ഓരോ വാഹനവും ക്യാമറയിൽ പകർത്തും, നടപടി തുടങ്ങി; പായേണ്ടാ, തിരുകി കയറേണ്ടാ...

എംസി റോഡിൽ ഏറ്റുമാനൂർ ഭാഗത്തെ ഗതാഗതക്കുരുക്കിനിടയിൽ ഒറ്റവരി ലംഘിച്ചു പായുന്ന സ്വകാര്യ ബസ്. ഗതാഗതനിയമം ലംഘിച്ചതിന് എൻഫോഴ്സ്മെന്റ് ആർടിഒ പകർത്തിയ ചിത്രം.
എംസി റോഡിൽ ഏറ്റുമാനൂർ ഭാഗത്തെ ഗതാഗതക്കുരുക്കിനിടയിൽ ഒറ്റവരി ലംഘിച്ചു പായുന്ന സ്വകാര്യ ബസ്. ഗതാഗതനിയമം ലംഘിച്ചതിന് എൻഫോഴ്സ്മെന്റ് ആർടിഒ പകർത്തിയ ചിത്രം.
SHARE

ഏറ്റുമാനൂർ ∙ എംസി റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കി ഒറ്റവരി ലംഘിച്ച് പായുന്ന വാഹനങ്ങൾ പിടിക്കാൻ പൊലീസും മോട്ടർ വാഹന വകുപ്പും. 3 ദിവസങ്ങളിലായി 27 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. എംസി റോഡിൽ കോട്ടയം മുതൽ പട്ടിത്താനം വരെയുള്ള ഗതാഗതക്കുരുക്കും അപകട വേഗവും സംബന്ധിച്ച് മനോരമ കഴിഞ്ഞ ദിവസങ്ങളിൽ ‘പൊലിയരുത് ജീവൻ’ പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്ന്, പ്രധാന നിരത്തുകളിലുള്ള നിർമിത ബുദ്ധി (ആർട്ടിഫിഷൽ ഇന്റലിജൻസ്) ക്യാമറകളുടെ സഹായത്തോടെയാണ് അധികൃതർ നടപടികൾ ശക്തമാക്കിയത്.

കൂടാതെ മോട്ടർ വാഹന വകുപ്പ് പൊതുജനങ്ങൾക്ക് പരാതി അയയ്ക്കാൻ വാട്സാപ് നമ്പറും ഏർപ്പെടുത്തി. ട്രാഫിക് പൊലീസും ചിത്രങ്ങൾ പകർത്തി അയയ്ക്കും. ആദ്യഘട്ടമായി എംസി റോഡിൽ കോട്ടയം നഗരം മുതൽ ഏറ്റുമാനൂർ പട്ടിത്താനം വരെയുള്ള സ്ഥലങ്ങൾ കടുത്ത നിരീക്ഷണത്തിലാക്കി. എല്ലാ വിധത്തിലുമുള്ള ഗതാഗതനിയമം ലംഘിക്കുന്നവരെയും പിടികൂടും. റോഡിലൂടെ പോകുന്ന ഓരോ വാഹനവും ക്യാമറയിൽ പകർത്തും. അമിതവേഗം, ഹെൽമറ്റില്ലാതെയുള്ള യാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര, ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം, റോഡിൽ ഗതാഗതക്കുരുക്കിനിടെ ഒറ്റവരി ലംഘിച്ച് പോകുക തുടങ്ങിയ കുറ്റകൃത്യങ്ങൾ സ്വയം കണ്ടെത്തി വാഹന ഉടമയ്ക്ക് ചിത്രങ്ങൾ, കുറ്റകൃത്യ വിവരം എന്നിവ ഉൾപ്പെടെ പിഴ നോട്ടിസ് അയയ്ക്കും.

എൻഫോഴ്സമെന്റ് ആർടിഒയുടെ മുറിയാണ് ജില്ലാതല കൺട്രോൾ റൂം. തത്സമയം വിവരം കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹൻ സൈറ്റിലേക്കു പോകും. വാഹന റജിസ്ട്രേഷൻ നമ്പർ അടിസ്ഥാനമാക്കി ഉടമയെ കണ്ടെത്തി മൊബൈൽ ഫോണിലേക്കു പിഴത്തുക എസ്എംഎസ് ആയി എത്തും. ഇതേസമയം തന്നെ കൊച്ചിയിലെ വെർച്വൽ കോടതിയിലുമെത്തും. വാഹന ഉടമകൾക്ക് വെർച്വൽ കോടതിയുമായി ബന്ധപ്പെടാം. മറ്റു വാഹനങ്ങളെ ഇടിച്ചിട്ടും നിർത്താതെ പോകുന്ന വാഹനങ്ങളെ കണ്ടെത്താനും ക്രമീകരണം ഏർപ്പെടുത്തി.

∙ ഉടൻ നടപടി

റോഡപകടം കുറയ്ക്കുക എന്നതാണ് മുഖ്യലക്ഷ്യം. റോഡിൽ ഗതാഗത നിയമം രണ്ടാമതും ലംഘിച്ചാൽ ക്യാമറ തന്നെ വിശകലനം ചെയ്തു കുറ്റം ആവർത്തിച്ചതായി കണ്ടെത്തി വിവരം സെർവറിലേക്കും പിന്നീടു വെർച്വൽ കോടതിയിലേക്കും തത്സമയം കൈമാറും. മൂന്നാം തവണയും ഇതേ നിയമലംഘനം ആവർത്തിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഗതാഗത നിയമലംഘനങ്ങളെല്ലാം ഈ വിധത്തിൽ ഫോട്ടോയെടുത്ത് അപ്പോൾ തന്നെ ഓൺലൈനിലൂടെ ശിക്ഷയും വിധിക്കും. - ടോജോ എം. തോമസ്,എൻഫോഴ്സ്മെന്റ് ആർടിഒ.

∙ ജനങ്ങൾക്ക് പ്രതികരിക്കാം

ജില്ലയിലെ നിരത്തുകളിൽ ഗതാഗതനിയമം ലംഘിക്കുന്നവരെ കണ്ടാൽ പൊതുജനങ്ങൾക്കും മോട്ടർ വാഹന വകുപ്പിനെ വിവരം അറിയിക്കാം. ഫോട്ടോകൾ എടുത്ത് അത്യാവശ്യ വിവരങ്ങളും ചേർത്ത് ഔദ്യോഗിക നമ്പറിലേക്ക് വാട്സാപ് ചെയ്യാം. റോഡിന്റെ പേര്, സ്ഥലം, തീയതി, സമയം എന്നിവ സന്ദേശമായി ചിത്രത്തോടൊപ്പം അയയ്ക്കണം. വാട്സാപ് നമ്പർ : 9188961005

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS