ADVERTISEMENT

സ്റ്റേഷൻ പരിധി നോക്കാതെ തലയോലപ്പറമ്പ് പൊലീസ് കള്ളനെ ഓടിച്ചിട്ട് പിടിച്ചിട്ട് ഒരാഴ്ച, ഇവിടെ ഇതാ അതിർത്തിത്തർക്കം

കോട്ടയം ∙ സംക്രാന്തി–പേരൂർ റോഡിൽ മാമ്മൂട് മുതൽ കുഴിയാലിപ്പടി വരെയുള്ള ഒരു കിലോമീറ്റർ ഗാന്ധിനഗർ–ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനുകളുടെ അതിർത്തിത്തർക്ക മേഖല. ഈ റോഡിന്റെ ഒരുവശം കോട്ടയം നഗരസഭയുടെയും മറുവശം ഏറ്റുമാനൂർ നഗരസഭയുടെയും പരിധിയിലാണ്. പൊലീസ് സ്റ്റേഷനുകളുടെ അതിർത്തി നഗരസഭാ അതിർത്തികളായതിനാൽ റോഡിൽ ഉണ്ടാകുന്ന അപകടങ്ങൾ ആരാണ് ഏറ്റെടുക്കുക എന്നതാണ് ഇപ്പോഴത്തെ തർക്കം. കുഴിയാലിപ്പടിയിൽ കഴിഞ്ഞ ദിവസം അമിതവേഗത്തിൽ വന്ന ബൈക്ക് ഇടിച്ച് നട്ടാശേരി വരണാത്ത് സിജിമോൻ (40) ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ നാട്ടുകാരും ജനപ്രതിനിധികളും പൊലീസിന്റെ അതിർത്തിത്തർക്കത്തിൽ വലഞ്ഞു.

റോഡിന്റെ ഏത് അരികിലാണ് അപകടമുണ്ടായതെന്നു ജനപ്രതിനിധികൾ പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണു ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി കേസെടുക്കാൻ തയാറായത്. റോഡിന്റെ വലതുഭാഗത്ത് അപകടം ഉണ്ടായാൽ ഏറ്റുമാനൂർ പൊലീസും ഇടതുഭാഗത്ത് ആണെങ്കിൽ ഗാന്ധിനഗർ പൊലീസുമാണു കേസെടുക്കുന്നത്. റോഡിന്റെ നടുവിൽ ഉണ്ടാകുന്ന അപകടം ഏതു പൊലീസ് സ്റ്റേഷന്റെ പരിധിയിലാണു വരുന്നതെന്ന ആശയക്കുഴപ്പത്തിലാണു നാട്ടുകാർ.

അപകടത്തിൽ പരുക്കേറ്റ സിജിമോൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. അപകടമുണ്ടാക്കി നിർത്താതെ പോയ ബൈക്ക് പൊലീസ് 2 ദിവസത്തിനു ശേഷം പിടികൂടി. ബൈക്ക് ഓടിച്ച സംക്രാന്തി സ്വദേശിയുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തുമെന്നു ഗാന്ധിനഗർ എസ്എച്ച്ഒ കെ.ഷിജി പറഞ്ഞു.

ഗാന്ധിനഗർ, ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനുകളുടെ അതിർത്തികൾ പുനഃക്രമീകരിക്കണം. പൊലീസ് സ്റ്റേഷനുകളുടെ അതിർത്തി അറിയാത്ത പൊതുജനങ്ങൾ ഏറെ ബുദ്ധിമുട്ടുന്നു. ഇതിനു വ്യക്തത വരുത്തണം.
വിനു ആർ. മോഹൻ (കൗൺസിലർ, കോട്ടയം നഗരസഭ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com