ADVERTISEMENT

കോട്ടയം ∙ സൂപ്പർഹിറ്റ്  തമിഴ് സിനിമയിലെ ഒറ്റ മലയാളം ഡയലോഗിലൂടെ ചലച്ചിത്ര പ്രേമികളുടെ ഇഷ്ടതാരമായി മാറിയ നടൻ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഇന്നലെ പുലർച്ചെ മൂന്നരയോടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച അദ്ദേഹത്തെ കുമാരനല്ലൂരിലെ വീട്ടിൽനിന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും 4.30ന് അന്ത്യം സംഭവിച്ചു. സംസ്കാരം നടത്തി. തിരുവാതുക്കൽ കറുകപ്പുറം കുടുംബാംഗമാണ്. എൽഐസി അസിസ്റ്റന്റായി കോട്ടയം ഡിവിഷനൽ ഓഫിസിൽനിന്ന് കഴിഞ്ഞ വർഷമാണ് വിരമിച്ചത്.

ഗൗതം മേനോൻ സംവിധാനം ചെയ്ത ‘വിണ്ണൈത്താണ്ടി വരുവായാ’  എന്ന ചിത്രത്തിലെ ‘കരിമീനുണ്ട്, ഫിഷ് ഉണ്ട്...’ എന്ന ഡയലോഗ് വഴിയാണ് കോട്ടയം പ്രദീപ് ശ്രദ്ധേയനാകുന്നത്. ഇന്നു പുറത്തിറങ്ങുന്ന മോഹൻലാൽ ചിത്രമായ ‘ആറാട്ട് ’ ആണ് ഒടുവിൽ അഭിനയിച്ച സിനിമ. നാടകാചാര്യൻ എൻ.എൻ.പിള്ള രചിച്ച ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകത്തിൽ  ബാലതാരമായി അഭിനയിച്ച് കലാരംഗത്തു വന്ന പ്രദീപ് നാടകത്തിലും ഏകാംഗനാടകത്തിലും സജീവമായിരുന്നു. ഐ.വി.ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’യാണ് ആദ്യ സിനിമ. 70 മലയാള സിനിമകളിൽ അഭിനയിച്ച പ്രദീപ് ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ തെലുങ്ക്, ഹിന്ദി പതിപ്പുകളിലും അഭിനയിച്ചു. തെരി, രാജാറാണി തുടങ്ങിയ തമിഴ് ചിത്രങ്ങളിലും വേഷമിട്ടു.

തട്ടത്തിൻ മറയത്ത്, ആമേൻ, ആട്, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ‍, ലൈഫ് ഓഫ് ജോസൂട്ടി, ഗോദ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്തു. ഭാര്യ മായാ പ്രദീപ് ചങ്ങനാശേരി തുരുത്തി പാറയിൽ കുടുംബാംഗമാണ്. മക്കൾ: വിഷ്ണു പ്രദീപ് (ഫാഷൻ ഡിസൈനർ, കൊച്ചി), വൃന്ദ പ്രദീപ് (സോഫ്റ്റ്‌വെയർ എൻജിനീയർ, സെസ്, കൊച്ചി) താരസംഘടന ‘അമ്മ’യ്ക്കു വേണ്ടി ജനറൽ സെക്രട്ടറി ഇടവേള ബാബു റീത്ത് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എംപി തുടങ്ങിയവർ അനുശോചിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com