ADVERTISEMENT

എരുമേലി∙‘ഇങ്ങോട്ടൊന്നും പറഞ്ഞിട്ടു കാര്യമില്ല, അങ്ങോട്ട് കേട്ടാമതി’! ശ്രവ്യ ഭാഷയുടെ ആദ്യ ഇലക്ട്രോണിക് രൂപമായ റേഡിയോയ്ക്ക് 125 വർഷം തികയുമ്പോൾ വീട്ടിൽ 4 റേഡിയോ സൂക്ഷിച്ച് പാട്ടും പ്രഭാതഭേരിയുമൊക്കെ കേൾക്കുകയും ജോലിക്കിടയിലും  റേഡിയോ കൊണ്ടു നടക്കുകയും ചെയ്യുന്ന ബിനുവിനെ പരിചയപ്പെടാം.

റേഡിയോ ആദ്യമായി കാണുമ്പോൾ എരുമേലി ഓരുങ്കൽ ബിനുവിന്റെ വീട്ടിൽ വൈദ്യുതി എത്തിയിട്ടില്ല. 3 ബാറ്ററിയിലാണു പ്രവർത്തനം. അമ്മയാണു റേഡിയോ കടയിൽ നിന്നു വാങ്ങി വീട്ടിലെത്തിച്ചത്. പിന്നീട് വീട്ടിൽ വൈദ്യുതി എത്തിയെങ്കിലും ബാറ്ററിയിൽ തന്നെയായിരുന്നു റേഡിയോ പ്രവർത്തനം. മാതാപിതാക്കളുടെ മരണശേഷവും ബിനു റേഡിയോ കൈവിട്ടില്ല. ബാറ്ററിയിൽത്തന്നെയാണു 4 റേഡിയോകളും പ്രവർത്തിപ്പിക്കുന്നത്. ഒരെണ്ണം അഥവാ റേഞ്ച് കാണിക്കാതിരിക്കുകയോ കേടാവുകയോ ചെയ്താൽ എന്തു ചെയ്യുമെന്ന ആശങ്കയാണു എണ്ണം വർധിപ്പിക്കലിനു കാരണം. ഇതിനിടെ മെക്കാനിസവും പഠിച്ചു. വൈദ്യുതി ഇല്ലാതിരുന്ന കാലത്ത് മെഴുതിരി കത്തിച്ചായിരുന്നു സോൾഡറിങ് നടത്തിയത്.

ഒറ്റത്തടിയായി ജീവിക്കുന്ന ബിനു ഓരുങ്കൽ തകടിയേൽ ജയിംസിന്റെ ഔട്ട് ഹൗസിലാണു സ്ഥിരതാമസം. രാവിലെ റബർ വെട്ടാൻ പോകുമ്പോഴും പറമ്പുകളിൽ പണി ചെയ്യുമ്പോഴുമെല്ലാം റേഡിയോ ചാരത്തുണ്ടാവും. ചലച്ചിത്രഗാനങ്ങൾ, ആരോഗ്യ പരിപാടി,വാർത്ത...അങ്ങനെ പലതും കേട്ടുകൊണ്ടു നടക്കും. റേഡിയോ കമ്പം കൂടിയതോടെ അവയുടെ എണ്ണവും വർധിച്ചു.പത്രവിതരണക്കാരൻ കൂടിയായ ബിനുവിനു വീടുകളിൽ നിന്ന് നന്നാക്കൽ ‘ഓർഡറുകളും’ ലഭിക്കുന്നുണ്ട്. 

പത്രവുമായി ചെല്ലുമ്പോൾ കേടായ റേഡിയോ കൊടുത്തു വിടും. റേഡിയോ കം ടേപ്പ് റെക്കോഡ് കൂടി കൈവശമുള്ള ബിനുവിന്റെ പക്കൽ ഒട്ടേറെ കസെറ്റുകളുടെ ശേഖരവുമുണ്ട്.1895ൽ റേഡിയോ കണ്ടുപിടിച്ച മാർക്കോണി പോലും ഇതുപോലൊരു റേഡിയോ പ്രേമി ഉണ്ടാകുമെന്നു കരുതിയിട്ടുണ്ടാവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com