വിരുന്നെത്തിയ വെള്ളിമൂങ്ങ കൂടൊരുക്കി കുഞ്ഞുങ്ങൾക്കു ജന്മം നൽകി; നാട്ടുകാർക്ക് കൗതുകക്കാഴ്ച
Mail This Article
തലയോലപ്പറമ്പ് ∙ വിരുന്നെത്തിയ വെള്ളിമൂങ്ങ കൂടൊരുക്കി കുഞ്ഞുങ്ങൾക്കു ജന്മം നൽകിയതു വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകക്കാഴ്ചയായി. മുണ്ടാർ മൂശാറ ബ്ലോക്കിലെ ചന്ദ്രന്റെ ഫാം ഹൗസിലാണ് വെള്ളിമൂങ്ങ കൂടൊരുക്കി കുഞ്ഞുങ്ങളെ പരിചരിക്കുന്നത്. 3 കുഞ്ഞുങ്ങളാണുള്ളത്. പറക്കാത്ത കുഞ്ഞുങ്ങളിൽ ഒന്ന് നിലത്തു വീണപ്പോൾ രക്ഷകനായി ഗൃഹനാഥൻ എത്തി. താഴെവീണ കുഞ്ഞിനെയും കൂട്ടിൽ ഉണ്ടായിരുന്ന മറ്റു 2 കുഞ്ഞുങ്ങളെയും ചന്ദ്രൻ ഒരു പാത്രത്തിലാക്കി സമീപത്തെ മാവിന്റെ കൊമ്പുകൾക്കിടയിൽ കാത്തുവച്ചു. അമ്മ മൂങ്ങയും അച്ഛൻ മൂങ്ങയും മുടങ്ങാതെ ആഹാരം എത്തിച്ചു നൽകി. തള്ള മൂങ്ങ ചെറിയ എലികളെയാണു കൂടുതലും തീറ്റയായി നൽകിയത്.
എലികളെ ഭക്ഷിച്ച് ഒരു മാസത്തിനിടെ പക്ഷിക്കുഞ്ഞുങ്ങൾ സാധാരണ വലുപ്പത്തിൽ അധികം വളർച്ചയെത്തി. പകൽ ഉറങ്ങുന്ന വെള്ളിമൂങ്ങക്കുഞ്ഞുങ്ങൾ രാത്രിയാകുമ്പോൾ പറന്നുയരും. ചെറിയ പറക്കലിനു ശേഷം വീണ്ടും കൂട്ടിൽ എത്തുമ്പോൾ തള്ളമൂങ്ങ ആഹാരവുമായി എത്തും. പാമ്പിനെ പോലെ ചീറ്റുന്ന കൂർത്ത ചുണ്ടുള്ള വെള്ളിമൂങ്ങക്കുഞ്ഞുങ്ങളെ കണ്ട് പൂച്ചകൾ പോലും ഭയന്നോടും, വിളഞ്ഞ നെല്ലു വെട്ടി നശിപ്പിക്കുന്ന എലികളെയാണു തള്ളമൂങ്ങ പിടിച്ച് കുഞ്ഞുങ്ങൾക്ക് തീറ്റയായി നൽകുന്നത് അതിനാൽ വെള്ളി മൂങ്ങകൾ കർഷകർക്ക് അനുഗ്രഹമാണെന്ന് ചന്ദ്രൻ പറയുന്നു.