ടൂറിസം വകുപ്പ് കയ്യേറി നിർമിച്ച കെട്ടിടം പൊളിച്ചുനീക്കി; ഉദ്യോഗസ്ഥരുടെ വീഴ്ചയിൽ ഖജനാവിനു നഷ്ടം 58.57 ലക്ഷം രൂപ

  പാറയ്ക്കൽകടവിൽ നിർമിച്ച കെട്ടിടം കോടതി ഉത്തരവു പ്രകാരം പൊളിച്ചുനീക്കിയപ്പോൾ.                    ചിത്രം: മനോരമ
പാറയ്ക്കൽകടവിൽ നിർമിച്ച കെട്ടിടം കോടതി ഉത്തരവു പ്രകാരം പൊളിച്ചുനീക്കിയപ്പോൾ. ചിത്രം: മനോരമ
SHARE

കോട്ടയം ∙ ടൂറിസം വകുപ്പ് ഗ്രാമീണ വിനോദസഞ്ചാര സൗന്ദര്യവൽക്കരണത്തിനായി നിർമിച്ച കെട്ടിടം സ്വകാര്യ ഭൂമി കയ്യേറിയതാണെന്നു കോടതി കണ്ടെത്തിയതിനെത്തുടർന്ന് പൊളിച്ചുനീക്കി. ഉദ്യോഗസ്ഥരുടെ വീഴ്ചയിൽ ഖജനാവിനു നഷ്ടം 58.57 ലക്ഷം രൂപ. പനച്ചിക്കാട് പഞ്ചായത്തിലെ പാറയ്ക്കൽകടവിൽ ഗ്രാമീണ വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി നിർമിച്ച കെട്ടിടമാണ് കോടതി ഉത്തരവ് പ്രകാരം സ്വകാര്യ വ്യക്തി പൊളിച്ചു നീക്കി സ്ഥലം ഏറ്റെടുത്തത്. 100 ചതുരശ്ര അടി വിസ്തീർണത്തിൽ കോഫി ഷോപ്പ്, സ്നാക്സ് പാർലർ, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളോടെയാണ് കെട്ടിടം നിർമിച്ചത്.  ഇരുന്നു വിശ്രമിക്കാൻ ഗ്രാനൈറ്റ് പാകിയ കൽക്കെട്ടുകളും പല സ്ഥലത്തായി നിർമിച്ചിരുന്നു. ഇതെല്ലാം പൊളിച്ചു നീക്കി. കേസിൽപെട്ടതിനാല്‍, നിർമാണത്തിനു ശേഷം ഒരു ദിവസം പോലും പ്രവർത്തിക്കാൻ കഴിയാതെ ആണ് കെട്ടിടം പൊളിച്ചുനീക്കിയത്.

പാടശേഖരങ്ങൾക്കു മധ്യത്തിലെ റോഡും മഴമരങ്ങളും പാലവും ഉൾപ്പെടെ മനോഹരമായ പ്രദേശം സ്ഥിരം വിവാഹ ഷൂട്ടിങ് വേദിയായിരുന്നു. നൂറു കണക്കിനു തദ്ദേശീയ വിനോദസഞ്ചാരികൾ എത്തിയതോടെയാണ്  ഗ്രാമീണ വിനോദ സഞ്ചാരത്തിന്റെ വികസന സാധ്യത തിരിച്ചറിഞ്ഞത്. 2011ൽ ആണ് ഇവിടെ  വിനോദ സഞ്ചാരികൾക്കു വേണ്ടി വിശ്രമകേന്ദ്രം നിർമിക്കാൻ ടൂറിസം വകുപ്പിന് ഭരണാനുമതി ലഭിച്ചത്. 2013ൽ നിർമാണം ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പ് പുറമ്പോക്ക് ആണെന്ന ധാരണയിൽ റവന്യു വകുപ്പിന്റെ അനുമതി വാങ്ങാതെയാണ് ടൂറിസം വകുപ്പ് കെട്ടിടം നിർമാണം ആരംഭിച്ചത്. 

എന്നാൽ, ഈ വസ്തു പുറമ്പോക്ക് അല്ലെന്നും തന്റെ സ്വന്തം സ്ഥലമാണെന്നും ആധാരം ഉണ്ടെന്നും കാണിച്ച്  കളപ്പുരയ്ക്കൽ സാലിച്ചൻ ജോസഫ് അധികൃതരെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു. എന്നിട്ടും പുറമ്പോക്ക് ആണെന്ന ധാരണയിൽ ഉദ്യോഗസ്ഥർ കെട്ടിട നിർമാണവുമായി മുന്നോട്ടുപോയി.  സാലിച്ചൻ 2013ൽ തന്നെ കോടതിയെ സമീപിച്ചു. 2018ൽ കെട്ടിടത്തിന്റെയും സൗന്ദര്യവൽക്കരണത്തിന്റെയും ജോലികൾ പൂർത്തിയായതോടെ നടത്തിപ്പിനായി ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കെട്ടിടം കൈമാറി. 

എന്നാൽ, കേസ് നടക്കുന്നതിനാൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഈ കെട്ടിടം ഏറ്റെടുത്തില്ല. കേസിൽ  കലക്ടർ ഒന്നാം പ്രതിയും പൊതുമരാമത്തുവകുപ്പ് വകുപ്പ് സെക്രട്ടറി രണ്ടാം പ്രതിയുമാണ്. കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തിക്ക് അനുകൂലമായി വിധി വന്നു.   അന്നു തന്നെ കോടതി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കെട്ടിടം പൊളിച്ചു നീക്കുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA