ADVERTISEMENT

കോട്ടയം∙ മലയിറങ്ങി വന്നാലും നെഞ്ചുകൊണ്ട് നേരിടും. അതാണ് മലയോര മേഖലയുടെ ചങ്കുറപ്പ്. എന്നാൽ മലവെള്ളം പോലെ ദുരിതങ്ങൾ ഓരോന്നായി പാഞ്ഞെത്തുമ്പോൾ മലഞ്ചരക്ക് വിപണി കിതയ്ക്കുകയാണ്. മലകൾ കയറി മണ്ണിനോടു പടവെട്ടി മലഞ്ചരക്ക് കൃഷി ചെയ്ത കർഷകർ തളരുന്നു. കോവിഡും അതിനു പിന്നാലെ പ്രളയവും വന്നതോടെ വെല്ലുവിളികളുടെ മലവെള്ളപ്പാച്ചിലിൽ മലഞ്ചരക്ക് ഒഴുകുകയാണ്. കോവിഡിനുശേഷം മലഞ്ചരക്കിന് വിപണിയിൽ കുതിപ്പും കിതപ്പുമാണ്.

കോവിഡ് കഴിഞ്ഞപ്പോൾ മലഞ്ചരക്കിനു വില കൂടി. പക്ഷേ, ഉൽപാദനം കുറഞ്ഞു. പ്രളയവും കോവിഡും ഉൽപാദനത്തെ ഗണ്യമായി ബാധിച്ചു. ചില വിളകൾക്ക് ഇറക്കുമതിയും വിനയാകുന്നു. മഴയും താളം തെറ്റിയ കാലാവസ്ഥയും മൂലം ജാതിക്കാ ഉൽപാദനം 70% കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലം കുരുമുളക്, കാപ്പിക്കുരു ഉൽപാദനം കുറച്ചു. മലയിഞ്ചി മഞ്ഞൾ, കൂവ തുടങ്ങിയവ പൊതുവേ കുറവാണ്. കുരുമുളക് ഉൾപ്പെടെ വിയറ്റ്നാം, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നത് വിപണി വിലയെ ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.

കുരു മുതൽ കാട്ടുപയർ വരെ

മലയോര മേഖലയിൽ വിളയുന്നത് എന്തും മലഞ്ചരക്കാണ് എന്നതായിരുന്നു കർഷകരുടെ ചൊല്ല്. റബർക്കുരു മുതൽ കാട്ടുപയർ വരെ  മലഞ്ചരക്കിൽ ഇടം പിടിച്ചു. ഇപ്പോൾ ആർക്കും വേണ്ടാതെ നശിക്കുന്ന റബർക്കുരുവിന് രണ്ടു പതിറ്റാണ്ടു മുൻപ് നല്ല വില ലഭിക്കുന്ന കാലമുണ്ടായിരുന്നു. പിന്നീട് വിപണിയിൽനിന്നു തന്നെ റബർക്കുരു നീങ്ങി. ആർക്കും വേണ്ടാതെ കിടന്ന കാട്ടുപയറിനായി പിന്നീട് നല്ലകാലം. റബർ തോട്ടങ്ങളിൽ വ്യാപകമായുള്ള കാട്ടുപയറിന്റെ കുരുവിന് ഇപ്പോഴും വിപണിയിൽ വിലയുണ്ട്.

കൃഷിയെ ആര് പ്രോത്സാഹിപ്പിക്കും ?

ഇൗരാറ്റുപേട്ട കേന്ദ്രമാക്കി കോട്ടയം, ഇടുക്കി ജില്ലകളിലായി ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും ആയിരക്കണക്കിനു പരമ്പരാഗത കർഷകരും വൻകിട ചെറുകിട തോട്ടങ്ങളും ഉൾപ്പെടുന്നതാണ് മലഞ്ചരക്ക് വിപണി. വർഷങ്ങൾക്കു മുൻപ് തമിഴ്നാട്ടിൽനിന്ന് എത്തിയ കച്ചവടക്കാർ ഉൾപ്പെടെ വീടുകൾ തോറും കയറി ഇറങ്ങി ശേഖരിക്കുന്ന വിളകൾ എത്തിച്ചിരുന്നത് ഇൗരാറ്റുപേട്ടയിലെ വിപണിയിൽ ആയിരുന്നു. ഇതോടെ മലഞ്ചരക്ക് കടകൾ അന്നു മുതൽ വ്യാപകമായി. ഇപ്പോൾ ഇൗരാറ്റുപേട്ടയിലെ മലഞ്ചരക്കിന് ആവശ്യക്കാർ അന്യരാജ്യങ്ങളിലുമായി. അന്യസംസ്ഥാനങ്ങളിലും വിദേശത്തും മലഞ്ചരക്ക് കയറ്റുമതി ചെയ്യുന്നത് ഈരാറ്റുപേട്ടയിൽനിന്നാണ്. പക്ഷേ, മലയോര മേഖലയിൽ കൃഷി പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതികൾ ഇല്ലെന്നതാണു സത്യം.‌

