ADVERTISEMENT

കോട്ടയം ∙ 50 കിലോമീറ്റർ എന്നാൽ എത്ര ദൂരം വരും. ഓ..ഒരു സൈക്കിൾ എടുത്ത് ചവിട്ടിയാൽ എത്തുന്ന ദൂരം. ഫിലിപ് കുരുവിളയുടെ വാക്കുകളിൽ ദൂരത്തിന് അത്ര ദൂരമില്ല. സൈക്കിൾ എന്നു പറഞ്ഞാൽ ആത്മവിശ്വാസമെന്ന് സഞ്ജു ജോസഫിന്റെ മറുപടി. അസുഖമില്ലാത്ത ജീവിതമെന്ന് ടി.എം.നദീറിന്റെ ഉറപ്പ്. ദീർഘദൂര സൈക്ലിങ് ജീവിതം കൂടുതൽ ആസ്വാദ്യകരമാക്കിയെന്ന കാര്യത്തിൽ മൂവർക്കും തർക്കമില്ല. അമച്വർ സൈക്ലിങ്ങിലെ രാജ്യാന്തര അംഗീകാരമായ സൂപ്പർ റാൻഡൊണേഴ്സ് (എസ്ആർ) കഴി‍ഞ്ഞ ദിവസം സ്വന്തമാക്കിയതാണ് മൂവരും. 200, 300, 400, 600 കിലോമീറ്റർ ദൂരം നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കുന്നവർക്ക് പാരിസ് ഒഡാക്സ് ക്ലബ് നൽകുന്ന അംഗീകാരമാണ് എസ്ആർ ടൈറ്റിൽ.

കഴിഞ്ഞ ദിവസം 600 കിലോമീറ്റർ പൂർത്തിയാക്കുമ്പോൾ കോട്ടയത്തു നിന്നുള്ള മൂവർ സംഘത്തിനൊപ്പം ഒരു ദമ്പതികളുമുണ്ടായിരുന്നു– കാട്ടാമ്പാക്ക് സ്വദേശി കണ്ണൻ ശശിയും ഭാര്യ ചന്ദൻ സാവെയും. പാലാ കടപ്പാട്ടൂർ പുതുമനയിൽ സഞ്ജു ജോസഫ് പ്ലാന്ററാണ്. മുട്ടമ്പലം താമരപ്പള്ളിൽ ഫിലിപ് കുരുവിള താമരപ്പള്ളിൽ സെന്റർ ഉടമയാണ്. കോട്ടയം ചെങ്ങളം തെക്കേപ്പറമ്പിൽ ടി.എം. നദീർ മലയാള മനോരമ കോട്ടയം യൂണിറ്റിൽ ഉദ്യോഗസ്ഥനാണ്. ദമ്പതികളായ കണ്ണൻ ശശിയും ചന്ദൻ സാവെയും യുഎസിലെ ന്യൂ ഹാംഷറിൽ സോഫ്റ്റ്‌വെയർ എൻജിനീയർമാരാണ്. ഇപ്പോൾ നാട്ടിൽ വർക് ഫ്രം ഹോം അടിസ്ഥാനത്തിൽ ജോലി നോക്കുന്നു. മഹാരാഷ്ട്ര സ്വദേശിനിയാണ് ചന്ദൻ.

കഴി‍ഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് വാളയാർ വരെയും തിരികെ കൊച്ചി വഴി ചാത്തന്നൂർ എത്തിയ ശേഷം കൊച്ചി വരെ തിരിച്ചെത്തുന്ന വിധത്തിലായിരുന്നു റൂട്ട് ക്രമീകരിച്ചത്. 40 മണിക്കൂറായിരുന്നു ഫിനിഷ് ലൈൻ തൊടേണ്ട സമയം. ഇതിനുള്ളിൽ 5 പേരും ഫിനിഷ് ലൈൻ തൊട്ടു. 2019ൽ 200, 300, 400 കിലോമീറ്റർ ദൂരം നദീർ ഫിനിഷ് ചെയ്തിരുന്നു. എന്നാൽ കോവിഡ് കാരണം 600 കിലോമീറ്റർ മത്സരം നടന്നില്ല.  അത്തവണ പിടിച്ചെടുക്കാനാകാത്ത പട്ടം ഇക്കുറി സ്വന്തമാക്കി. മകന് ഈതന് സ്കേറ്റിങ്ങിൽ ആത്മവിശ്വാസം നൽകുന്നതിനാണ് ഫിലിപ് കുരുവിള രണ്ട് വർഷം മുൻപ് സൈക്ലിങ്ങിലേക്ക് എത്തിയത്.

കോവിഡ് സ്കേറ്റിങ് ക്ലാസുകൾ അടപ്പിച്ചെങ്കിലും സൈക്കിൾ ചവിട്ട് ഫിലിപ് തുടർന്നു. പിന്നീട് അത് ഹരമായി. ജീവിതത്തിൽ എല്ലാക്കാര്യങ്ങളെയും ആത്മവിശ്വാസത്തോടെ സമീപിക്കാൻ ദീർഘദൂര സൈക്ലിങ് സഹായിക്കുന്നെന്ന് സഞ്ജു ജോസഫ് പറയുന്നു. പാരിസിൽ അടുത്ത വർഷം നടക്കുന്ന 1200 കിലോമീറ്റർ ദൂരം ചവിട്ടേണ്ട സൈക്ലിങ്ങായ ലാ റാൻ‍ഡൊണേഴ്സ് മോജ്യുവിൽ പങ്കെടുക്കുകയാണ് മൂവരുടെയും ലക്ഷ്യം. കോവിഡ് കാലത്ത് സൈക്കിൾ ചവിട്ടി തുടങ്ങിയതാണ് കണ്ണൻ ശശിയും ചന്ദൻ സാവെയും. 200 കിലോമീറ്റർ പൂർത്തിയാക്കിയ ഇവർ ഇപ്പോൾ 600 കിലോമീറ്ററും പൂർത്തിയാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com