യാത്ര നീണ്ടൂർ വഴിയാണോ? വരൂ, കാറ്റേറ്റ് ഇരിക്കാം, ഗ്രാമീണ സൗന്ദര്യവും ആസ്വദിക്കാം

നീണ്ടൂർ പഞ്ചായത്തിലെ ‘പുഞ്ചവയൽക്കാറ്റ്’ വഴിയോര ടൂറിസം പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന മിഷൻ കോഓർഡിനേറ്റർ കെ.രൂപേഷ് കുമാർ നിർവഹിക്കുന്നു.
SHARE

ഏറ്റുമാനൂർ ∙ നീണ്ട യാത്ര നീണ്ടൂർ വഴിയാണോ; എന്നാൽ ഇടയ്ക്ക് അൽപം വിശ്രമിക്കാം. ഒന്നു ഫ്രഷ് ആയി യാത്ര തുടരാം. ബ്ലോക്ക് പഞ്ചായത്തും നീണ്ടൂർ ഗ്രാമ പഞ്ചായത്തും വിനോദ സഞ്ചാര മേഖലയിൽ കൈകോർക്കുന്നു. മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിയുടെ ഭാഗമായി ‘പൂക്കളുടെ തെരുവിനും പുഞ്ചവയൽക്കാറ്റിനും’ അവസരം ഒരുക്കുകയാണ് ലക്ഷ്യം. നീണ്ടൂരിൽ നിന്നു കോട്ടയത്തേക്ക് പോകുന്ന വഴിയോരമാണു സ്ഥലം. പാടശേഖരത്തോടു ചേർന്നുള്ള സ്ഥലത്ത് വഴിയോരത്ത് ഇരിപ്പിടങ്ങൾ ഒരുക്കും.

നീണ്ടൂർ ഗ്രാമ പഞ്ചായത്തിലെ ‘പുഞ്ചവയൽക്കാറ്റ്’ വഴിയോര ടൂറിസം പദ്ധതിക്കായി തിരഞ്ഞെടുത്ത സ്ഥലം വൃത്തിയാക്കുന്നു.

സഞ്ചാരികൾക്ക് കാറ്റ് കൊള്ളാനും പ്രകൃതി ആസ്വാദനത്തിനുമുള്ള സൗകര്യം ഒരുക്കും. വഴിക്ക് ഇരുവശവും പൂച്ചെടികൾ വച്ചുപിടിപ്പിക്കും. ഗ്രാമ പഞ്ചായത്തിനെ മാതൃക ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി അഗ്രി ടൂറിസം ഹബ് ആക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്. ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ടേക്ക് എ ബ്രേക്കിന്റെ ഭാഗമായി കഫെറ്റീരിയ, ശുചിമുറി കോംപ്ലക്സ്, ഉൽപന്ന വിപണന കേന്ദ്രം എന്നിവയും ഇവിടെ ഉണ്ടാകും. 25 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് ഇതിനായി വകകൊള്ളിച്ചിട്ടുള്ളത്.

ഉത്തരവാദിത്ത ടൂറിസം ഉൽപന്നങ്ങളായി ‘നീണ്ടൂർ ബ്രാൻഡ്’ പുറത്തിറക്കും. പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിലുള്ളവർക്ക് ഗ്രാമീണ ഉൽപന്ന നിർമാണത്തിൽ പരിശീലനങ്ങൾ നൽകും. ഇവർക്ക് ഈ ഉൽപന്നങ്ങൾ ഇവിടെ വിറ്റഴിക്കാം. ഇത് നീണ്ടൂർ ബ്രാൻഡ് എന്ന പേരിൽ അറിയപ്പെടും. ജൂലൈ 15നു പരിശീലനം ആരംഭിക്കും. താൽപര്യമുള്ളവർ ഗ്രാമ പഞ്ചായത്ത് ഓഫിസിൽ പേരുകൾ റജിസ്റ്റർ ചെയ്യണം. സാങ്കേതിക ഉപദേശങ്ങളും പഞ്ചായത്തിൽ നിന്നു ലഭിക്കും.

വഴിയോര ടൂറിസം പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന മിഷൻ കോ ഓർഡിനേറ്റർ കെ.രൂപേഷ് കുമാർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂർ, പുഷ്പമ്മ തോമസ്, എം.കെ.ശശി, പി.ഡി.ബാബു, സൗമ്യ വിനീഷ്, ലൂയി, ആലിസ് ജോസഫ്, എം.എസ്. ഷാജി, എൻ.ജെ. റോസമ്മ എന്നിവർ പ്രസംഗിച്ചു.

1000 പേർക്ക് പരിശീലനം

ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ മറ്റു ടൂറിസം വികസന പദ്ധതികളും ഇതുമായി ഏകോപിപ്പിക്കും. 5 വർഷം കൊണ്ട് 1000 പേർക്ക് പരിശീലനം നൽകുകയും കുറഞ്ഞത് 500 ഉത്തരവാദിത്ത ടൂറിസം മിഷൻ യൂണിറ്റുകൾ രൂപീകരിക്കുകയുമാണു ലക്ഷ്യം. പദ്ധതിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം ടൂറിസം വകുപ്പ് ഒരുക്കും.

എത്തിച്ചേരാനുള്ള വഴി

വെച്ചൂർ ഹൈവേയുടെ ഭാഗമായ ഏറ്റുമാനൂർ – നീണ്ടൂർ റോഡിൽ പ്രാവട്ടം കവലയിൽ നിന്നു വലത്തേക്കു തിരിഞ്ഞ് പോയാൽ കല്ലറ ജംക്‌ഷനു മുൻപാണ് വഴിയോര വിശ്രമ കേന്ദ്രം.

ടേക്ക് എ ബ്രേക്ക്

വഴിയാത്രികർക്കായി ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ ആധുനിക സജ്ജീകരണങ്ങളോടെ വിശ്രമകേന്ദ്രങ്ങളൊരുക്കുന്ന പദ്ധതിയാണ് ഇത്. സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പെടെ ഏതു സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കാവുന്ന രീതിയിൽ ശുചിമുറി സമുച്ചയങ്ങളും ഉന്നതനിലവാരത്തിലുളള വിശ്രമ കേന്ദ്രങ്ങളുമാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിർമിക്കുന്നത്. കുടുംബശ്രീ ഉൾപ്പെടെയുള്ള പ്രവർത്തകർക്കായിരിക്കും നടത്തിപ്പു ചുമതല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS