ADVERTISEMENT

അയ്മനം∙ ഒളശ്ശയിൽ വീടിന്റെ അടുക്കളവാതിൽ പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന ആറര പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. ഇന്നലെ പുലർച്ചെ രണ്ടരയോടെ മോഷ്ടാവ് എത്തിയത് പെട്രോളും വടിവാളും കത്തിയുമായി. പള്ളിക്കടവ് അലക്കുകടവ് തോണിക്കടവിൽ പ്രശോഭ് ദേവസ്യയുടെ വീട്ടിൽ നിന്നാണു സ്വർണാഭരണങ്ങൾ മോഷണം പോയത്. മുറിയിലെ അലമാരയിലെ തുണികൾക്കിടയിൽ ഡപ്പിയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടാവ് എടുത്ത്.

സ്വർണം എടുത്ത ശേഷം ‍ഡപ്പി അതേപടി വച്ചിരുന്നു. പ്രശോഭിന്റെ മകളുടെ കഴുത്തിൽക്കിടന്ന മാല പൊട്ടിച്ചെടുക്കാനും മോഷ്ടാവ് ശ്രമിച്ചു. മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടി ഉണർന്നെണീറ്റു ബഹളം വച്ചതിനെത്തുടർന്നു വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് പുറത്തേക്കോടി.പ്രശോഭ് മോഷണവിവരം അറിയിച്ചതിനെത്തുടർന്നു ജീപ്പിൽ എത്തിയ പൊലീസിനെ കണ്ട് ഓടിച്ചിരുന്ന ബൈക്ക് ഉപേക്ഷിച്ചാണു മോഷ്ടാവ് കടന്നുകളഞ്ഞത്. ബൈക്കിൽ ഉണ്ടായിരുന്ന സഞ്ചിയിൽ പെട്രോളും ആയുധങ്ങളും കണ്ടെത്തി. പരിശോധനയിൽ തിരുവല്ല സ്വദേശിയുടെ മോഷണം പോയ ബൈക്കാണ് ഇതെന്നു തിരിച്ചറിഞ്ഞു.

മോഷണം നടന്ന വീട്ടിലെ സഞ്ചി വീട്ടുകാർ തിരിച്ചറിഞ്ഞതോടെയാണു ബൈക്കിൽ പോയത് മോഷ്ടാവാണെന്നു പൊലീസ് സംശയിക്കുന്നത്. വിരലടയാള വിദഗ്ധർ എത്തി വീട്ടിൽ പരിശോധന നടത്തി. അടുക്കള വാതിലിന്റെ 2 പാളികളിൽ ഒന്നു പൊളിച്ചു മാറ്റിയാണു മോഷ്ടാവ് അകത്തു കടന്നത്. സമീപത്തെ ഇലഞ്ഞിക്കപ്പറമ്പ് ബിജു ചാക്കോയുടെ ബൈക്കും ശനിയാഴ്ച രാത്രി മോഷണം പോയിരുന്നു.ഒളശ്ശ അലക്കുകടവ്, പരിപ്പ്, വല്യാട് ഗുരുദേവ ക്ഷേത്രങ്ങളിൽ അടുത്തയിടെ പല തവണ മോഷണം നടന്നിരുന്നു.


ചെറുവാണ്ടൂരിൽ മോഷ്ടിച്ചത് 6 ഗ്രാം സ്വർണവും 18,250 രൂപയും


ഏറ്റുമാനൂർ∙ ചെറുവാണ്ടൂരിൽ അടുക്കളവാതിൽ കുത്തിത്തുറന്ന് അകത്ത് കയറി മോഷ്ടാവ് 6 ഗ്രാം സ്വർണവും 18,250 രൂപയും കവർന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് കടന്നുകളഞ്ഞു.ചെറുവാണ്ടൂർ ബിജുഭവനിൽ ബിജു ചാക്കോയുടെ വീട്ടിൽ ഞായറാഴ്ച പുലർച്ചെ 3 മണിയോടെയാണു മോഷണം നടന്നത്. വീടിന്റെ പിന്നിലെ വാതിൽ കുത്തി തുറന്നാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്.

തുടർന്ന് അലമാരയിലും മേശയിലും സൂക്ഷിച്ചിരുന്ന പണവും സ്വർണാഭരണവും കവർന്നു. ഇതിനിടെ ശബ്ദം കേട്ടുണർന്ന ബിജുവിന്റെ മകൾ ബഹളംവച്ചതോടെ മോഷ്ടാവ് കടന്നുകളയുകയായിരുന്നു. പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിനെ കണ്ടെത്തുന്നതിന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com