ഏറ്റുമാനൂർ ∙ സ്കൂളിൽ അതിക്രമിച്ചു കയറിയ മോഷ്ടാക്കൾ ലാപ്ടോപ്പുകളും ഡിജിറ്റൽ 2 ക്യാമറയും മോഷ്ടിച്ചു. ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നീണ്ടൂർ എസ്കെവി ഗവൺമെന്റ് സ്കൂളിലാണ് സംഭവം. ഇന്നലെ രാവിലെ സ്കൂൾ തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണം തിരിച്ചറിഞ്ഞത്. കംപ്യൂട്ടർ ലാബിന്റെ വാതിലിന്റെ പൂട്ട് തകർന്നതു ശ്രദ്ധയിൽപെട്ടതോടെയാണ് സംശയം ഉണ്ടായത്. കംപ്യൂട്ടർ ലാബിൽ നിന്നു 3 ലാപ്ടോപ്പുകളും സ്റ്റാഫ് റൂമിൽ നിന്നു ഒരു ലാപ്ടോപ്പും 2 ക്യാമറകളും നഷ്ടപ്പെട്ടു.

പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി .ആർ.രാജേഷ് കുമാർ, എസ് ഐ പ്രശോഭ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് എത്തി. പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലം പരിശോധിച്ചു. നിരീക്ഷണ ക്യാമറയിലെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ശനിയാഴ്ച വൈകിട്ട് വരെ സ്കൂളിൽ ജീവനക്കാർ ഉണ്ടായിരുന്നതായി പിടിഎ പ്രസിഡന്റ് ശശി കല്ലുവേലി പറഞ്ഞു. ഞായർ അവധി കഴിഞ്ഞ് ഇന്നലെ രാവിലെയാണ് മോഷണ വിവരം പുറത്തറിയുന്നത്. അതിനാൽ ഈ സമയത്തിനുള്ളിലാണു മോഷണം നടന്നതെന്നു സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഇതേസമയം, കഴിഞ്ഞ ദിവസം ചെറുവാണ്ടൂരിൽ നടന്ന മോഷണത്തിലെ പ്രതികളെക്കുറിച്ച് ഇനിയും സൂചന ലഭിച്ചില്ല. ചെറുവാണ്ടൂർ ബിജുഭവനിൽ ബിജു ചാക്കോയുടെ വീട്ടിൽ ഞായറാഴ്ച പുലർച്ചെ 3 മണിയോടെയായിരുന്നു മോഷണം. വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാവ് 6 ഗ്രാം സ്വർണവും 18,250 രൂപയുമാണ് കവർന്നത്. രണ്ടു മോഷണങ്ങളിലും അന്വേഷണം നടന്നു വരികയാണെന്നു പൊലീസ് പറഞ്ഞു.