ADVERTISEMENT

ഇളംകാട് ∙ പ്രളയം തകർത്ത കൂട്ടിക്കൽ പഞ്ചായത്തിൽ ജപ്തി നടപടികൾ. വായ്പ തിരിച്ചടവു മുടക്കിയവരുടെ വസ്തു ഏറ്റെടുത്തതായി കാണിച്ചു കേരള ബാങ്ക് ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി. ഈ മാസം 31ന് മുൻപു തുക തിരിച്ചടച്ചില്ലെങ്കിൽ ജപ്തി നടപടികളിലേക്കു കടക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി നാട്ടുകാർ പറഞ്ഞു. കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് ടോപ്പ് പ്രദേശത്തു മാത്രം അൻപതോളം പേർ ജപ്തി ഭീഷണിയിലാണ്. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ സംഭവിച്ച പ്രദേശമാണ് ഇളംകാട് ടോപ്പ്. ഇളംകാട് ടൗണിൽ നിന്നു ടോപ്പിലേക്കുള്ള പാലം തകർന്നതു പുനഃസ്ഥാപിക്കാൻ പോലും ഇതുവരെ സാധിച്ചിട്ടില്ല. 

പാലുംപഴവും വേണ്ട, പാലം മാത്രം നൽകാമോ? മൂപ്പൻമല പാലത്തിനു പകരം തെങ്ങിൻ തടികൾകൊണ്ടു തീർത്ത പാലത്തിലൂടെ കൊച്ചുകുട്ടിയെ കൈപിടിച്ചു നടത്തുന്ന നാട്ടുകാരൻ. പ്രളയത്തിൽ പാലം തകർന്നതിനെ തുടർന്ന് മൂപ്പൻമലയിലേക്ക് ഇപ്പോൾ ഉള്ള ഏക സഞ്ചാര മാർഗം ഇതാണ്. ചിത്രം : റിജോ ജോസഫ് ∙ മനോരമ

ഈ പ്രദേശത്താണ് ബാങ്കിന്റെ നടപടി. കേരള ബാങ്ക് ഏന്തയാർ ബ്രാഞ്ചിലാണ് വായ്പകൾ കൂടുതൽ. ഭൂരിഭാഗം ആളുകളും കൃത്യമായി വായ്പ അടച്ചിരുന്നതായും കോവിഡും പ്രളയവും വന്നതോടെ മുടങ്ങിയതാണെന്നും നാട്ടുകാർ പറഞ്ഞു. സാമ്പത്തിക വർഷാന്ത്യത്തിലെ സാധാരണ നടപടിക്രമം മാത്രമാണിതെന്നു കേരള ബാങ്ക് കോട്ടയം റീജനൽ ഓഫിസ് അധികൃതർ പറയുന്നു. കോടതി വിധികളുടെ അടിസ്ഥാനത്തിലാകാം ചില സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചത്. ആരെയും ഇറക്കി വിടില്ലെന്നും മനുഷ്യത്വപരമായ സമീപനമുണ്ടാകുമെന്നും അധികൃതർ പറഞ്ഞു.

ഉള്ളതും നഷ്ടപ്പെടുമോ? ആശങ്കയിൽ ഒരു നാട്

ഇളംകാട് ∙ ‘പ്രളയം തകർത്ത ഞങ്ങളെത്തേടി ആരും വന്നില്ല. ബാങ്കുകാർ മാത്രം വന്നു. ഉരുൾപൊട്ടിയതു പകലായതു കൊണ്ടു ബാങ്കുകാർക്കു തേടിവരാൻ ഞങ്ങൾ ബാക്കി നിൽക്കുന്നു’– ഇളംകാട് ടോപ്പിലെ ഞാറവേലി വീട്ടിൽ പത്മവല്ലിയുടെ വാക്കുകളിൽ ഒരു നാടിന്റെ ദൈന്യം മുഴുവനുണ്ട്.

ഞങ്ങളെക്കൊണ്ടു കൂട്ടിയാൽകൂടില്ല... ബാങ്ക് വായ്പ കുടിശിക ആയതിനെത്തുടർന്നു ബാങ്കിൽനിന്നു ജപ്തി നോട്ടിസ് ലഭിച്ച ആളുകൾ ഇളങ്കാട് ടോപ്പ് പ്രദേശത്ത് ഒത്തുചേർന്നപ്പോൾ. ചിത്രം : റിജോ ജോസഫ് ∙ മനോരമ

‘‘ 2 ലക്ഷം രൂപയുടെ ലോണിന് 4800 രൂപ വീതം അടവ് ഉണ്ടായിരുന്നു. ജോലി ഉണ്ടായിരുന്ന സമയത്ത് 6000 രൂപ വീതം അധികമായി അടച്ചിരുന്നു. എന്നാൽ 74 വയസ്സുള്ള എനിക്കു കോവിഡിനു ശേഷം ജോലിക്കു പോകാൻ കഴിയാതെ അടവ് മുടങ്ങി. പിന്നാലെ പ്രളയമെത്തി. ജീവനും കയ്യിൽപിടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനുമുൻപു ലോൺ എടുത്ത തുകകൾ കൃത്യസമയത്തു തന്നെ തിരിച്ചടച്ചിട്ടുണ്ട്. നിവൃത്തിയില്ലാതെ മുടങ്ങിയതാണ്. ഉള്ള സ്ഥലം ബാങ്ക് കൊണ്ടുപോകുമെന്നു പറയുന്നു. പോയാൽ പെരുവഴിയിലാകും’’– പത്മവല്ലി സംസാരിക്കുന്നത് ഹൃദയം കൊണ്ടാണ്. ഇത്തരത്തിൽ നൂറോളം കുടുംബങ്ങൾ കൂട്ടിക്കൽ പഞ്ചായത്തിലുണ്ട്.

bank-board

ഇളംകാട് ടൗണിൽ നിന്നു മലകയറി പ്രളയത്തിന്റെ പ്രഭവകേന്ദ്രമായ ടോപ്പിൽ എത്തിയാൽ കടബാധ്യതയിൽ കുരുങ്ങി ജീവിതം തള്ളിനീക്കുന്ന കുടുംബങ്ങളെ കാണാം. ഈ മാസം അവസാനിക്കുമ്പോൾ ആകെയുള്ള കിടപ്പാടം കൂടി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഇവർ. വായ്പ തിരിച്ചടയ്ക്കണമെന്നു കാണിച്ചു പലർക്കും നോട്ടിസ് കിട്ടി. കടം വീട്ടാനായി സ്ഥലം വിൽക്കാമെന്നു വച്ചാൽ അതും നടക്കുന്നില്ലെന്നു നാട്ടുകാരനായ തേവരുകുന്നേൽ ലാലു പറയുന്നു.

അടയ്ക്കാൻ കഴിയില്ലെങ്കിൽ ലോൺ എടുത്തത് എന്തിനെന്നു പലരും ഇൗ സാഹചര്യത്തിൽ ചോദിക്കുന്നുണ്ട്. അടയ്ക്കാൻ കഴിവില്ലാതെ ലോൺ എടുത്തവരല്ല ഇവർ. പലരും വർഷങ്ങളായി ബാങ്കിൽ ലോൺ ഇടപാടുകൾ മുടങ്ങാതെ നടത്തുന്നവരാണ്. ആദ്യം ഒരുലക്ഷവും, രണ്ട് ലക്ഷവും ഒക്കെ ലോൺ എടുത്തു കൃത്യമായി തിരിച്ചടച്ചതോടെ തുക കൂട്ടി ലഭിച്ചവർ. ബാങ്ക് അധികൃതർ തന്നെ മുൻകയ്യെടുത്തു ലോൺ എടുപ്പിച്ചവർ. ഇങ്ങനെയുള്ള പലർക്കും അടവു പിഴച്ചത്  കോവിഡ് കാലത്താണ്. 

പ്രളയം കൂടിയെത്തിയതോടെ  വേറെ വഴിയില്ലാതായെന്നു കുരിശുങ്കൽ ജോർജ് പറഞ്ഞു. ജപ്തി ചെയ്യുകയാണെങ്കൽ കിടപ്പാടം ഒഴികെയുള്ള സ്ഥലം മാത്രം എടുക്കാമോ എന്നുവരെ ബാങ്ക് അധികൃതരോടു യാചിക്കേണ്ടി വന്നതായി പുത്തൻപുരയ്ക്കൽ സദാനന്ദൻ പറയുന്നു. ഇളംകാട് ടോപ്പ് കൂടാതെ വല്യേന്ത, ഏന്തയാർ, കൂട്ടിക്കൽ, മുണ്ടക്കയം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളിലും വ്യാപകമായി ഇടപാടുകാർക്കു ബാങ്ക് നോട്ടിസ് ലഭിച്ചിട്ടുണ്ട്. ലോൺ അടയ്ക്കാൻ സാവകാശം അനുവദിക്കുകയും പ്രളയബാധിതർക്കു സർക്കാർ സഹായം നൽകുകയും ചെയ്യാൻ അതിവേഗ നടപടി സ്വീകരിക്കണം എന്നാണു നാടിന്റെ ആവശ്യം.

ജീവിതച്ചെലവ് കൂടി

ജോലി ഇല്ലാതായതിനൊപ്പം ജീവിതച്ചെലവും കൂടി. മുൻപു സാധനങ്ങൾ വാങ്ങാൻ ഇളംകാട് ടൗണിൽ പോകണമെങ്കിൽ 15 രൂപ മതിയായിരുന്നു ഇപ്പോൾ പാലങ്ങൾ തകർന്നു വഴി ഇല്ലാതായതോടെ 100 രൂപയെങ്കിലും വേണ്ടി വരും. ഇളംകാട് ടൗണിൽ എത്താൻ 50 രൂപ ഓട്ടോയ്ക്കു കൊടുക്കണം. അവിടെ നിന്നു ബസിൽ പോകാം. നേരത്തേ ഇളംകാട് ടോപ്പ് വരെ ബസുകൾ എത്തിയിരുന്നു. യാത്രാദുരിതം കാരണം പുറത്തു ജോലിക്കു പോകാൻ കഴിയാതായതോടെ പലരും തൊഴിലുറപ്പ് പണിയിലേക്കു തിരിഞ്ഞു. 1000 രൂപ കൂലി വാങ്ങിയിരുന്നവർ ഇപ്പോൾ 250 രൂപയ്ക്ക് ഒരു ദിവസം ജോലി ചെയ്യുമ്പോൾ കുടുംബത്തിലെ ചെലവുകൾ പോലും നടക്കാതെ വരുന്നു– സുലോചന ഭവനിൽ പ്രസന്ന പ്രഭാകരൻ പറയുന്നു.