പ്രതിസന്ധിക്ക് നടുവിൽ ഏലം ക‍ൃഷി

പല വിധ പ്രതിസന്ധികളിൽ നട്ടം തിരിയുകയാണ് ഏലം കർഷകർ. മഴ വന്നതോടെ ചെടികൾക്ക് രോഗം ബാധിച്ചു. തണ്ടുതുരപ്പൻ അടക്കമുള്ളവയാണ് ഭൂരിഭാഗം കൃഷിയിടങ്ങളിലും വ്യാപകമായിരിക്കുന്നത്. ഇല കരിച്ചിൽ, അഴുകലിന് സമാനമായ നിറവ്യത്യാസം, ഇലകളിലും മറ്റും പുള്ളിക്കുത്തുകൾ തുടങ്ങിയവയെല്ലാം ചില മേഖലകളിൽ കണ്ടുവരുന്നു. മുൻവർഷങ്ങളിൽ ഏലക്കായ്ക്ക് ഭേദപ്പെട്ട വില ലഭിച്ചിരുന്നെങ്കിലും നിലവിൽ ഒരു കിലോഗ്രാമിന് ശരാശരി 800-900 രൂപയാണ് വിപണിയിൽ ലഭിക്കുന്നത്. ഉൽപാദനച്ചെലവ് കൂടി.

സർക്കാർ കർഷകരെ സഹായിക്കണം: ബെന്നി ചെറിയാൻ ശാന്തൻപാറ (ഏലം കർഷകൻ)

സീസൺ അല്ലാത്തപ്പോഴും ഏലത്തിന് 1,000 രൂപയ്ക്ക് മുകളിൽ വില ഉയരാത്തത് വലിയ പ്രതിസന്ധിയാണ്. ഈ സ്ഥിതി തുടർന്നാൽ 2 മാസം കഴിഞ്ഞ് അടുത്ത സീസൺ തുടങ്ങുമ്പോൾ ഏലം വില ഇനിയും കുറയും. ഒരു കിലോഗ്രാം ഏലയ്ക്ക ഉൽപാദിപ്പിക്കുന്നതിന് ശരാശരി 500 രൂപയിലധികം ചെലവ് വരും. ഏലത്തിന് ഉപയോഗിക്കുന്ന കീടനാശിനികൾക്കും വളങ്ങൾക്കും വില ഓരോ ദിവസവും വർധിക്കുന്നു. ഈ സാഹചര്യത്തിൽ ഏലത്തിന് അടിസ്ഥാന വില നിശ്ചയിച്ച് കർഷകരെ സഹായിക്കാൻ സർക്കാർ തയാറാകണം.

ഇടമുറിഞ്ഞ് സാമ്പത്തിക ഇടപാടുകൾ: ഫൈസൽ ബഷീർ കല്ലുപുരയ്ക്കൽ‍ (വ്യാപാരി)

കർഷകരിൽനിന്നു രൊക്കം പണം നൽകിയാണ് വിളകൾ ശേഖരിക്കുന്നത്. എന്നാൽ ഇവ മൊത്ത വിപണിയിൽ എത്തിക്കുമ്പോൾ വില കൃത്യമായി നൽകാത്തതും ഇടപാടുകൾ വൈകുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു.

മന്ദഗതിയിൽനിന്ന് മാറ്റമുണ്ടാകുമോ: സിജു കിണറ്റുമൂട്ടിൽ ഇൗരാറ്റുപേട്ട (വ്യാപാരി)

ഉൽപാദനം കുറയാൻ പ്രധാന കാരണം പ്രളയവും കാലാവസ്ഥ വ്യതിയാനവും തന്നെ. ജാതി, കുരുമുളക് എന്നിവയിലായിരുന്നു ഇക്കുറി പ്രധാന പ്രതീക്ഷ. പക്ഷേ, മുൻ വർഷങ്ങളെക്കാൾ 50 ശതമാനത്തിൽ താഴെയാണ് ഉൽപന്നങ്ങൾ എത്തുന്നത്.

