ADVERTISEMENT

ഏറ്റുമാനൂർ ∙ ഒടുവിൽ അധികൃതർ ഉണർന്നു. ഏറ്റുമാനൂർ നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് ചർച്ച നടത്തി. മേൽപാലം യാഥാർഥ്യമാക്കുക, മണർകാട് ബൈപാസ് വേഗം തുറക്കുക, നഗരത്തിലും പരിസരങ്ങളിലുമായി റിങ് റോഡ് സ്ഥാപിക്കുക, മറ്റു ഉപവഴികൾ കൂടുതലായി ഉപയോഗിക്കാൻ ബോധവൽക്കരണം നടത്തുക എന്നീ നിർദേശങ്ങളാണ് യോഗത്തിൽ ഉയർന്നത്. മറ്റ് എല്ലാ സാധ്യതകളും വിജയിച്ചില്ലെങ്കിൽ മാത്രമേ മേൽപാലം നിർമിക്കാവൂ എന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.

മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിലായിരുന്നു യോഗം. കലക്ടർ, കേരള റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ ഉദ്യോഗസ്ഥർ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, നഗരത്തിലെ വ്യാപാരികൾ, റസിഡൻസ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ ആലോചനാ യോഗത്തിൽ പങ്കെടുത്തു.

മേൽപാലം പദ്ധതി ഇങ്ങനെ

മേൽപാലം നിർമിക്കുന്നതിനു കിഫ്ബിയിൽ നിന്ന് അനുവദിച്ച 97.16 കോടി രൂപ ഇപ്പോഴും നിലവിലുണ്ട്. എംസി റോഡിൽ പട്ടിത്താനം – ഏറ്റുമാനൂർ റോഡിൽ വി.കെ.ബി. റോഡ് തുടങ്ങുന്ന ഭാഗം മുതൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുൻവശം ബസുകൾ അകത്തേക്ക് കയറുന്ന ഭാഗം വരെ മേൽപാലം നിർമിക്കാനാണ് തുക അനുവദിച്ചിരിക്കുന്നത്.

കുരുക്കോടു കുരുക്ക്

നഗരത്തിന്റെ ഹൃദയഭാഗമായ സെൻട്രൽ ജംക്‌ഷൻ ഏതു സമയവും ഗതാഗതക്കുരുക്കിലാണ്. കോട്ടയം, എറണാകുളം, പാലാ, അതിരമ്പുഴ, നീണ്ടൂർ, കൈപ്പുഴ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്കും മെഡിക്കൽ കോളജ് ആശുപത്രി, എംജി സർവകലാശാല എന്നിവിടങ്ങളിലേക്കും വാഹനങ്ങൾ കടന്നു പോകുന്നത് സെൻട്രൽ ജംക്‌ഷനിലൂടെയാണ്.

എംസി റോഡിന്റെ നവീകരണം പൂർത്തിയായിട്ടും ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ കഴിഞ്ഞിരുന്നില്ല. മണർകാട് ബൈപാസിന്റെ ഉദ്ഘാടനം കഴിയുന്നതോടെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

കുരുക്കിനു കാരണം ബസ് സ്റ്റാൻഡുകളും

നഗരത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ ബസ് സ്റ്റാൻഡും കെഎസ്ആർടിസി ബസ് സ്റ്റാൻഡും ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണങ്ങളാണ്. സ്വകാര്യ ബസുകൾ ബസ് സ്റ്റാൻഡിലേക്ക് കയറുന്നത് സെൻട്രൽ ജംക്‌ഷനിൽ വന്ന് യൂ ടേൺ എടുത്താണ്. ഈ സമയങ്ങളിലെല്ലാം എംസി റോഡിലൂടെ വരുന്ന വാഹനങ്ങൾ നിർത്തിയിട്ടാണു സ്വകാര്യ ബസുകൾ വിവിധ ഭാഗങ്ങളിലേക്ക് കടത്തി വിടുന്നത്.

സ്വകാര്യ ബസുകൾ എംസി റോഡിലേക്ക് ഇറങ്ങുന്ന സമയത്ത് സ്വകാര്യ വാഹനങ്ങൾ നഗരസഭാ മന്ദിരത്തിലേക്കും മത്സ്യ മാർക്കറ്റിലേക്കും ഇതുവഴി കയറുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. എംസി റോഡിൽ നിന്നു തന്നെയാണ് കെഎസ്ആർടിസി ബസുകളും സ്റ്റാൻഡിലേക്ക് കയറുന്നതും ഇറങ്ങുന്നതും.

ഗതാഗതക്കുരുക്ക് അഴിക്കുന്നതിന് എല്ലാവരുടെയും അഭിപ്രായം കേൾക്കുകയാണ് ചെയ്തത്. എല്ലാ നിർദേശങ്ങളും വിദഗ്ധ സമിതി പഠിച്ച ശേഷം വീണ്ടും വിപുലമായ യോഗം വിളിക്കും. അന്തിമ തീരുമാനം പിന്നീട്.
മന്ത്രി വി.എൻ. വാസവൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com