ADVERTISEMENT

കോട്ടയം ∙ കിഴക്കൻ വെള്ളം എത്തിത്തുടങ്ങിയതോടെ പടിഞ്ഞാറൻ മേഖലയിൽ രൂക്ഷമായ വെള്ളപ്പൊക്കം. കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

 മണർകാട് പറമ്പുകരയിൽ വീട്ടമ്മയെ ബന്ധുവീട്ടിലേക്കു മാറ്റുന്ന പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ബിജു, ബ്ലോക്ക് പഞ്ചായത്തംഗം ബിജു തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം.
മണർകാട് പറമ്പുകരയിൽ വീട്ടമ്മയെ ബന്ധുവീട്ടിലേക്കു മാറ്റുന്ന പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ബിജു, ബ്ലോക്ക് പഞ്ചായത്തംഗം ബിജു തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം.

വെള്ളപ്പൊക്കം രൂക്ഷമായ പ്രദേശങ്ങൾ

ചങ്ങനാശേരി താലൂക്ക്

ചങ്ങനാശേരി നഗരസഭ, പായിപ്പാട്. വാഴപ്പള്ളി പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ

 മീനച്ചിലാർ കരകവിഞ്ഞ് ഇല്ലിക്കൽ കവലയ്ക്കു സമീപത്തെ വീട്ടിൽ വെള്ളം കയറിയപ്പോൾ.
മീനച്ചിലാർ കരകവിഞ്ഞ് ഇല്ലിക്കൽ കവലയ്ക്കു സമീപത്തെ വീട്ടിൽ വെള്ളം കയറിയപ്പോൾ.

കോട്ടയം താലൂക്ക്

കോട്ടയം നഗരസഭ, കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ. തിരുവാർപ്പ് പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശത്തും വെള്ളം. ഇവിടെ 14 കോളനികളിൽ 13 എണ്ണത്തിലും വെള്ളമാണ്. കുമ്മനം, ചെങ്ങളം, കാഞ്ഞിരം, കിളിരൂർ, തിരുവാർപ്പ് പ്രദേശങ്ങളിലാണു ദുരിതം. പഞ്ചായത്തിലെ ഗ്രാമീണ റോഡുകളെല്ലാം മുങ്ങി. മണർകാട് പഞ്ചായത്തിലെ വാലേമറ്റം ഭാഗം, അയർക്കുന്നം പഞ്ചായത്തിലെ മഹാത്മാ ഗാന്ധി കോളനി ഭാഗം എന്നിവിടങ്ങളിലും വെള്ളം.

   ഒഴുകിയെത്തിയ മാലിന്യം എസി കനാലിൽ കിടങ്ങറ രണ്ടാം പാലത്തിനു സമീപം അടിഞ്ഞു കൂടിയപ്പോൾ.  ചിത്രം: റിജോ ജോസഫ് ∙മനോരമ
ഒഴുകിയെത്തിയ മാലിന്യം എസി കനാലിൽ കിടങ്ങറ രണ്ടാം പാലത്തിനു സമീപം അടിഞ്ഞു കൂടിയപ്പോൾ. ചിത്രം: റിജോ ജോസഫ് ∙മനോരമ

വൈക്കം താലൂക്ക്

വൈക്കം നഗരസഭ, ഉദയനാപുരം, തലയോലപ്പറമ്പ്, ചെമ്പ്, തലയാഴം, മറവൻതുരുത്ത് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ. അഞ്ഞൂറിലധികം വീടുകളുടെ മുറ്റത്തു വെള്ളമെത്തി. നൂറിലധികം വീടുകളിൽ വെള്ളം കയറി. വടയാർ ഇളങ്കാവ് ദേവീ ക്ഷേത്രത്തിലും വെള്ളം കയറി. കടുത്തുരുത്തി വില്ലേജ് ഓഫിസിന്റെ മതിൽ തകർന്നു. തളിയിൽ ക്ഷേത്ര റോഡിലേക്കാണു മതിൽ വീണത്. കടുത്തുരുത്തി പഞ്ചായത്തിലെ ആപ്പുഴ, ആയാംകുടി, കാന്താരിക്കടവ്, ഈരയിൽക്കടവ് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിലായി.

കിഴക്കൻ മേഖല ശാന്തം

കിഴക്കൻ മേഖലയിൽ മഴ പെയ്യുന്നുണ്ടെങ്കിലും ഇന്നലെ നഷ്ടങ്ങളുണ്ടായില്ല. മീനച്ചിലാർ, മണിമലയാർ എന്നിവ സാധാരണഗതിയിലാണ് ഒഴുകിയത്. ക്യാംപുകൾ തുടരുന്നുണ്ട്. പാലാ മേഖലയിൽ വെള്ളമിറങ്ങിയ പ്രദേശങ്ങളിൽ വൃത്തിയാക്കൽ ജോലികൾ നടന്നു. എന്നാൽ, രാത്രിയോടെ കിഴക്കൻ പ്രദേശങ്ങളിലെ ചില മേഖലകളിൽ ഒറ്റപ്പെട്ട കനത്ത മഴ പെയ്യുന്നത് ആശങ്കയാണ്.

80 വീടുകൾക്ക് നാശനഷ്ടം

നാലു ദിവസമായി തുടരുന്ന കനത്ത മഴയിൽ ജില്ലയിൽ 3 വീടുകൾ പൂർണമായും 77 വീടുകൾ ഭാഗികമായും തകർന്നു. റവന്യു വകുപ്പിന്റെ പ്രാഥമിക വിലയിരുത്തലാണിത്.

വിവിധ താലൂക്കുകളിലെ നഷ്ടം

മീനച്ചിൽ

2 വീടുകൾ പൂർണമായും 71 വീടുകൾ ഭാഗികമായും തകർന്നു. മൂന്നിലവ് വില്ലേജിലാണ് 2 വീടുകൾ പൂർണമായി തകർന്നത്. മൂന്നിലവ്, മേലുകാവ്, തീക്കോയി വില്ലേജുകളിൽ വീടുകൾ ഭാഗികമായി നശിച്ചു. മരങ്ങളും മരങ്ങളുടെ കൊമ്പുകളും വീണാണു കൂടുതൽ നാശം.

വൈക്കം

3 വീടുകൾക്കാണു ഭാഗികനാശം. ടിവി പുരം, വടയാർ, ചെമ്പ് വില്ലേജുകളിലാണിത്.

കാഞ്ഞിരപ്പള്ളി

3 വീടുകൾ ഭാഗികമായി തകർന്നു. വെള്ളം കയറി 49 കുടുംബങ്ങളിലെ വീട്ടുപകരണങ്ങൾ‌ക്കു നാശനഷ്ടം സംഭവിച്ചു. കോരുത്തോട് വില്ലേജിൽ 2 വീടുകൾക്കും എരുമേലി തെക്ക് വില്ലേജിൽ ഒരു വീടിനുമാണു നഷ്ടം സംഭവിച്ചത്. എരുമേലി വടക്ക്, മുണ്ടക്കയം, കൂവപ്പള്ളി, കൂട്ടിക്കൽ, കാഞ്ഞിരപ്പളളി വില്ലേജുകളിലാണ് വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ നശിച്ചത്. അപകടസാധ്യത നിലനിൽക്കുന്ന പ്ലാപ്പള്ളി ഗവ. എൽപി സ്കൂളിലെ ക്യാംപ് ഒഴിവാക്കി. ഇവിടെയുണ്ടായിരുന്ന 6 കുടുംബങ്ങളെ ഏന്തയാർ ജെജെ മർഫി സ്കൂളിലേക്കു മാറ്റി.

കോട്ടയം, ചങ്ങനാശേരി

താഴ്ന്ന സ്ഥലങ്ങളിൽ വെള്ളം കയറിയെങ്കിലും കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

കടപ്പുഴ പാലം നന്നാക്കാൻ തുക അനുവദിക്കും: മന്ത്രി വാസവൻ

കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ തകർന്ന മൂന്നിലവ് കടപ്പുഴ പാലം പുനർനിർമിക്കാൻ സംസ്ഥാന സർക്കാർ പട്ടികജാതി പട്ടികവർഗ വകുപ്പിൽ നിന്നു തുക അനുവദിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ. മൂന്നിലവിൽ മഴനാശമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.ടൗണിൽ വെള്ളം കയറാൻ കാരണമായ ചെക്ഡാം പൊളിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തിൽ തകർന്ന മണ്ണൂർ പാലവും, ഇരുമാപ്രമറ്റം പള്ളി, ദുരിതാശ്വാസ ക്യാംപ് എന്നിവയും മന്ത്രി സന്ദർശിച്ചു. വളർത്തു മൃഗങ്ങളും വാഹനവും ഒലിച്ചു പോയ വയമ്പള്ളിൽ ഔസേപ്പച്ചന്റെ വീടും ഫാമും സന്ദർശിച്ചു. പാലാ ആർഡിഒ രാജേന്ദ്രബാബു, ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്, സിപിഎം ജില്ലാ കമ്മിറ്റിയംഗം ജോയി ജോർജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, എൽഡിഎഫ് നേതാക്കളായ പി.ആർ.ഫൈസൽ, എം.ആർ.സതീഷ്, കെ.ആർ.അനുരാഗ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

ദുരന്തങ്ങൾ ‘ആഘോഷിച്ചാൽ’നടപടി: മന്ത്രി കെ.രാജൻ

ദുരന്തങ്ങൾ ആഘോഷമാക്കുന്നവർക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം കേസെടുക്കുമെന്നു മന്ത്രി കെ.രാജൻ പറഞ്ഞു. മുണ്ടക്കയം, കൂട്ടിക്കൽ മേഖലയിലെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു മന്ത്രി. ആറുകൾ കരകവിയുമ്പോൾ ഒഴുകി വരുന്ന സാധനങ്ങൾ പിടിക്കാൻ എടുത്തു ചാടുന്നവർ, അധികൃതരുടെ നിർദേശം അവഗണിക്കുന്ന ആളുകൾ എന്നിവർക്കെതിരെ നിയമനടപടി ഉണ്ടാകും. മൂവായിരത്തോളം ദുരിതാശ്വാസ ക്യാംപുകളിലായി 5 ലക്ഷത്തോളം ആളുകളെ സംരക്ഷിക്കാവുന്ന നിലയിൽ ക്രമീകരണങ്ങൾ ചെയ്തതായും മന്ത്രി പറഞ്ഞു.