koottickal

റേഷനും പടിയിറങ്ങി

നാടിന് ഏക ആശ്വാസം റേഷൻകട വഴി ലഭിക്കുന്ന അരിയാണ്. എന്നാൽ ഇതു വാങ്ങാനും ഇപ്പോൾ വലിയ ചെലവാണ്. ഇളംകാട് ടോപ്പിലുണ്ടായിരുന്ന റേഷൻകട പാലങ്ങൾ തകർന്നതോടെ ഇളംകാട് ടൗണിലേക്കു മാറ്റി. അരി വാങ്ങണമെങ്കിൽ 100 രൂപയോളം വണ്ടിക്കൂലി കൊടുക്കണം.

പാക്കേജ് ലഭിച്ചില്ല

കൂട്ടിക്കൽ  പഞ്ചായത്തിലെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കാനും പ്രളയഭീതി ഒഴിവാക്കാനും ബജറ്റിൽ പാക്കേജ് പ്രതീക്ഷിച്ചെങ്കിലും ലഭിച്ചില്ല. ഇപ്പോഴും പാലങ്ങൾ അടക്കം പുനർനിർമിക്കാനുണ്ട്. ഇനി ഒരു അതിവർഷം വന്നാൽ എന്താകും എന്ന ആശങ്ക നാട്ടുകാർക്കുണ്ട്. പുനരധിവാസം അടക്കം സമഗ്രമായ പദ്ധതി വേണമെന്നാണ് ആവശ്യം.

തകർന്ന നാട്; ഇളംകാട്

ഇളംകാട് ടൗണിൽ നിന്നു ടോപ്പിലേക്കു പോകാൻ യാത്ര തുടങ്ങുമ്പോൾ ആദ്യം കാണുന്നതു റോഡ് നിരപ്പിൽനിന്നു താഴ്ന്നുപോയ ചപ്പാത്ത് പാലം. ഭാരവാഹനങ്ങൾക്ക് അപ്പുറം കടക്കാനാകില്ല. ബസുകൾ ഇളംകാട് ടൗണിൽ യാത്ര അവസാനിപ്പിക്കുന്നു. പിന്നീടു ചെല്ലുന്നത് ഇളംകാട് ടോപ്പ് പാലം. പ്രളയം കൊണ്ടുപോയ പാലത്തിനു പകരം ഇവിടെയുള്ളത് താൽക്കാലികമായി കെട്ടിയുണ്ടാക്കിയ നടപ്പാലം. ചെറുവാഹനങ്ങൾക്കു കടന്നു പോകാൻ സമീപത്തെ റബർ തോട്ടത്തിലൂടെ താൽക്കാലിക വഴിയുണ്ടാക്കിയിട്ടുണ്ട്. ഇതിനപ്പുറം മൂപ്പൻമല തോടിനു കുറുകെയുള്ള പാലവും തകർന്നു. താൽക്കാലിക പാലവും തകർന്നതോടെ തടിയിട്ടു നടക്കാൻ മാത്രം ചെറു പാലം ഉണ്ടാക്കി. ഇതിലൂടെയാണു സ്കൂൾ വിദ്യാർഥികൾ അടക്കമുള്ളവർ കടക്കുന്നത്. പ്രളയം കഴിഞ്ഞ് 6 മാസത്തിനു ശേഷവും ഒരു നാടിന്റെ അവസ്ഥയാണിത്. 

അധികൃതർ മറന്നെങ്കിൽ ഓർക്കാൻ സ്ഥലത്തിന്റെ വിലാസം ഇതാ... സംസ്ഥാനം: കേരളം, ജില്ല: കോട്ടയം.  പഞ്ചായത്ത്: കൂട്ടിക്കൽ, വാർഡ്: 7.

ilamkadu-ration-shop

ഒക്ടോബർ 16ന് തകർന്ന നാട്

2021 ഒക്ടോബർ 16ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയുണ്ടായ ചെറുതും വലുതുമായ ഉരുൾപൊട്ടലിൽ തകർന്ന നാടാണ് കൂട്ടിക്കൽ പഞ്ചായത്ത്. 12 പേരാണ് ഇവിടെ മരിച്ചത്. കൃഷിയും കച്ചവടവും അടക്കം ഒരു നാടിന്റെ എല്ലാ വിഭവങ്ങളും തകർന്നു. അടിസ്ഥാന സൗകര്യങ്ങൾ അപ്പാടെ തകർ‍ന്നു.പ്രളയം തകർത്തവർക്കു നേരെ ജപ്തി ഭീഷണിയും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com