ADVERTISEMENT

മണർകാട് ∙ വീട്ടിൽ നിന്നു കാണാതായ നായ ഉടമയെ തേടിയെത്തിയത് 4 കിലോമീറ്റർ അകലെ സ്കൂളിൽ. ക്ലാസ് മുറിക്കു സമീപം  ഉടമയെ കണ്ടതോടെ നായ ‘പോപ്പി’ സന്തോഷത്തിമിർപ്പി‍ൽ . 10ാം ക്ലാസ് വിദ്യാർഥിനി ആർദ്ര ബിനോയിയും പോപ്പിയും തമ്മിലുള്ള സ്നേഹ  പ്രകടനം അധ്യാപകർക്കും വിദ്യാർഥികൾക്കും വിസ്മയക്കാഴ്ചയായി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഇൻഫന്റ് ജീസസ് ബഥനി കോൺവന്റ് സ്കൂളിലാണ് സംഭവം. ഇടവേള സമയത്ത് മുഖം കഴുകാൻ ഇറങ്ങിയതായിരുന്നു ആർദ്ര .

മണർകാട് ഇൻ‌ഫന്റ് ജീസസ് ബഥനി കോൺവന്റ് സ്കൂളിലെ 10ാം ക്ളാസ് വിദ്യാർഥിനി ആർദ്ര ബിനോയിയെ കാണാൻ പോപ്പി എന്ന നായ എത്തിയപ്പോൾ. ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി റോസ് സമീപം.
മണർകാട് ഇൻ‌ഫന്റ് ജീസസ് ബഥനി കോൺവന്റ് സ്കൂളിലെ 10ാം ക്ളാസ് വിദ്യാർഥിനി ആർദ്ര ബിനോയിയെ കാണാൻ പോപ്പി എന്ന നായ എത്തിയപ്പോൾ. ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി റോസ് സമീപം.

തിരിഞ്ഞു നോക്കുമ്പോൾ പോപ്പി കൺമുന്നിൽ നിൽക്കുന്നു. പോപ്പി എന്നു  ആർദ്ര വിളിച്ചതോടെ ഒറ്റച്ചാട്ടത്തിന്  ദേഹത്തേക്കു കയറി പോപ്പി സ്നേഹ പ്രകടനം തുടങ്ങി. കൂട്ടുകാർ അമ്പരന്നു നിൽക്കുന്നതിനിടെ അധ്യാപകരും സ്ഥലത്തെത്തി.3 ദിവസം മുൻപാണ് പോപ്പിയെ വീട്ടിൽ നിന്നു കാണാതായതെന്നു ആർദ്ര പറഞ്ഞു. 9 മാസം പ്രായമുള്ള നായയുടെ പരിചരണം ആർദ്രയായിരുന്നു. കാണാതായതിനെ തുടർന്നു അയൽപക്കത്ത് എല്ലാം അന്വേഷണം നടത്തിയിരുന്നു.

3 ദിവസമായി പോപ്പിയെ കാണാത്തതിനാൽ വിഷമത്തിൽ സ്കൂളിൽ പോകുന്നതിനിടെയാണ് ആർദ്രയെ  തിരക്കി സ്കൂളിൽ പോപ്പി എത്തിയത്. നായയുടെ കഥ സ്കൂളിൽ അറിയിച്ചതോടെ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി റോസ് ആർദ്രയുടെ രക്ഷകർത്താക്കളെ വിളിച്ചു വിവരം അറിയിച്ചു. തുടർന്നു ആർദ്രയുടെ മാതാപിതാക്കളായ അമയന്നൂർ കൊട്ടുവിരുത്തിയിൽ ബിനോയി– അജിമോൾ ദമ്പതികൾ സ്കൂളിലെത്തി പോപ്പിയെ വീട്ടിലേക്കു കൊണ്ടുപോയി. 

ഇവർ എത്തുന്നതുവരെ സ്കൂളിൽ വിദ്യാർഥികളോടും, അധ്യാപകരോടും വിശേഷം പറയുന്ന തിരക്കിലായിരുന്നു പോപ്പി. ‘അതിരുകളില്ലാ സ്നേഹം ’ എന്ന തലക്കെട്ടിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി റോസ് പങ്കുവച്ച പോപ്പിയും  ആർദ്രയും തമ്മിലുള്ള  സ്നേഹവിശേഷം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com