ADVERTISEMENT

പാമ്പാടി ∙ സ്‍കൂൾ തുറക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ മേഖലയിലെ സ്‍കൂളുകളിൽ പ്രവേശനോ‌ത്സവത്തിനായി ഒരുക്കങ്ങൾ തകൃതിയായി. വിവിധ സ്‍കൂളുകളിൽ വൃത്തിയാക്കൽ ജോലികൾ പുരോഗമിക്കുന്നു. പെയിന്റിങ് നടത്തി നവാഗതരെ വരവേൽക്കാൻ ഒരുങ്ങിയ സ്‍കൂളുകളും ഉണ്ട്. കൊച്ചുകുട്ടികളെ ആകർഷിക്കാൻ ചെറുക്ലാസ് മുറികൾ വർണാഭമാക്കി.

അധ്യാപകരുടെയും രക്ഷകർത്താക്കളുടേയും സഹകരണത്തിലാണു വൃത്തിയാക്കൽ. വിശിഷ്ടാതിഥികളെ കൊണ്ടു വന്ന് പ്രവേശനോത്‍സവം ‘കളർഫുൾ ’ ആക്കാനാണു വിവിധ സ്‍കൂൾ അധികൃതരുടെ തീരുമാനം. സ്‍കൂളുകൾ കെട്ടിടങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ചു എൻജിനീയറുടെ സാക്ഷ്യപത്രം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളും സ്‍കൂൾ അധികൃതർ നടത്തിയിരുന്നു.

സ്‍കൂൾ ബസുകൾ ‘ഓടിക്കാൻ’അധികൃതർ നെട്ടോട്ടത്തിൽ

വിവിധ സ്‍കൂൾ അധികൃതരെ ഏറ്റവും ബുദ്ധിമുട്ടിലാക്കുന്നത് സ്കൂൾ ബസുകളുടെ ഫിറ്റ്നസ് വീണ്ടെടുക്കുന്നതാണ്. ജിപിഎസ്, വേഗപ്പൂട്ട് സംവിധാനങ്ങൾ വാഹനങ്ങളിൽ കർശനമാണ്. കോവിഡിനെ തുടർന്ന് ഓടാതെ കിടന്ന സ്‍കൂൾ വാഹനങ്ങൾ നന്നാക്കി ഇറക്കാൻ മിക്ക സ്‍കൂളുകൾക്കും വൻ തുകയാണ് വേണ്ടി വന്നത്. ബാറ്ററി തകരാർ, ടയറുകൾ ഉറഞ്ഞു പോകൽ, പമ്പിന് തകരാർ തുടങ്ങിയ പ്രശ്‍നങ്ങളാണ് സ്‍കൂൾ വാഹനങ്ങൾ നേരിട്ടിരുന്നത്. ജി ഫോം കൊടുത്തിട്ടിരുന്ന ബസുകൾ കടമ്പകൾ താണ്ടി വേണം ഫിറ്റ്നസ് വീണ്ടെടുത്ത് നിരത്തിലിറക്കാൻ.

സ്‍കൂൾ വിപണി ഉഷാർ 

മേഖലയിൽ സ്‍കൂൾ വിപണിയും ഉഷാറായി. 2 വർഷമായി ക്ലാസ് ഇല്ലാത്തതിനെ തുടർന്നു സജീവമാകാതിരുന്ന സ്കൂൾ വിപണി ഇത്തവണ മികച്ച മാർജിൻ വിൽപന പ്രതീക്ഷിക്കുന്നുണ്ട്. 300 രൂപ മുതൽ 2000  രൂപ വരെ വില വരുന്ന സ്‍കൂൾ  ബാഗുകൾ വിപണിയിലുണ്ട്. കുടകൾ, വിവിധ തരത്തിലുള്ള ചോറു പാത്രങ്ങൾ, ബോക്സുകൾ, പൗച്ചുകൾ, വാട്ടർ ബോട്ടിലുകൾ എന്നിവ കടകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

വരും ദിവസങ്ങളിൽ കച്ചവടം കൂടുതലായി നടക്കുമെന്നാണ് പ്രതീക്ഷയെന്നു വ്യാപാരികൾ പറഞ്ഞു.പാമ്പാടിയിലും, വെള്ളൂരിലും സഹകരണ ബാങ്കുകളുടെ സ്‍കൂൾ മാർക്കറ്റുകളും സജീവമായി പ്രവർത്തിച്ചു വരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com