ഗുണനിലവാരം ഉറപ്പാക്കണം: ബഷീർ തൈത്തോട്ടം ഇൗരാറ്റുപേട്ട (വ്യാപാരി)

ഉൽപാദനച്ചെലവ് കൂടുതലാണെന്ന കാരണത്താലാണ് ഭൂരിഭാഗം കർഷകരും മലഞ്ചരക്ക് കൃഷിയിൽനിന്നു പിൻമാറുന്നത്. എന്നാൽ കുറച്ച് ഉൽപാദനം മാത്രമാണ് നടത്തുന്നതെങ്കിലും അത് ഉന്നത ഗുണനിലവാരത്തിൽ നടത്തിയാൽ ഉറപ്പായും പ്രതീക്ഷിക്കുന്നതിലും അധികം വില ലഭിക്കും. പ്രാദേശിക വിപണിയിലെ വിശ്വാസ്യത മൊത്ത വിപണിയിലേക്ക് എത്തിയാൽ പ്രതിസന്ധികൾക്കു പരിഹാരമാകും.

ചരക്കെടുക്കാൻ പുതുവഴി തേടണം: റിഫാൻ ഷാജി കുന്നത്തുപറമ്പിൽ (വ്യാപാരി)

പണ്ടുകാലത്ത് വീടുകളിൽ പോയി ചരക്ക് വാങ്ങിയിരുന്ന രീതി ഉണ്ടായിരുന്നു. അതിന് വിപണി ഉണർന്നതോടെ മാറ്റം വന്നു. എന്നാൽ കോവിഡിനുശേഷം കർഷകർ വിപണിയിലേക്കു വരുന്നത് കുറഞ്ഞു. ഇതോടെ വീണ്ടും മലഞ്ചരക്ക് ശേഖരിക്കാൻ വീടുകൾ വഴി പോകേണ്ടി വരുമോ എന്നും ആശങ്കയുണ്ട്.

വലിയ ബുദ്ധിമുട്ടിലാണ്: അനസ് നാസർ ഇൗരാറ്റുപേട്ട (വ്യാപാരി)

വലിയ ബുദ്ധിമുട്ടിലാണ് വ്യാപാര മേഖല മുന്നോട്ടു നീങ്ങുന്നത്. ചരക്കു നീക്കം നടക്കുന്നുണ്ടെങ്കിലും വിപണിയിൽ സാമ്പത്തിക ഇടപെടൽ വൈകുന്നതിനാൽ പ്രതിസന്ധി ഉണ്ടാകുന്നു. സംസ്ഥാനത്തിന്റെ പല ഭാഗത്തായുള്ള മൊത്ത വിപണിയിൽനിന്നു പണം ലഭിക്കാൻ താമസം നേരിടുന്നുണ്ട്.

ഉൽപാദനം പകുതിയായി: അലക്സ് തോമസ് പൗവ്വത്ത് പെരുവന്താനം (കർഷകൻ)

ജാതിയിൽ ഇക്കുറി 30 ശതമാനം മാത്രമാണ് കായ് പിടിച്ചത്. 70 ശതമാനം കുറവുണ്ടായി എന്നതു ചെറിയ കാര്യമല്ല. ഗ്രാമ്പൂ ഉൽപാദനത്തിൽ ഓരോ വർഷത്തിലും ഏറ്റക്കുറച്ചിലുണ്ടാകുമെങ്കിലും ഇത്തവണ വലിയ കുറവുണ്ടായി. അതുപോലെ തന്നെയാണ് മറ്റു വിളകളിലുമുണ്ടായത്. മഴ കൂടുതൽ ലഭിച്ചതും കാലം തെറ്റി എത്തിയതുമെല്ലാം തിരിച്ചടിയായി.

പ്രളയം പിന്നോട്ടടിച്ചു: സി.കെ.കുഞ്ഞുബാവ മുണ്ടക്കയം (വ്യാപാരി)

കുരുമുളകിലായിരുന്നു ഇക്കുറി പ്രതീക്ഷ. പക്ഷേ, 10 ശതമാനം പോലും വിപണിയിൽ എത്തുന്നില്ല. കശുവണ്ടിയും കൊട്ടപ്പാക്കും കുറഞ്ഞു. മുണ്ടക്കയം കൂട്ടിക്കൽ പ്രദേശങ്ങളിൽ പ്രളയത്തിൽ വ്യാപകമായി വിളകൾ നശിച്ചതും തിരിച്ചടിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com