ടാപ്പിങ് മുടങ്ങി; റബർ മേഖലയിൽ പ്രതിസന്ധി

SHARE

കറുകച്ചാൽ ∙ രണ്ടാഴ്ചയായി തുടരുന്ന മഴയിൽ ടാപ്പിങ് മുടങ്ങിയതോടെ റബർ മേഖലയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. തുടർച്ചയായി ദിവസവും ഉണ്ടാകുന്ന മഴ മൂലം ടാപ്പിങ് തോട്ടത്തിൽ കയറാൻ പോലും പറ്റുന്നില്ലെന്നു കർഷകർ. സ്വാഭാവിക ഇലപൊഴിച്ചിലിന് ശേഷം ടാപ്പിങ് പുനരാരംഭിച്ചപ്പോഴാണു നിനച്ചിരിക്കാതെ 2 തവണയായി മഴയെത്തിയത്. ആദ്യ ഘട്ടം മഴ തീർന്നതോടെ ടാപ്പിങ് ജോലികൾ പുനരാരംഭിച്ച സമയത്താണ് ന്യൂനമർദം മൂലം വീണ്ടും മഴയെത്തിയത്. വൻകിട തോട്ടങ്ങളിൽ ഏപ്രിൽ ആദ്യവാരം റെയിൻ ഗാർഡ് ജോലികൾ തുടങ്ങുന്നതാണ്. എന്നാൽ മാസാദ്യം മഴ മൂലം റെയിൻ ഗാർഡ് ജോലി തടസ്സപ്പെട്ടു.

തോട്ടത്തിൽ കയറിയിട്ട് ആഴ്ചകളായി

തോട്ടത്തിൽ കയറിയിട്ട് ആഴ്ചകൾ പിന്നിട്ടെന്ന്‌‌ ചെറുകിട റബർ കർഷകൻ തോമസ് ജേക്കബ് പറയുന്നു. 3 ആഴ്ചയായി തുടരുന്ന മഴയിൽ റബർ ഉൽപാദനം 50% കുറഞ്ഞതായി റബർ ഉൽപാദക സംഘങ്ങളും പറയുന്നു. ടാപ്പിങ് തൊഴിലാളികൾ പട്ടിണിയിലാണ്. റബർ തോട്ടങ്ങളിലെ ജോലികൾ എല്ലാം തടസ്സപ്പെട്ടിരിക്കുകയാണ്. ആവർത്തന കൃഷിയിടങ്ങളിലെ ജോലികളും തടസ്സപ്പെട്ടതിനാൽ കാലവർഷം തുടങ്ങിയാലും ജോലികൾ പുനരാരംഭിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.

മഴ 167% കൂടുതൽ

മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ ജില്ലയിൽ 817.9 മില്ലിമീറ്റർ മഴയാണ്. പ്രതീക്ഷിച്ചിരുന്നത് 305.9 മില്ലിമീറ്റർ മാത്രമായിരുന്നു. ഇതേവരെ 167% മഴ അധികമായി ലഭിച്ചു. എല്ലാ ദിവസവും മഴ പെയ്യുന്നതിനൽ റബർ ടാപ്പിങ് സാധ്യമല്ലാതായി. ഒപ്പം ടാപ്പിങ് പാനലിൽ കുമിൾ രോഗ ബാധ രൂക്ഷമാണെന്നും തോട്ടങ്ങളിൽ കാട് വളർന്ന് നിയന്ത്രണാതീതമാണെന്നും കർഷകർ പറയുന്നു.

റെയിൻ ഗാർഡ് ഇടാനാവുന്നില്ല

മഴ മൂലം റെയിൻ ഗാർഡ് ജോലികൾ തടസ്സപ്പെട്ടിരിക്കുകയാണ്. മേഖലയിൽ മെച്ചപ്പെട്ട കാലാവസ്ഥ ലഭിച്ച സമയം കൊണ്ട് 50% മരങ്ങൾ മാത്രമാണ് റെയിൻ ഗാർഡ് ചെയ്യാൻ കഴിഞ്ഞതെന്നും ആർപിഎസ് അധികൃതർ പറയുന്നു. 15% തോട്ടങ്ങളിൽ മാത്രമാണ് സ്പ്രേയിങ് നടത്തിയത്. ചിറക്കടവ് മോഡൽ ആർപിഎസ് സെക്രട്ടറി ഷാജിമോൻ ജോസ് പറയുന്നു.

കൈത്താങ്ങായി സബ്സിഡി

ഇത്തവണ റെയിൻ ഗാർഡ് ചെയ്യുന്നതിനും സ്പ്രേയിങ് നടത്തുന്നതിനും റബർ ബോർഡ് സബ്സിഡി അനുവദിച്ചത് റബർ കർഷകർക്ക് ഗുണകരമായെന്നു ഉൽപാദക സംഘങ്ങൾ പറയുന്നു. ഹെക്ടറിന് റെയിൻ ഗാർഡ് ചെയ്യുന്നതിന് 5000 രൂപയും സ്പ്രേയിങ് നടത്താൻ 7000 രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ആർപിഎസ് വഴി വിതരണം ചെയ്യുന്ന പദ്ധതി ഗുണഭോക്താക്കൾക്ക് നൽകി തുടങ്ങിയെന്ന് ആർപിഎസ് അധികൃതർ പറഞ്ഞു.

50% ഉൽപാദന നഷ്ടം
‘ വിലയിടിഞ്ഞിരുന്ന ലാറ്റക്സ് വില ഇപ്പോൾ ഷീറ്റ് റബറിനൊപ്പമായി. എന്നാൽ മഴ മൂലം ഉൽപാദനം നടക്കാതെ വന്നതിനാൽ 50% ഉൽപാദന നഷ്ടം ഉണ്ടായിട്ടുണ്ട്. മഴ മൂലം ആർപിഎസ് പരിധിയിലെ 70000 മരങ്ങളിൽ പകുതി മാത്രമാണ് റെയിൻ ഗാർഡ് ചെയ്യാൻ കഴിഞ്ഞത്. കാലാവസ്ഥ അനുകൂലമായില്ലെങ്കിൽ റെയിൻ ഗാർഡ് നടത്താൻ പ്രയാസമാകും. ഇത് കാലവർഷക്കാലങ്ങളിലെ ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കും.’
ഷാജിമോൻ ജോസ്,ചിറക്കടവ് മോഡൽ ആർപിഎസ് സെക്രട്ടറി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA