ADVERTISEMENT

വൈക്കം ∙ വൈക്കം മഹാദേവ ക്ഷേത്രത്തിൽ കെഎസ്ഇബി വിഛേദിച്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ബിജെപി, ഉപദേശക സമിതി എന്നിവർ പ്രതിഷേധവുമായെത്തിയതോടെ സ്ഥലത്തെത്തിയ എസ്ഐ കെ.നാസർ കെഎസ്ഇബി അധികൃതരുമായി നടത്തിയ ചർച്ചയിൽ ബുധനാഴ്ച രാത്രി 12.30നു വൈദ്യുതി പുനഃസ്ഥാപിച്ചു നൽകുകയായിരുന്നു. 

വൈദ്യുതി ബിൽ അടച്ചില്ലെന്ന കാരണത്താൽ ക്ഷേത്രത്തിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ ഫ്യൂസ് ബുധനാഴ്ചയാണു കെഎസ്ഇബി അധികൃതർ വിഛേദിച്ചത്. ഇതോടെ ക്ഷേത്രത്തിന്റെ സ്ട്രോങ് റൂം ഉൾപ്പെടെയുള്ള സ്ഥലം ഇരുട്ടിലായി. രാത്രി ലൈറ്റ് തെളിയാതെ വന്നതിനെത്തുടർന്ന് ഇലക്ട്രിഷ്യൻ വന്നു പരിശോധിച്ചപ്പോഴാണു വൈദ്യുതി വിഛേദിച്ച വിവരം ദേവസ്വം ബോർഡ് അധികൃതർ അറിഞ്ഞത്.

ബിജെപി മണ്ഡലം പ്രസിഡന്റ് പി.ആർ.സുഭാഷ്, ഉപദേശകസമിതി പ്രസിഡന്റ് ഷാജി വല്ലൂത്തറ, ബിജെപി ടൗൺ പ്രസിഡന്റ് പ്രിയ ഗിരീഷ്, വൈസ് പ്രസിഡന്റ് ശിവരാമകൃഷ്ണൻ നായർ, കൗൺസിലർമാരായ എം.കെ.മഹേഷ്, കെ.ബി.ഗിരിജാകുമാരി, സി.ഡി.ഷിന്റോ എന്നിവരുടെ നേതൃത്വത്തിലാണു പ്രതിഷേധം സംഘടിപ്പിച്ചത്. വൈദ്യുതി പുനഃസ്ഥാപിച്ച ശേഷമാണ് ഇവർ മടങ്ങിയത്.

 

വിവിധ വിഭാഗങ്ങളിലായി 17 കണക്‌ഷൻ ക്ഷേത്രത്തിലുണ്ട്. ബില്ല് കിട്ടിയത് അനുസരിച്ച് 80,000 രൂപ കഴിഞ്ഞ ദിവസമാണ് അടച്ചത്. ഹൈമാസ്റ്റ് ലൈറ്റിന്റെ ബില്ല് ലഭിക്കാതിരുന്നതിനാലാണു പണം അടയ്ക്കാതിരുന്നത്. വൈദ്യുതി വിഛേദിച്ച ശേഷം തിരക്കിയപ്പോഴാണ് 5000 രൂപയുടെ ബിൽ അടയ്ക്കാൻ ഉള്ളതായി അറിഞ്ഞത്. നേരത്തേ അറിയിച്ചിരുന്നു എങ്കിൽ പണം അടയ്ക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമായിരുന്നു. ഇന്നലെ രാവിലെ പണം അടച്ചു.

വിനോദ്കുമാർ(ദേവസ്വം അക്കൗണ്ടന്റ്)

ക്ഷേത്രത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരനെ വൈദ്യുതി വിഛേദിക്കുന്ന വിവരം ധരിപ്പിച്ചിരുന്നു. സ്ട്രോങ് റൂമിന്റെ കണക്‌ഷൻ ഇതിൽ ഉൾപ്പെട്ടിരുന്നതായി അറിഞ്ഞില്ല. രാത്രി തന്നെ വൈദ്യുതി പുനഃസ്ഥാപിച്ചു നൽകി.

ടി.കെ.സുബിൻ (കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com