ADVERTISEMENT

കോട്ടയം ∙ പലവട്ടം പാമ്പുകടിയേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെട്ടിട്ടും വേദന കുടഞ്ഞെറിഞ്ഞ് ജീവിതം തിരിച്ചുപിടിക്കുന്നതാണ് വാവ സുരേഷിന്റെ കരുത്ത്. അതിലാണ് ‍ഡോക്ടർമാരുടെ വിശ്വാസവും. മൂർഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽ‍സയിലാണ് സുരേഷ്. തിങ്കളാഴ്ച അർധരാത്രിയോടെ തലച്ചോറിന്റെ പ്രവർത്തനത്തിൽ നേരിയ പുരോഗതി ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. ഇത് നല്ല ലക്ഷണമെന്നു ഡോക്ടർമാർ തിരിച്ചറിഞ്ഞു. ഇന്നലെ രാവിലെ ആറോടെ സുരേഷ് ബോധാവസ്ഥയിലേക്കു തിരിച്ചുവന്നു.

‘സുരേഷേ, ദാഹം ഉണ്ടോ?’ – ഡോ. ടി.കെ. ജയകുമാറിന്റെ ചോദ്യത്തോട് പാതിമയക്കത്തിലും വാവ സുരേഷ് തലയനക്കി പ്രതികരിച്ചു. കൈകാലുകൾ ഓരോന്നായി ഉയർത്താൻ ഡോക്ടർമാർ സുരേഷിനോട് പറഞ്ഞു.പേശികളുടെ ബലക്കുറവ് കാരണം കാര്യമായി അനക്കാൻ കഴിഞ്ഞില്ല. പക്ഷേ, സന്ദേശങ്ങളോട് തലച്ചോർ സ്വാഭാവികമായി പ്രതികരിച്ചു തുടങ്ങി. സുരേഷ് സംസാരിക്കാനും ശ്രമിച്ചു. വെന്റിലേറ്റർ മാറ്റിയ ശേഷം സംസാരിക്കാം എന്നു പറഞ്ഞ് ഡോക്ടർമാർ ആശ്വസിപ്പിച്ചു. പാമ്പുകടിയേറ്റതിനെത്തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോൾ സുരേഷിന്റെ ഹൃദയത്തിന്റെ പ്രവർത്തനം 20 ശതമാനം മാത്രമായിരുന്നു. പിന്നീട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ തലച്ചോറിന്റെ പ്രവർത്തനം തീർത്തും ദുർബലമായിരുന്നു. അടുത്ത 5 മണിക്കൂർ നിർണായകമെന്ന് ഡോക്ടർമാർ വിധിയെഴുതിയത് അപ്പോഴാണ്. ‌

യൂത്ത് കോൺഗ്രസ് കുറിച്ചി മണ്ഡലം പ്രസിഡന്റ് കരിനാട്ടുകവല പട്ടാശേരിൽ നിജു വാണിയപ്പുരയിലിന്റെ വീട്ടുവളപ്പിൽ കരിങ്കല്ലു കൂട്ടത്തിനിടയിൽ നിന്ന് പിടികൂടിയ മൂർഖൻ പാമ്പിനെ ചാക്കിലേക്കു കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സുരേഷിനു കടിയേറ്റത്.സുരേഷിന്റെ സഹോദരൻ സത്യദേവനും സഹോദരി ലാലിയും ഇന്നലെ മെഡിക്കൽ‍ കോളജിൽ എത്തി. സുരേഷിന്റെ ആരോഗ്യനില അറിയാൻ വിവിധ സ്ഥലങ്ങളി‍ൽ നിന്ന് ഒട്ടേറെയാളുകൾ ഇന്നലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫോണുകളിലേക്ക് തുടർച്ചയായി വിളിക്കുന്നുണ്ടായിരുന്നു.

നിജുവിന്റെ വീട്ടിലും പലയിടങ്ങളിൽ നിന്ന് സുരേഷിന്റെ വിവരം തിരക്കി ആളുകളെത്തി. ദൃശ്യമാധ്യമങ്ങളും യൂട്യൂബർമാരും ഇവിടെയെത്തി വീഡിയോ പ്രോഗ്രാമുകളും ദൃക്സാക്ഷി വിവരണങ്ങളും പകർത്തി. മന്ത്രി വി.എൻ. വാസവൻ തീവ്രപരിചരണ വിഭാഗത്തിൽ എത്തി സുരേഷിനെ സന്ദർശിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും വിവരങ്ങൾ തിരക്കി.

വാവ സുരേഷിനോടു ജനങ്ങൾക്കുള്ള സ്നേഹം ഞങ്ങൾ തിരിച്ചറിയുന്നു. ആരോഗ്യവാനായ സുരേഷിനൊപ്പമേ ഞാനും സഹോദരിയും മടങ്ങുകയുള്ളൂ. ഓരോ തവണയും പാമ്പിനെ പിടിക്കാൻ പോകുമ്പോൾ ഞങ്ങൾക്കു പേടിയാണ്. എന്നാൽ ഓരോ തവണയും കടിയേൽക്കുമ്പോഴും പേടി ഒട്ടുമില്ലാതെ ചിരിയോടെ ആശുപത്രിയിൽ നിന്ന് തിരിച്ചു വന്നിട്ടുണ്ട്.- സത്യദേവൻ (വാവ സുരേഷിന്റെ സഹോദരൻ‍)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com