ADVERTISEMENT

കോട്ടയം ∙ ചെറിയ അരങ്ങുകളിൽ തുടങ്ങി വെള്ളിത്തിരയുടെ വിശാല ലോകത്തേക്കു വളർന്ന കോട്ടയം പ്രദീപിനെ ഇപ്പോൾ അയൽവീട്ടിലെ ആൾ എന്നതു പോലെ പരിചയമാണു മലയാളികൾക്ക്. തിരുനക്കരയിലും നാഗമ്പടത്തും കുമാരനല്ലൂരും സംക്രാന്തിയിലും എന്നു വേണ്ട കോട്ടയത്തിന്റെ മിക്ക ഭാഗങ്ങളിലും പ്രദീപിനെ കാണാമായിരുന്നു. റോഡരികിൽ സെൽഫികൾക്കു നിന്നുകൊടുത്തും ചിരിച്ചും കളിതമാശകൾ പറഞ്ഞും നിറഞ്ഞു നിന്നു പ്രദീപ്. 

നടൻ കോട്ടയം പ്രദീപിന്റെ മൃതദേഹം കോട്ടയം കുമാരനല്ലൂരിലെ വിഷ്ണു നിവാസ് വീട്ടിൽ പൊതുദർശനത്തിനു വച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാൻ എത്തിയ നടൻ സുനിൽ സുഖദ പ്രദീപിന്റെ ഭാര്യ മായയെ ആശ്വസിപ്പിക്കുന്നു. ചിത്രം: മനോരമ

താരപരിവേഷം ഇല്ലാത്തൊരാൾ ഗിന്നസ് പക്രു 

നാടിനെ ഇത്രത്തോളം സ്നേഹിക്കുന്ന ഒരാൾ. ഒരു താരപരിവേഷവും ഇല്ലാതെ, എല്ലാവരോടും ഒരുപോലെ ഇടപെട്ടിരുന്ന മനുഷ്യൻ– അതാണ് കോട്ടയം പ്രദീപ്. സംസാരത്തിനിടയിൽ ‘കുമാരനല്ലൂർ അമ്മ’ പലപ്പോഴും കടന്നു വരാറുണ്ട്. കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ വലിയ ഭക്തനായിരുന്നു. ഒരേസമയം നാലോ അഞ്ചോ സിനിമകളിൽ അദ്ദേഹം അഭിനയിക്കുന്ന സമയത്താണ് ഞാൻ നിർമിച്ച ‘ഫാൻസി ഡ്രസ്’ എന്ന ചിത്രത്തിലേക്കു ക്ഷണിച്ചത്. മറ്റു തിരക്കുകൾ മാറ്റിവച്ചു പ്രദീപ് ഓടിയെത്തി.

ആറാട്ട് എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം കോട്ടയം പ്രദീപ്.

ഒറ്റ ഡയലോഗ് കിട്ടിയാൽ... കലാഭവൻ പ്രജോദ് 

സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്ന സമയത്ത് ഒറ്റ ഡയലോഗ് കിട്ടിയാൽ മതിയായിരുന്നുവെന്നു കോട്ടയം പ്രദീപ് പറഞ്ഞത് ഓർക്കുന്നു. പിന്നീടു ചില ഡയലോഗുകളിലൂടെ തന്നെ അദ്ദേഹം പ്രേക്ഷക ശ്രദ്ധ ഏറ്റുവാങ്ങി. ഒരിക്കൽ അദ്ദേഹം ഒരു ചാനൽ പരിപാടിയിൽ ഒരു സ്കിറ്റിൽ അഭിനയിച്ചു. പരിപാടി ടെലികാസ്റ്റ് ചെയ്യുന്ന ദിവസം വീട്ടുകാരെയും സുഹൃത്തുക്കളെയും ഒപ്പമിരുത്തി ടിവി കാണാനിരുന്നു. എന്തോ കാരണം മൂലം ആ സ്കിറ്റ് സംപ്രേഷണം ചെയ്തില്ല.

