ADVERTISEMENT

വെള്ളാവൂർ ∙ ചങ്ങനാശേരി – വെള്ളാവൂർ ജാനേഷ് ബസ് നാട്ടുകാരുടെ ചങ്കാണ്. കാരണം മറ്റൊന്നല്ല, നാട്ടുകാരുടെ പ്രിയപ്പെട്ട ബാബുച്ചേട്ടനാണ് ബസിന്റെ സാരഥി. 32 വർഷമായി ചങ്ങനാശേരി – വെള്ളാവൂർ സ്വകാര്യ ബസ് റൂട്ടിലെ ഡ്രൈവറാണ് വെള്ളാവൂർ അണിയറയിൽ സി.എൽ.ബാബു.

ടാക്സി സ്റ്റാൻഡിലൂടെ ഡ്രൈവറായി

16–ാം വയസ്സിൽ കറുകച്ചാലിലെ ടാക്സി സ്റ്റാൻഡിൽ വണ്ടിക്കാരുടെ സഹായിയായി കൂടിയാണ് ഡ്രൈവിങ് പഠിച്ചത്. 1987ൽ ഹെവി ലൈസൻസ് എടുത്തു. ചങ്ങനാശേരി – കുളത്തൂർമൂഴി ജീസസ് ബസിലായിരുന്നു പരിശീലന ഓട്ടം. പിന്നീട് കിഴക്കൻ റൂട്ടിലെ നിരവധി ബസിൽ ഡ്രൈവറായി പോയി. 32 വർഷമായി ചങ്ങനാശേരി – വെള്ളാവൂർ റൂട്ടിൽ മാത്രമാണ് ജോലി ചെയ്യുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് അവധി എടുക്കുന്നത്.

ബസ് മാറിയപ്പോഴും ഡ്രൈവർ മാറിയില്ല

1990 മുതൽ പല പേരുകളിൽ വന്ന ബസിന്റെ അമരക്കാരൻ ബാബു തന്നെ. തുടക്കത്തിൽ ചിയേഴ്സും തുടർന്ന് മഹാദേവനും പിന്നീട് ജാനേഷും ആയപ്പോഴും ഡ്രൈവിങ് സീറ്റിൽ ബാബു ചേട്ടനെയാണു നാട്ടുകാർ കാണുന്നത്. ഓരോ യാത്രക്കാരെയും അറിയാവുന്നതിനാൽ അവർ ഇറങ്ങുന്ന സ്ഥലവും ബാബുവിനു നിശ്ചയം. നാട്ടുകാർക്ക് ഇറങ്ങാൻ വേണ്ടി കണ്ടക്ടർ ബെല്ലടിക്കുന്നത് ചുരുക്കമാണെന്ന് വെള്ളാവൂരുകാർ പറയുന്നു.

ബസ് ഓടിക്കാൻ താമസം മാറ്റി

നെത്തല്ലൂർ സ്വദേശിയായ ബാബു വെള്ളാവൂർ ബസിൽ ഡ്രൈവറായതോടെ 29 വർഷം മുൻപാണ് വെള്ളാവൂരിൽ താമസമാക്കുന്നത്. ഭാര്യയും 2 ആൺമക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനം ബസിൽ നിന്നുള്ളതാണ്. നാട്ടുകാരുടെ ചങ്കായ ബാബുവിന് കോവിഡ് കാലത്തെ പ്രതിസന്ധി ഒഴിച്ചാൽ വളരെ സന്തോഷമാണ് ബസ് ജീവിതമെന്നു ബാബു പറയുന്നു.

ആദരിക്കാൻ ഒരുങ്ങി നാട്ടുകാർ

59 വയസ്സായ ബാബുവിന് ഇനി ഒരു വർഷം കൂടിയാണ് സർവീസുള്ളത്. നാട്ടുകാരുടെ ചങ്കായ ഡ്രൈവർ ബാബുവിനെ ആദരിക്കാൻ ഒരുങ്ങുകയാണ് നാട്ടിലെ പൗരാവലിയും ‘ വെള്ളാവൂർ എന്റെ നാട് ’ എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com