ഉഴുതുമറിച്ച പാടമല്ല, റോഡാണ്..!; അപകടം പതിവായിട്ടും നോക്കുകുത്തിയായി പൊതുമരാമത്ത് വകുപ്പ്

മുട്ടുചിറ – കല്ലറ റോഡിൽ ആദിത്യപുരം ജംക്‌ഷനു സമീപം റോഡ് തകർന്നു കുളമായ നിലയിൽ.
SHARE

കടുത്തുരുത്തി ∙ കുഴികളിൽ വാഹനങ്ങൾ വീണ് അപകടം പതിവായിട്ടും കുഴിയടയ്ക്കാൻ പോലും തയാറാകാതെ പൊതുമരാമത്ത് വകുപ്പ് അധികൃതർ. മുട്ടുചിറ–കല്ലറ റോഡിൽ ആദിത്യപുരം ജംക്‌ഷനും ചാക്കരി മുക്കിനും ഇടയിലുള്ള റോഡാണു തകർന്നു കുളമായിക്കിടക്കുന്നത്.    റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ട് ആഴ്ചകളായി. മഴയിൽ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതോടെ കുഴിയറിയാതെ ഇവിടെ ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽ പെടുകയാണ്. 

കഴിഞ്ഞ ദിവസം റോഡിലെ കുഴിയിൽ സ്കൂട്ടർ വീണ് ദമ്പതികൾക്കു പരുക്കേറ്റിരുന്നു. ഈ ഭാഗം പൂർണമായി തകർന്ന് ഒട്ടേറെ വലിയ കുഴികൾ രൂപപ്പെട്ടു. ഇരുചക്ര വാഹനങ്ങൾക്കു പോലും കടന്നുപോകാൻ കഴിയാത്തതിനാൽ സമീപത്തെ റബർത്തോട്ടത്തിന് അരികിലൂടെയാണു പോകുന്നത്. റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കി താൽക്കാലികമായെങ്കിലും കുഴി അടച്ചാൽ ഇരുചക്രവാഹന യാത്രക്കാർക്ക് അപകടം ഇല്ലാതെ യാത്ര ചെയ്യാൻ കഴിയും. 

കുറുപ്പന്തറ –കല്ലറ റോഡിൽ കുറുപ്പന്തറ കടവിനു സമീപം റോഡ് തകർന്ന നിലയിൽ.

ഉദ്ഘാടനം കഴിഞ്ഞിട്ട് 2 മാസം; റോഡ് നിർമാണം തുടങ്ങിയില്ല

കടുത്തുരുത്തി ∙ വൈക്കം-കടുത്തുരുത്തി നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന മുട്ടുചിറ- എഴുമാന്തുരുത്ത്- വടയാർ - കല്ലാട്ടിപ്പുറം- ചന്തപ്പാലം- വെള്ളൂർ- മുളക്കുളം റോഡുകൾ ഉന്നതനിലവാരത്തിൽ നവീകരിക്കുന്ന വികസന പദ്ധതിയിൽ ഉൾപ്പെട്ടതാണ് തകർന്നുകിടക്കുന്ന റോഡ്. റോഡ് നിർമാണ ഉദ്ഘാടനം 2 മാസം മുൻപു മന്ത്രി നേരിട്ടെത്തി നിർവഹിച്ചെങ്കിലും നിർമാണപ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല.  23 കിലോമീറ്റർ ദൂരമുള്ള വിവിധ റോഡുകൾ കെഎസ്ടിപി റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണു നവീകരിക്കുന്നത്.

117 കോടി രൂപയാണു റോഡ് വികസനത്തിന് അനുവദിച്ചിരിക്കുന്നത്. മുട്ടുചിറയിൽ നിന്ന് ആരംഭിച്ച് വാലാച്ചിറ റെയിൽവേ ഗേറ്റ് വഴി ആയാംകുടി കപ്പേള- എഴുമാന്തുരുന്ത്- കല്ലാട്ടിപ്പുറം- വടയാർ ചന്തപ്പാലം- വെള്ളൂർ- മുളക്കുളം അമ്പലപ്പടി വരെ റോഡ് രാജ്യാന്തര നിലവാരത്തിൽ നവീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജർമൻ ബാങ്ക് സഹായത്തോടെയാണു റോഡ് നിർമാണം. റോഡ് നിർമാണം ആരംഭിക്കാൻ വൈകുന്നതിനാൽ തകർന്നുകിടക്കുന്ന റോഡിലെ കുഴിയെങ്കിലും അടച്ചുനൽകണം എന്നാണു നാട്ടുകാരുടെ അപേക്ഷ.

