ADVERTISEMENT

കോട്ടയം ∙ മാലിന്യത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ട സാഹചര്യത്തിൽ മെഡിക്കൽ കോളജിലെ ആരോഗ്യ വിഭാഗം ആദ്യം പരിശോധിക്കുന്നത് ഗൈനക്കോളജിയിലെ അടുത്ത ദിവസങ്ങളിലെ ശിശു മരണങ്ങൾ. പ്രാഥമിക പരിശോധനയിൽ ഇത്തരത്തിൽ ഒരു നവജാത ശിശുമരണം കണ്ടെത്താനായില്ല. തുടർന്ന് മാലിന്യസംസ്കരണ സംവിധാനങ്ങളും വികേന്ദ്രീകരണവും പരിശോധിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഇത്തരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് ഇടയിൽ തള്ളാനുള്ള സാഹചര്യം ഇല്ലെന്നാണ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നിലപാട്.

മെഡിക്കൽ കോളജ് അധികൃതർ പറയുന്നത് 

പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി സംഭരിച്ചു വയ്ക്കുന്ന ചുവന്ന കവറുകളിൽ ബയോമെഡിക്കൽ സാധനങ്ങളോ ശസ്ത്രക്രിയാ അവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങൾ ഇടാറില്ല. ബയോമെഡിക്കൽ സാമഗ്രികൾ മഞ്ഞ കവറുകളിലാണു സൂക്ഷിക്കുന്നത്. എന്നാൽ ഗൈനക്കോളജി വിഭാഗത്തിൽ നിന്നാണ് നവജാത ശിശുക്കളുടെയും മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെയും മൃതദേഹങ്ങൾ സംസ്കരിക്കാനായി പുറത്തുവരാൻ സാധ്യതയുള്ളത്. സ്വാഭാവിക മരണം ആണെങ്കിൽ അപ്പോൾത്തന്നെ മഞ്ഞക്കവറിൽ ശേഖരിച്ച് മോർച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റും. 

ഇത്തരം മൃതദേഹങ്ങൾ സൂക്ഷിക്കാൻ മാത്രം ഒരു ഫ്രീസർ ഉണ്ട്. ഈ ഫ്രീസർ നിറയുമ്പോൾ മൃതദേഹങ്ങൾ സുരക്ഷിതമായി കത്തിച്ചു കളയും. അടുത്ത ദിവസങ്ങളിൽ ഫ്രീസറിന് ഉള്ളിൽ നിന്ന് മൃതദേഹങ്ങൾ നീക്കിയിട്ടില്ല. അസ്വാഭാവിക മരണം ആണെങ്കിൽ പോസ്റ്റ്മോർട്ടം ചെയ്ത് പൊലീസിനു കൈമാറും. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഗൈനക്കോളജി വിഭാഗത്തിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം ഇത്തരത്തിൽ കൈമാറിയിട്ടില്ല.

കെഇഐഎൽ അധികൃതർ പറയുന്നത്

ശനിയാഴ്ച മെഡിക്കൽ കോളജിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ അടങ്ങുന്ന ചുവന്ന കവറുകൾ വാഹനത്തിലാണ് പ്ലാന്റിൽ എത്തിച്ചത്. പ്ലാന്റിൽ വച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ കവർ തുറന്ന് തരം തിരിക്കുന്നതിനിടെ ഒരു കവർ തുറന്നപ്പോഴാണ് കുഞ്ഞിന്റെ മ‍ൃതദേഹം കമഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടത്. കുഞ്ഞിന്റെ തലയിൽ നിറയെ മുടിയുണ്ടായിരുന്നു. സാധാരണ ശസ്ത്രക്രിയ അവശിഷ്ടങ്ങളും ശരീരഭാഗങ്ങളും നവജാത ശിശുക്കളുടെ മൃതദേഹങ്ങളും സംസ്കരിക്കുന്നതിനായി ആശുപത്രികൾ അയയ്ക്കാറുണ്ട്. അവർ പ്രത്യേക ബിന്നിലോ മഞ്ഞ കവറുകളിലോ ആകും അയയ്ക്കുക. 

ഇതുകൂടാതെ നവജാത ശിശുവിന്റെ മരണം സംബന്ധിച്ച് ആശുപത്രിയിൽ നിന്നുള്ള രേഖകളും കൂടെ ഉണ്ടാകും. ഇത്തരം കവറുകളും ബിന്നുകളും മറ്റുള്ള മാലിന്യത്തിൽ നിന്നു മാറ്റി പ്രത്യേകമായിട്ടാണു കൊടുത്തു വിടുന്നതെന്നും ഇവർ പറയുന്നു. പ്ലാന്റിൽ സംസ്കരിക്കുന്നതിനും പ്രത്യേക സംവിധാനമുണ്ട്. ഇത്തരം മാലിന്യങ്ങൾ ഇൻസിനറേറ്ററിൽ നേരിട്ട് കത്തിച്ചു കളയുകയാണ് ചെയ്യുന്നത്.

ദുരൂഹത ഇക്കാര്യങ്ങളിൽ

∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പ്രസവം ആണെങ്കിൽ മരണം നടന്നതിന്റെ രേഖകൾ ആശുപത്രി റജിസ്റ്ററിൽ ഉണ്ടാകും. എന്നാൽ  കുഞ്ഞു മരിച്ചതിന്റെ രേഖകൾ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയില്ലെന്നാണു അധികൃതർ. 

∙ ആശുപത്രിയിൽ നടന്ന പ്രസവത്തിൽ ഉണ്ടായ നവജാത ശിശുവിന്റെ മൃതദേഹം ആണെങ്കിൽ മാതാപിതാക്കളോ ബന്ധുക്കളോ കുഞ്ഞിന്റെ മൃതദേഹം ആവശ്യപ്പെടാം.

∙ കുഞ്ഞിന്റെ മൃതദേഹത്തിനു കാലപ്പഴക്കം ഉണ്ടെങ്കിൽ ദുർഗന്ധം ഉണ്ടാകാം. എന്നാൽ ലഭിച്ച മൃതദേഹത്തിന് ദുർഗന്ധം ഉണ്ടായിരുന്നില്ലെന്ന് ഏജൻസി പറയുന്നു.

∙ പ്ലാസ്റ്റിക് മാലിന്യങ്ങൾ മാത്രം തരംതിരിച്ച് ഇടുന്ന ചുവപ്പ് കവറിലാണ് പ്ലാസ്റ്റിക്കിന് ഒപ്പം കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം ഉള്ള കവറിന് ഭാരം കൂടാനുള്ള സാധ്യത ഏറെയാണ്.

∙ ദുരൂഹ സാഹചര്യത്തിൽ മരിച്ച കുഞ്ഞ് ആണെങ്കിൽ കുഞ്ഞിന്റെ മൃതദേഹം ഒളിപ്പിക്കാൻ ഈ വഴി തിരഞ്ഞെടുക്കാനുള്ള സാധ്യത ഉണ്ട്.

മെഡിക്കൽ കോളജിലെ മാലിന്യ സംസ്കരണം ഇങ്ങനെ

∙ആശുപത്രിയിലെ വാർഡുകൾ, ശസ്ത്രക്രിയ തിയറ്ററുകൾ, തീവ്രപരിചരണ വിഭാഗം തുടങ്ങിയ സ്ഥലത്തു നിന്നു വരുന്ന മാലിന്യങ്ങൾ മെഡിക്കൽ കോളജിൽ സംസ്കരിക്കുന്നത് മൂന്നായി തിരിച്ച്. ബയോ മെഡിക്കൽ മാലിന്യങ്ങൾ മഞ്ഞ കവറിലും പ്ലാസ്റ്റിക്, ബയോമെഡിക്കൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ചുവന്ന കവറിലുമാണ് ശേഖരിക്കുന്നത്. 

∙ദിവസവും നിശ്ചിത സമയം ഈ പ്ലാസ്റ്റിക് കവറുകൾ കെട്ടി പ്രത്യേക ബിന്നുകളിൽ വച്ച് ഇന്ത്യൻ കോഫി ഹൗസിന്റെ സമീപത്തെ മാലിന്യ കേന്ദ്രത്തിൽ എത്തിക്കും. ഇവിടെ നിന്ന് മെഡിക്കൽ കോളജ് നിയോഗിച്ചിട്ടുള്ള സർക്കാർ ഏജൻസിയായ കേരള എൻവയോ ഇൻഫ്രാസ്ട്രക്ടർ ലിമിറ്റഡ് മാലിന്യങ്ങൾ ശേഖരിച്ച് എറണാകുളത്തെ ഇവരുടെ സംസ്കരണ കേന്ദത്തിലേക്കു കൊണ്ടുപോകും. 

∙ഭക്ഷണ അവശിഷ്ടങ്ങൾ ഗൈനക്കോളജി ഡിപ്പാർട്മെന്റിനു സമീപത്തെ സംസ്കരണ കേന്ദ്രത്തിൽ എത്തിച്ച് അരച്ച് ബയോഗ്യാസ് ആക്കി ഉപയോഗിക്കും. മറ്റു പൊതു മാലിന്യങ്ങൾ ഗൈനക്കോളജി വകുപ്പിന്റെ സമീപത്തെ മെറ്റീരിയൽ കലക്‌ഷൻ കേന്ദ്രത്തിൽ എത്തിച്ച് വേർതിരിച്ച് വിൽപന നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com