നെഹ്റു ട്രോഫി വള്ളം കളിയിൽ തുഴഞ്ഞ തുഴയുമായി ഇന്ത്യാ പര്യടനം നടത്തി കുമരകം ടൗൺ ബോട്ട് ക്ലബ് മുൻ ക്യാപ്റ്റൻ സമ്പത്ത് കണിയാംപറമ്പിലും വിനു അലക്സ് മനയത്തും
കുമരകം ∙ ഇന്ത്യയുടെ ആത്മാവ് തേടിയുള്ള കാർ യാത്രയിൽ വള്ളം കളി പ്രേമികളായ രണ്ടുപേർ കൂടെക്കൊണ്ടുപോയത് ഒരു തുഴയാണ്.കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ മുൻ ക്യാപ്റ്റൻ സമ്പത്ത് കണിയാംപറമ്പിലും ഇപ്പോഴത്തെ വൈസ് പ്രസിഡന്റുമായ വിനു അലക്സ് മനയത്തുമാണ് നെഹ്റു ട്രോഫി വള്ളം കളിയിൽ തുഴയാൻ ഉപയോഗിച്ച തുഴയുമായി ഇന്ത്യാ പര്യടനം നടത്തിയത്.ഇന്ത്യയിൽ വാഹനത്തിൽ എത്താവുന്ന ഏറ്റവും ഉയരം കൂടിയ സ്ഥലങ്ങളിലൊന്നായ ലഡാക്കിലെ ഖർദുംഗ്ല പാസ് വരെ ഈ തുഴയുമായി യാത്ര ചെയ്തു.
ചുണ്ടൻ വള്ളത്തിന്റെ നടുപ്പടിയിലിരുന്നു തുഴയുന്ന തുഴയുമായാണ് ഇവർ യാത്ര ചെയ്ത്. വള്ളം കളി പ്രേമികളായ രണ്ട് അസം സ്വദേശികളെ ലഡാക്കിൽ കണ്ടു. അവർ തുഴയും പിടിച്ചു നിൽക്കുന്ന ചിത്രവുമെടുത്തു.ഇരുവരും മാറിമാറി കാർ ഓടിച്ചായിരുന്നു യാത്ര. കശ്മീരിൽ സാധാരണ വാഹന പരിശോധനകൾ മാത്രമാണുണ്ടായിരുന്നത്. ഒരിടത്ത് ആധാർ കാർഡ് വാങ്ങിവച്ചു. കാറിന്റെ നമ്പരും ഫോൺ നമ്പരും വാങ്ങി. തിരിക വന്നപ്പോഴാണ് ആധാർ കാർഡ് ലഭിച്ചത്.
പല ദിവസും കാറിലായിരുന്നു ഉറക്കം. യാത്രയ്ക്കിടെ അതതു പ്രദേശത്തുള്ളവർ സഹായവുമായി എത്തി. യാത്ര നല്ല അനുഭവങ്ങൾ മാത്രമാണു നൽകിയതെന്ന് ഇരുവരും പറഞ്ഞു.ജൂൺ അഞ്ചിനാണ് പുറപ്പെട്ടത്. 12,500 കിലോമീറ്റർ യാത്ര ചെയ്ത് 22 ദിവസം കൊണ്ടു തിരികെയെത്തി. 17 സംസ്ഥാനങ്ങളിലെ ഇരുനൂറിലേറെ ചരിത്ര സ്മാരകങ്ങൾ സന്ദർശിച്ചു. എണ്ണൂറിലേറെ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്തു. രണ്ടു വർഷം മുൻപ് ഒരുങ്ങിയ യാത്രയാണിത്. അന്ന് കോവിഡ് നിയന്ത്രണം മൂലം നടന്നില്ല.
സമ്പത്തിന്റെ ഭാര്യ ലിസ്, മകൾ കെസിയ. വിനു അലക്സിന്റെ ഭാര്യ റോഷിൻ ജോസഫ്, മകൾ ഹന്ന. സമ്പത്ത് കുമരകത്ത് ഹോം സ്റ്റേയും വിനു കൃഷിയും ബിസിനസും നടത്തുന്നു.