ADVERTISEMENT

മേലുകാവ് ∙ ഈരാറ്റുപേട്ട മുട്ടം റോഡിൽ മേലുകാവ് പാണ്ടിയാമാവ് അപകടവളവ് നിവർത്തുകയില്ലെന്ന വാശിയിലാണ് പൊതുമരാമത്തു വകുപ്പ്. റോഡിലുണ്ടായ അപകടങ്ങളുടെ കണക്കെടുത്താൽ തീരില്ല. റോഡ് റിക്ക് പുനർ നിർമിച്ച ശേഷം അപകടങ്ങളുടെ എണ്ണത്തിൽ‌ വർധന ഉണ്ടായിട്ടുണ്ട് എന്നു മാത്രം. ഭാരവാഹനങ്ങളാണ് പൊതുമരാമത്തു വകുപ്പിന്റെ ഈ കെണിയിൽ പെടുന്നവയിൽ ഏറെയും. റോഡ് പുനർ നിർമിക്കുന്നതിനു മുൻപു തന്നെ റോഡിലെ എസ് വളവ് നിവർത്തുന്നതിനു നടപടിയെടുക്കണമെന്ന ആവശ്യം വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നു വന്നിരുന്നു.

എന്നാൽ ആരും ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം എടുക്കാൻ തയാറായില്ല. തുടർച്ചയായ അപകടങ്ങളാണ് ഇവിടെ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു.2 ഹെയർപിൻ വളവുകളുള്ള പാണ്ടിയാമാവിൽ ഓരോ ആഴ്ചയിലും ഒട്ടേറെ അപകടങ്ങളാണ് ഉണ്ടാകുന്നത്. ഡ്രൈവർമാരുടെ കാഴ്ച മറച്ചു റോഡരികലുള്ള ജീർണിച്ച കെട്ടിടം ഏറ്റെടുത്ത് പൊളിച്ചു മാറ്റിയാൽ കുറെ അപകടങ്ങൾ ഒഴിവാക്കാമെന്നു നാട്ടുകാർ പറയുന്നു. 

കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡ് ശബരിമല തീർഥാടകർക്കും ഏറെ പ്രയോജനകരമായ റോഡാണ്. ഇറക്കം ഇറങ്ങി വരുന്ന ത‌ീർഥാടക വാഹനങ്ങൾ അപകടത്തിൽപെട്ട ഒട്ടേറെ സംഭവങ്ങളുണ്ട്. ചരക്കുലോറികളും ജീപ്പുകളും ടിപ്പറുകളുമടക്കം ഇവിടെ മറിഞ്ഞ ഭാരവാഹനങ്ങളുടെ എണ്ണം എണ്ണിയാൽ തീരില്ല. ഇറക്കമിറങ്ങി വരുന്ന വലിയ വാഹനങ്ങളുടെ ഡ്രൈവർമാർ പ്രതീക്ഷിക്കാത്ത കൊടുംവളവാണ് അപകടങ്ങൾ സൃഷ്ടിക്കുന്നത്. സംരക്ഷണഭിത്തിക്കു താഴേക്കും വാഹനങ്ങൾ മറിഞ്ഞ സംഭവങ്ങൾ ഉണ്ട്.

റോഡ് നിർമാണം തുടങ്ങിയതു മുതൽ പ്രതിഷേധവുമായി അന്നത്തെ മേലുകാവ് പഞ്ചായത്ത് ഭരണസമിതി രംഗത്തു വന്നിരുന്നു. ശാസ്ത്രീയമായ പഠനങ്ങൾ നടത്താതെ നിർമാണം നടത്തിയാൽ റോഡിൽ അപകടങ്ങൾ‍ ഉണ്ടാകുമെന്നു മുന്നറിയിപ്പും നൽകിയിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളുടെ കാരണം കണ്ടെത്തി നടപടികൾ സ്വീകരിക്കണമെന്ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം ജെറ്റോ ജോസ് ആവശ്യപ്പെട്ടു. പുനർനിർമാണം തുടങ്ങുന്നതിനു മു‌ൻപു തന്നെ ഇക്കാര്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചില്ല. ഇനിയെങ്കിലും ഇക്കാര്യത്തിൽ അധികൃതർ നിസംഗത വെടിഞ്ഞ് രംഗത്തു വരണമെന്നും ജെറ്റോ ജോസ് ആവശ്യപ്പെട്ടു.

റോഡിന്റെ നിർമാണത്തിലെ പിഴവുകൾ പരിഹരിക്കുകയും സിഗ്നൽ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യണമെന്നും ആവശ്യപ്പെട്ടു ഒന്നര വർഷം സാമൂഹിക പ്രവർത്തകൻ പി.എസ് അനിൽ പൊട്ടംമുണ്ടയ്ക്കൽ റോഡിന്റെ നിർമാണ കമ്പനിയായ റിക്കിന് പരാതി നൽകിയിരുന്നു. ഇതെത്തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ഉടൻ പരിഹാര നടപടി ഉണ്ടാകും എന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ഇതുവരെയും യാതൊരു നടപടിയും ഉണ്ടായില്ല എന്നതാണ് വാസ്തവം. ഇനിയും അപകടങ്ങൾ കാത്തിരിക്കുയാണു പാണ്ടിയാമാവ് വളവും പ്രദേശത്തെ നാട്ടുകാരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com