അടുത്തദിവസം രാവിലെ എന്നെ ഫോണിൽ വിളിച്ചു. കേട്ടതു നർമം കലർന്ന മറ്റൊരു ഡയലോഗ് . ‘പ്രജോദേ, സോമൻ ഊളയായി’. എന്തിനെയും പോസിറ്റീവായാണ് അദ്ദേഹം കണ്ടിരുന്നത്. ‌ സിനിമയിൽ സജീവമായതോടെ മറ്റൊരു ഡയലോഗും ഇടയ്ക്കു പറയുമായിരുന്നു. ‘സിനിമയിലെ തമാശ കണ്ടു പൊട്ടിച്ചിരിച്ചു മരിച്ചാലോ, ഒരു പോളിസി എടുത്തോളൂ.’ കലാകാരൻ എന്ന നിലയിൽ അഹങ്കാരമില്ലാത്ത കോട്ടയം പ്രദീപ് ഞങ്ങളുടെ സ്വകാര്യ അഹങ്കാരമായിരുന്നു.

ഏറെപ്പേർ അനുകരിച്ച  ശബ്ദം കോട്ടയം നസീർ 

അടുത്ത കാലത്തു മിമിക്രി കലാകാരന്മാർ ഏറ്റവും കൂടുതൽ അനുകരിച്ചത് കോട്ടയം പ്രദീപിന്റെ ശബ്ദമായിരിക്കും. സവിശേഷമായ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്.  ഊർജസ്വലനായി മാത്രമേ പ്രദീപിനെ കണ്ടിരുന്നുള്ളൂ.

prdeep1-

പുലർച്ചെ വന്ന  കോൾ നസീർ സംക്രാന്തി 

പുലർച്ചെ വരുന്ന ഫോൺ കോളുകൾ അൽപം പേടിയോടെയാണ് എടുക്കാറുള്ളത്. പ്രദീപിന്റെ മരണവാർത്ത അറിയിച്ചുള്ള ഇന്നലത്തെ കോളും അത്തരത്തിലുള്ളതായി. പ്രദീപ് എൽഐസി ഓഫിസിൽ ജോലി ചെയ്തിരുന്ന കാലം മുതൽ ബന്ധമുണ്ട്.  ടിവിയിൽ കോമഡി പരിപാടികൾ ഉണ്ടെങ്കിൽ പറയണേ, എനിക്കും അഭിനയിക്കാൻ താൽപര്യമുണ്ട് എന്ന് പണ്ടൊക്കെ പറയുമായിരുന്നു. എത്ര പെട്ടെന്നാണ് ഉയരങ്ങളിലേക്ക് എത്തിയത്. ഏറെ അധ്വാനം ഇതിനു പിന്നിലുണ്ടായിരുന്നു. കുമാരനല്ലൂരിലെ വീട്ടിൽനിന്നു സംക്രാന്തിയിലെ കടകളിൽ നടന്ന് എത്തിയാണു സാധനങ്ങൾ വാങ്ങിയിരുന്നത്. വാഹനം ഉണ്ടെങ്കിലും അതുപയോഗിക്കാതെ നടക്കും. അതായിരുന്നു പ്രദീപ്.

അന്നേ ശ്രദ്ധിച്ച ശബ്ദം കലാഭവൻ ഷാജോൺ 

സിനിമയിൽ സജീവമാകുന്നതിനു മുൻപുതന്നെ കോട്ടയം പ്രദീപുമായി പരിചയമുണ്ട്. അന്നു മുതൽ ആ ശബ്ദം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ശൈലിയിലെ സവിശേഷത തന്നെയാണു പ്രധാന ഓർമയും. ഏത് ആൾക്കൂട്ടത്തിനിടയിലും നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ പോലും ഓടിയെത്തി, സൗഹൃദം പുതുക്കുന്ന വ്യക്തിയായിരുന്നു. താരസംഘടനയായ അമ്മയുടെ പൊതുയോഗത്തിലാണ് അവസാനമായി കണ്ടത്.

ktm-gowtham-menon

നായിക മാറിയാലും

കോട്ടയം പ്രദീപ് നിശ്ശബ്ദനായി സിനിമാരംഗത്തു കാത്തിരുന്നത് ഒരു പതിറ്റാണ്ടാണ്. അടുത്ത പതിറ്റാണ്ടിൽ തന്റെ ശബ്ദം ലോകത്തെ അറിയിച്ച് ശ്രദ്ധേയനായി. ആ സമയത്താണു പെട്ടെന്നുള്ള വിടവാങ്ങൽ. വിണ്ണൈത്താണ്ടി വരുവായ എന്ന തമിഴ്ചിത്രത്തിലെ ഡയലോഗ് ഇഷ്ടപ്പെട്ട സംവിധായകൻ ഗൗതം മേനോൻ ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി പതിപ്പുകളിലും നായികയുടെ അമ്മാവന്റെ വേഷത്തിൽ പ്രദീപിനെത്തന്നെ അഭിനയിപ്പിച്ചു.

നായിക മാറിയാലും അമ്മാവൻ മാറേണ്ടെന്നു ഗൗതം മേനോൻ പറഞ്ഞതായി വലിയ സന്തോഷത്തോടെ പല അഭിമുഖങ്ങളിലും പ്രദീപ് പങ്കുവച്ചിരുന്നു. തിരുവാതുക്കലിൽ ജനിച്ച പ്രദീപ് കാരാപ്പുഴ ഗവ. സ്കൂൾ, കോട്ടയം ബസേലിയസ് കോളജ്, കോട്ടയം കോഓപ്പറേറ്റീവ് കോളജ് എന്നിവിടങ്ങളിലാണു പഠിച്ചത്. പഠനകാലത്തു തന്നെ കലാരംഗത്തു സജീവമായിരുന്നു. 1989ൽ എൽഐസിയിൽ ജോലിക്കു ചേർന്നു.

‘വിണ്ണൈ താണ്ടി വരുവായ’ എന്ന ചിത്രത്തിൽനിന്ന്

അവിശ്വസനീയം

കഴിഞ്ഞ രാത്രി വാട്സാപ്പിൽ ഗുഡ്നൈറ്റ് മെസേജ് ഇട്ടയാളാണ്. രാവിലെ ഫോൺ എടുത്തപ്പോൾ കേൾക്കേണ്ടി വന്നതു മരണവാർത്ത– ഞെട്ടൽ മാറുന്നില്ല നടൻ മനോജ് കെ.ജയൻ പറയുന്നു. എന്നെ അനി എന്നുവിളിച്ചിരുന്ന അപൂർവം പേരിൽ ഒരാളാണു പ്രദീപ്. തട്ടത്തിൻ മറയത്ത് എന്ന സിനിമയിലാണ് ആദ്യമായി കൂടുതൽ സമയം ഒന്നിച്ച് അഭിനയിച്ചത്. അതിനുമുൻപ് ചില സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി കണ്ടിട്ടുണ്ട്.

ഒരുപാടു ജൂനിയർ താരങ്ങൾക്കൊപ്പം ഇരുന്നു ഭക്ഷണം കഴിച്ചു വൈകിട്ടത്തെ ബാറ്റയും വാങ്ങി പോകുന്നയാൾ. എൽഐസിയിലെ ഉദ്യോഗസ്ഥനായ പ്രദീപ് ആ പൈസയ്ക്കു വേണ്ടിയല്ല വന്നിരുന്നത്. സിനിമയോടുള്ള പാഷൻ നിലനിർത്താനായിരുന്നു– മനോജ് ഓർക്കുന്നു. ആറാട്ടിൽ മോഹൻലാലും കോട്ടയം പ്രദീപും തമ്മിലുള്ള കോംബിനേഷൻ സീൻ രസകരമായിരുന്നെന്ന് സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

അവസ്ഥാന്തരങ്ങൾ

പ്രേം പ്രകാശ് നിർമിച്ചു ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത അവസ്ഥാന്തരങ്ങൾ എന്ന സീരിയലിൽ ബാലതാരത്തിന്റെ വേഷം അഭിനയിപ്പിക്കാൻ മകൻ വിഷ്ണുവിനെയും കൂട്ടി എത്തിയ പ്രദീപിനു ലഭിച്ചത് സീരിയലിലെ ഒരു വേഷം. പ്രദീപിന്റെ ആദ്യ സീരിയലും ഇതായിരുന്നു.ചെറിയ വേഷമുണ്ട്, അഭിനയിക്കുന്നോ എന്നു പ്രദീപിനോടു ചോദിച്ചതു  പ്രേം പ്രകാശാണ്. പ്രേംപ്രകാശിന്റെ മക്കളായ ബോബിയുടെയും സഞ്ജയിന്റെയും ആദ്യ തിരക്കഥയും ഈ സീരിയലിലായിരുന്നു. അഭിനയം ഒരു പാഷനായി കൊണ്ടു നടന്നയാളാണു പ്രദീപ്. എളിമയോടും സ്നേഹത്തോടുമായിരുന്നു എല്ലാവരോടുമുള്ള പെരുമാറ്റം – നടൻ വിജയരാഘവൻ ഓർമിക്കുന്നു.

ട്രോളന്മാരുടെ സ്വന്തം

കട്ടപ്പനയിലെ ഹൃത്വിക് റോഷൻ‍ എന്ന ചിത്രത്തിൽ ധർമജൻ ചെയ്ത കഥാപാത്രം അച്ഛനായ പ്രദീപിനോടു പറയുന്ന ഒരു ഡയലോഗുണ്ട്: മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ വല്ല ട്രോളുകാർക്കും പിടിച്ചു കൊടുക്കും. ധർമജൻ പിടിച്ചു കൊടുത്തില്ലെങ്കിലും ട്രോളുകാർ പ്രദീപിനെ ഏറ്റെടുത്തു. ട്രോളുകളുടെ പുതിയ കാലത്ത് ഏറ്റവും കൂടുതൽ ഉപയോഗിച്ചതും പ്രദീപിന്റെ ഡയലോഗുകളായിരിക്കും. വാട്സാപ് സ്റ്റിക്കറുകളിൽ കൂടുതൽ നിറഞ്ഞു നിന്നതും പ്രദീപ് തന്നെ.

എൽഐസി ചീഫ് ഗെസ്റ്റ് 

കോട്ടയം ബ്രാഞ്ച് ഒന്നിൽ ആയിരുന്നു ദീർഘകാലം പ്രദീപ് ജോലി ചെയ്തത്. ഓഫിസിലും പ്രത്യേക രീതിയിലുള്ള സംസാരം കൊണ്ട് പ്രദീപ് മുൻപുതന്നെ എൽഐസി ജിവനക്കാർക്ക് ഇടയിൽ താരമാണ്. സിനിമാതാരമായി പേര് എടുത്തതോടെ എൽഐസിയുടെ പ്രധാന പരിപാടികളിൽ എല്ലാം ചീഫ് ഗെസ്റ്റ് സ്ഥാനം പ്രദീപിനു നൽകിയിരുന്നെന്ന് എൽഐസി ചീഫ് അഡ്വൈസർ എം.പി.രമേശ് കുമാർ ഓർക്കുന്നു.

നാട്ടുകാർക്കും പ്രിയം

തിരുവാതുക്കലിലാണു ജനിച്ചതെങ്കിലും കുമാരനല്ലൂരായിരുന്നു പ്രദീപിന്റെ തട്ടകം. പ്രഭാത നടത്തം പതിവായിരുന്നു. രാവിലെ കുമാരനല്ലൂരിലെയും എസ്എച്ച് മൗണ്ടിലെയും വഴികളിലൂടെ നടക്കാനെത്തും. നാട്ടുകാരോടും കടയിലുള്ളവരോടും സൗഹൃദം പങ്കുവച്ചാണു നടപ്പ്. നടന്മാരായ വിനയ് ഫോർട്ട്, സുനിൽ സുഖദ, വിനു മോഹൻ, നടി സീമ ജി.നായർ, നടനും നിർമാതാവുമായ പ്രേം പ്രകാശ്, സംവിധായകൻ ജയരാജ്, നിർമാതാവ് സജി നന്ത്യാട്ട് എന്നിവർ  വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com