കുറുപ്പന്തറ കടവിനു സമീപം വലിയ കുഴികൾ

കുറുപ്പന്തറ ∙ കുറുപ്പന്തറ–കല്ലറ റോഡിൽ കുറുപ്പന്തറ കടവിനു സമീപമാണു റോഡ് തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഇതു വാഹന യാത്രക്കാർക്ക് വലിയ അപകടഭീഷണി ഉയർത്തുന്നു. മഴ ശക്തമായതോടെ വാഹനങ്ങൾ കുഴികളിൽ വീണ് അപകടങ്ങൾ പതിവായി. മഴയിൽ വെള്ളക്കെട്ടു കൂടി രൂപപ്പെടുന്നതോടെ     കുഴിയറിയാതെ ഇരുചക്ര വാഹനയാത്രക്കാർ വീഴുന്നു. സമീപത്തെ വ്യാപാരികളും യാത്രക്കാരും    ജനപ്രതിനിധികളെയും പൊതുമരാമത്ത് വകുപ്പ് അധികൃതരെയും സമീപിച്ചെങ്കിലും അവഗണിച്ചതായി പറയുന്നു. 

ബസുകളടക്കം നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന റോഡിലാണു വൻകുഴികൾ രൂപപ്പെട്ട് അപകടഭീഷണി ആയിരിക്കുന്നത്. റോഡിന്റെ ഈ ഭാഗത്തു വെള്ളം കെട്ടിക്കിടക്കുന്നതാണു റോഡ് തകരാൻ കാരണം. ആലപ്പുഴ–ചേർത്തല ഭാഗങ്ങളിൽ നിന്നും കുറവിലങ്ങാട്, കുറുപ്പന്തറ ഭാഗത്തു നിന്നും മണ്ണെടുക്കാൻ ദിവസവും നൂറുകണക്കിനു ടിപ്പർ, ടോറസ് ലോറികളാണ് ഇതുവഴി കടന്നുപോകുന്നത്. അമിതലോഡ് കയറ്റിയുള്ള ടിപ്പർ ലോറികളുടെയും ടോറസുകളുടെയും ഓട്ടവും റോഡ് തകരാൻ കാരണമായതായി നാട്ടുകാർ പറയുന്നു. റോഡിലെ കുഴിയടച്ച് അപകടം ഒഴിവാക്കാൻ നടപടി സ്വീകരിക്കണം എന്നാണു യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം. 

ആശുപത്രിയിലേക്കുള്ള റോഡും തകർന്നുതന്നെ

കുറുപ്പന്തറ ∙ മള്ളിയൂർ കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രം– മാഞ്ഞൂർ സൗത്ത് റോഡ് തകർന്നു. റോഡിൽ ഒട്ടേറെ കുഴികളാണു രൂപപ്പെട്ടിരിക്കുന്നത്.  കുടുംബാരോഗ്യ കേന്ദ്രത്തിലേക്കു രോഗികൾ എത്തുന്ന റോഡാണു തകർന്നുകിടക്കുന്നത്. മഴ ആരംഭിച്ചതോടെ റോഡിന്റെ തകർച്ച പൂർണമായി. ആശുപത്രിക്കു സമീപം ഒട്ടേറെ കുഴികളുണ്ട്. ഇവിടെ വെള്ളം കെട്ടിക്കിടന്ന് കുഴിയറിയാതെ ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും അപകടത്തിൽ പെടുന്നു. ഓട്ടോയിൽ എത്തുന്ന രോഗികൾ വളരെ പാടുപെട്ടാണ് ആശുപത്രിയിൽ എത്തുന്നത്. ഈ ഭാഗത്തു വെള്ളം കെട്ടിനിൽക്കുന്നതിനാൽ അപകടം കൂടുകയാണ്. 

ഈ കുഴികൾക്കു സമീപം ഏതാനും മാസം മുൻപ് സ്കൂട്ടർ യാത്രക്കാരൻ നിയന്ത്രണം വിട്ട് തോട്ടിൽ വീണു മരിച്ചിരുന്നു. റോഡിലെ വലിയ കുഴികളെങ്കിലും അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പല തവണ  ജനപ്രതിനിധികളെ സമീപിച്ചെങ്കിലും കണ്ട മട്ടില്ല. ബസുകൾ അടക്കം ഓടുന്ന റൂട്ട് ആണിത്. മാഞ്ഞൂർ ഗവ. സ്കൂൾ, കോട്ടയം മെഡിക്കൽ കോളജ്, ഇഎസ്ഐ ആശുപത്രി, യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലേക്കും നീണ്ടൂർ, കൈപ്പുഴ ഭാഗങ്ങളിലേക്കുമായി ഒട്ടേറെ യാത്രക്കാരും വാഹനങ്ങളും സഞ്ചരിക്കുന്ന റോഡാണു തകർന്നുകിടക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS