്ത്രീയാണെന്നാണ്. നൈറ്റി പുരുഷന്മാരെപ്പോലെ മടക്കിക്കുത്തി ഓടാൻ തുടങ്ങിയതോടെ അതു പുരുഷനാണെന്നു പൊലീസിനു മനസ്സിലായി. പാന്റ്സും ബനിയനും ധരിച്ചെത്തിയാണ് പ്രതി ബോബിൻസ് ആദ്യം വീടിന്റെ പിന്നിൽ എത്തിയത്. പിന്നീട് ഇറങ്ങിപ്പോയി നൈറ്റിയും ഇട്ട് തിരിച്ചെത്തുന്നതും സിസി ടിവി ദൃശ്യങ്ങളിൽ കാണാം.

വീടിന്റെ പിന്നിൽ അയയിൽ അലക്കിയിട്ടിരുന്ന നൈറ്റിയാണ് പ്രതി എടുത്തത്. വീടിന്റെ ടെറസിലേക്കു കയറുന്നതിന് മുൻപ് നടയിൽ തൊട്ടു പ്രാർഥിക്കുന്നതു പോലെ ചില ആംഗ്യങ്ങൾ കാണിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മുൻപ് കീഴൂരിൽ താമസിച്ചിരുന്ന പ്രതിക്ക് മോഷണത്തിനെത്തിയ വീടിനെക്കുറിച്ച് വ്യക്തമായി അറിയാം. ദമ്പതികൾ തനിച്ചാണ് താമസിക്കുന്നതെന്നു മനസ്സിലാക്കിയാണ് കവർച്ചയ്ക്ക് എത്തിയതെന്ന് പൊലീസ് പറയുന്നു. എന്നാൽ സിസി ടിവി ചതിക്കുമെന്നു കരുതിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com