കുമരകം ∙ കാേട്ടയം – കുമരകം, അട്ടിപ്പീടിക റോഡുകളിൽ വാഹനാപകടങ്ങൾ പതിവായി. കഴിഞ്ഞ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലായി 9 അപകടങ്ങൾ ഉണ്ടായതിൽ ഒരാൾ മരിച്ചു. 12 പേർക്കു പരുക്കേറ്റു. ഇതിൽ പലരുടെയും പരുക്ക് ഗുരുതരമാണ്. ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ടും നായ കുറുകെ ചാടിയും റോഡിൽ നിന്ന പോത്തിനെ ഇടിച്ചും അപകടം ഉണ്ടായി. ചീപ്പുങ്കലിൽ വഴിയാത്രക്കാരനെ ഇടിച്ച ശേഷം വാഹനം നിർത്താതെ പോയ സംഭവവുമുണ്ടായി. ബുധനാഴ്ച രാത്രി ബോട്ട് ജെട്ടി പാലത്തിനു സമീപം നായ കുറുകെ ചാടി ഉണ്ടായ അപകടമാണ് അവസാനത്തേത്. ചീപ്പുങ്കലിൽ വഴിയാത്രക്കാരനായ കലുങ്കിൽ രഘുവിനാണു വാഹനം ഇടിച്ചു പരുക്കേറ്റത്. റോഡിന്റെ താഴത്തറ ഭാഗത്ത് രാത്രി നിന്ന പോത്തിനെ ഇടിച്ചു ഇരുചക്രവാഹന യാത്രക്കാരനു പരുക്കേറ്റു.

അട്ടിപ്പീടിക റോഡിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട മതിലിൽ ഇടിച്ചു കുമരകം സ്വദേശി ഷിജുവിനു പരുക്കേറ്റു. വലിയകുളത്തിന് സമീപം ബൈക്കും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചു കരിയിൽ ഭാഗത്തെ 3 പേർക്കു പരുക്കേറ്റു. തിങ്കളാഴ്ച രണ്ടാം കലുങ്കിനു സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു തിരുവാർപ്പ് സ്വദേശിയായ അജിത് രാജ്(33) മരിച്ചു. ഈ അപകടത്തിൽ കുമരകം സ്വദേശി ജയിംസനും മറ്റൊരാൾക്കു പരുക്കേറ്റു.
ജോലി കഴിഞ്ഞ വന്ന യുവതി സ്കൂട്ടർ മറിഞ്ഞു രണ്ടാം കലുങ്ക് ഭാഗത്ത് വച്ച് തന്നെ പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി അറുപറ വളവിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവിനു ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച രാവിലെ ചെങ്ങളം വായനശാല കവലയിൽ ലോറി സ്കൂട്ടറിൽ ഇടിച്ചു ചെങ്ങളം മാവിളന്തറ ജോയിക്കു (74)ഗുരുതരമായി പരുക്കേറ്റു.
ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. അറുപറയിൽ രാത്രി പത്തരയോടെയാണു അപകടം ഉണ്ടായത്. ബൈക്ക് ഇടിച്ചതിനെത്തുടർന്നു കോൺക്രീറ്റ് പോസ്റ്റ് ഒടിഞ്ഞു. അപകടം അറിഞ്ഞു നാട്ടുകാരും ഇതുവഴി വന്നവരും ചേർന്നാണു യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. ചെങ്ങളത്ത് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ ലോറിക്ക് അടിയിൽ പോയി പോയി.
അശ്രദ്ധ ഡ്രൈവിങ്
പല അപകടങ്ങൾക്കു കാരണം അശ്രദ്ധയോടെ ഉള്ള ഡ്രൈവിങ് ആണെന്നാണു പരാതി. വലിയ വാഹനത്തിന്റെ ഡ്രൈവർ ഫോൺ ഉപയോഗിക്കുന്നത് അപകടത്തിനിടയാക്കുന്നു. അമിത വേഗത്തിൽ പോകുന്ന വലിയ വാഹനങ്ങളെ മറികടക്കാൻ അതിലും വേഗത്തിൽ ഇരുചക്രവാഹനക്കാർ ശ്രമിക്കുന്നു. ഈ സമയത്ത് എതിരെയും അമിത വേഗത്തിൽ വാഹന വരുകയും കൂട്ടിയിടി ഉണ്ടാകുകയും ചെയ്യുന്നു.
ഇരുചക്രവാഹന യാത്രക്കാരും ഫോണിലൂടെ സംസാരിച്ചു പോകുന്നതും അപകടത്തിനിടയാക്കുന്നു. മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുന്നവരും കുറവല്ലെന്നു നാട്ടുകാർ പറയുന്നു.
വഴി വിളക്ക് ഇല്ല
കുമരകം റോഡിന്റെ മൂന്നുമൂല മുതൽ ആറ്റാമംഗലം പള്ളി വരെ ഉള്ള ഭാഗത്ത് പല സ്ഥലത്തും വഴിവിളക്കില്ല. രാത്രി ഇതുവഴി പോകുന്ന കാൽനടക്കാർക്കും അപകട ഭീഷണിയുണ്ട്. റോഡിന് ഇരുവശവും കുറ്റിക്കാട് വളർന്ന് നിൽക്കുന്നു. ഇവിടേക്ക് കോഴിക്കടകളിലെയും മറ്റും മാലിന്യം തള്ളുന്നു. നായ്ക്കൾ ഇത് തിന്നുന്നതിനു എത്തുകയും ഇവ റോഡിനു കുറുകെ ചാടുന്നതു മൂലം വാഹനങ്ങൾ അപകടത്തിൽപെടുന്നു .
കന്നുകാലികളും പ്രശ്നക്കാർ
കന്നുകാലികളെ റോഡ് വശത്ത് മേയാൻ വിടുന്നതും പ്രശ്നമാകുന്നു. രാത്രി പോലും ഇവയെ കുമരകം റോഡിന്റെ പാടശേഖര ഭാഗത്ത് കാണാം. രാത്രി ഇതുവഴി വരുന്ന ഇരുചക്രവാഹനയാത്രക്കാരാണു പലപ്പോഴും അപകടത്തിൽപെടുന്നത്. വഴിവിളക്ക് ഇല്ലാത്തതു മൂലം മൂലം കന്നുകാലികൾ റോഡിൽ കിടന്നാൽ കാണാൻ കഴിയില്ല. കന്നുകാലിയെ കണ്ടു ഇരുചക്രവാഹനം പെട്ടെന്ന് വെട്ടിക്കുമ്പോൾ അപകടത്തിൽപെടുന്നു.
പൊലീസും മോട്ടർ വാഹന വകുപ്പും ശ്രദ്ധിക്കണം
രണ്ടാം കലുങ്ക് ഭാഗത്ത് ഇന്റർസെപ്റ്റർ സംവിധാനം ഉപയോഗിച്ച പൊലീസ് അമിത വേഗം എടുക്കുന്നവരെ പകൽ പലപ്പോഴും പിടികൂടാറുണ്ടെങ്കിലും രാത്രിയായാൽ പിന്നെ അമിത വേഗക്കാരുടെ വിളയാട്ടമാണ് ഇവിടെ. പരിഹാരത്തിനു മോട്ടർ വാഹന വകുപ്പും പൊലീസും നടപടി എടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.