ADVERTISEMENT

ഏറ്റുമാനൂർ ∙ എംസി റോ‍ഡിൽ അടിച്ചിറയും പിന്നിട്ട് നാഗമ്പടം കടക്കണമെങ്കിലും വേണം യാത്രക്കാർക്ക് മെയ്‌വഴക്കം. കുപ്പിക്കഴുത്തിനു പ്രധാന ഉദാഹരണമാണ് എംസി റോഡിൽ നാഗമ്പടം മീനച്ചിലാർ പാലം. ഏറ്റുമാനൂർ ഭാഗത്തു നിന്നു പാലത്തിനു മുൻപ് വരെ റോഡിന് വീതിയുണ്ട്. എന്നാൽ, പാലത്തിലേക്ക് എത്തുമ്പോൾ 2 വാഹനങ്ങൾക്ക് മാത്രം കഷ്ടിച്ച് കടന്നു പോകാം. എസ്എച്ച് മൗണ്ട് കവല മുതൽ വാഹനങ്ങളുടെ നിര കാണാം.

ഏറ്റുമാനൂർ ഭാഗത്തു നിന്നു എത്തുന്ന വാഹനങ്ങൾ പെട്ടെന്ന് ഒറ്റ വരിയായി മാറേണ്ട ഗതികേടിലാണ്. ഇതിനിടയിൽ വാഹനങ്ങൾ കുത്തിക്കയറ്റുന്നതും പതിവ്. നാഗമ്പടം പാലത്തിന്റെ ഇരുവശത്തും അപകടസാധ്യതയാണ്. ഗുഡ്സ് ഷെഡ് റോഡിലേക്ക് വാഹനങ്ങൾ തിരിയുന്നത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു.

എംസി റോഡ് വീതി കൂട്ടി നവീകരിച്ചു;  റെയിൽവേ മേൽപാലവും പുതുക്കി. എന്നിട്ടും മീനച്ചിലാർ പാലം വീതികൂട്ടി പുതുക്കിപ്പണിതില്ല. കോട്ടയം ഭാഗത്തു നിന്നു ബേക്കർ ജംക്‌ഷൻ കഴിഞ്ഞ് മീനച്ചിലാർ പാലത്തിലേക്ക് പ്രവേശിക്കുന്നതു കുത്തനെ ഇറക്കം ഇറങ്ങി വളവ് തിരിഞ്ഞ് റെയിൽവേ മേൽപാലവും കടന്നാണ്. റെയിൽവേ മേൽപാലത്തിന്റെ ഇരുവശത്തും റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന കുഴികൾ കാണാം. നിര തെറ്റിച്ച് മറികടക്കുന്ന വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും പതിവാണ്.

അമിത വേഗത്തി‍ൽ വരുന്ന വാഹനങ്ങളാണ് അപകടം വരുത്തുന്നതെന്നു പൊലീസ് പറയുന്നു. അപകടവളവിൽ പോലും വേഗം നിയന്ത്രിക്കുന്നില്ല. കെഎസ്ആർടിസി ബസുകളും അപകടങ്ങളിൽ മുന്നിലാണ്. കെഎസ്ആർടിസി ബസിന്റെ അമിതവേഗം റോഡിലെ ‘ക്യാമറ കണ്ണുകൾ’ കാണുന്നില്ല. 

എത്ര വേഗത്തിൽ സഞ്ചരിച്ചാലും നടപടിയില്ല. നാഗമ്പടം ചെമ്പരത്തിമൂട്, എസ്എച്ച് മൗണ്ട്, കുമാരനല്ലൂർ, തെള്ളകം, അടിച്ചിറ എന്നിവിടങ്ങളിലെല്ലാം കെഎസ്ആർടിസി ബസുകൾ വരുത്തിയ അപകടങ്ങൾ ഏറെയാണ്. ജില്ലയുടെ വാഹനാപകട കേന്ദ്രമായി എംസി റോഡ് മാറിയെന്ന പൊലീസ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് മുഖവിലയ്ക്കെടുത്ത് പരിഹാരം വേണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com