കൂട്ടിക്കൽ കെഎംജെ പബ്ലിക് സ്കൂൾ, ഏന്തയാർ ജെജെ മർഫി സ്കൂൾ എന്നിവിടങ്ങളിലെ ക്യാംപുകളും ഒഴുക്കിൽപെട്ടു മരിച്ച കുന്നുപറമ്പിൽ റിയാസിന്റെ വീട്ടിലും മന്ത്രി സന്ദർശനം നടത്തി. ഏന്തയാറിലെ ദുരിതാശ്വാസ ക്യാംപിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷമാണുമടങ്ങിയത്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, കലക്ടർ പി.കെ.ജയശ്രീ, എഡിഎം ജിനു പുന്നൂസ്, കാഞ്ഞിരപ്പളളി തഹസിൽദാർ ജോസുകുട്ടി, വില്ലേജ് ഓഫിസർ എം.എസ്.മുഹമ്മദ് , ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ, പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.സജിമോൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

ചങ്ങനാശേരി

∙ കിഴക്കൻ വെള്ളം എത്തിത്തുടങ്ങിയതോടെ എസി കനാലിൽ നിന്ന് എസി റോഡിലേക്കു വെള്ളം കയറിത്തുടങ്ങി. റോഡ് നവീകരണത്തിന്റെ ഭാഗമായി ഉയർത്തി നിർമിച്ച ഭാഗങ്ങളിൽ വെള്ളം കയറിയിട്ടില്ല.മനയ്ക്കച്ചിറ, ഐസ് പ്ലാന്റ്, പാറയ്ക്കൽ കലുങ്ക് തുടങ്ങിയ ഭാഗങ്ങളിൽ റോഡിൽ വെള്ളമുണ്ട്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ, ചെറിയ വാഹനങ്ങളിൽ യാത്ര ചെയ്യുന്ന പലരും മറ്റു റോഡുകളിലൂടെ യാത്ര വഴിതിരിച്ചുവിട്ടു. വെള്ളം കയറി വാഹനങ്ങൾ നിന്നു പോകുന്ന സംഭവങ്ങളുമുണ്ടായി. കെഎസ്ആർടിസി സർവീസുകൾ തടസ്സമില്ലാതെ നടന്നെങ്കിലും ജലനിരപ്പ് വീണ്ടും ഉയർന്നാൽ സർവീസുകൾ നിർത്തേണ്ടി വരും.

വെള്ളം കയറിയ പ്രധാന റോഡുകൾ

∙കോട്ടയം – കുമരകം റോഡിലെ ഇല്ലിക്കൽ ജംക്‌ഷൻ, ആമ്പക്കുഴി, മൂന്നുമൂല
∙കാഞ്ഞിരം– മലരിക്കൽ പഴയ റോഡ്.
∙കുടയംപടി– പരിപ്പ് റോഡ്
∙അമയന്നൂർ – മഹാത്മാഗാന്ധി കോളനി റോഡ്
∙മണർകാട് – വാലേമറ്റം റോഡ്
∙വൈക്കം – വാഴമന റോഡ്

ജലഗതാഗതം: ചങ്ങനാശേരിയിൽ തടസ്സം; കുമരകത്ത് പ്രശ്നമില്ല

ആലപ്പുഴ - ചങ്ങനാശേരി ജലപാതയിൽ ബോട്ട് സർവീസ് കിടങ്ങറ കെസി പാലം ഭാഗത്ത് അവസാനിപ്പിച്ചു. ചങ്ങനാശേരിയിൽ നിന്ന് 2 ബോട്ടുകളാണ് സർവീസ് നടത്തുന്നത്. ജലപാതയിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് ബോട്ടുകൾക്കു പാലത്തിന്റെ അടിയിലൂടെ കടന്നു പോകാൻ കഴിയാത്ത സാഹചര്യമാണ്. പിന്നീട് ആലപ്പുഴ ഭാഗത്തേക്കു കണക്‌ഷൻ ബോട്ടിലാണ് യാത്രക്കാരെ കയറ്റി വിടുന്നത്.കുമരകം– മുഹമ്മ, മുഹമ്മ–കണ്ണങ്കര– മണിയാപറമ്പ് ജലപാതകളിൽ സാധാരണ പോലെ ബോട്ട് സർവീസ് നടക്കുന്നു.

വ്യാപാരികൾക്ക് നഷ്ടം 2.75കോടിരൂപ

മഴക്കെടുതിയിൽ ജില്ലയിലെ വ്യാപാര മേഖലയ്ക്കു 2.75 കോടിയുടെ നഷ്ടമെന്നു വിലയിരുത്തൽ. വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ കമ്മിറ്റി ദുരന്തമേഖലകൾ സന്ദർശിച്ചു നടത്തിയ കണക്കെടുപ്പിലാണ് ഈ വിവരം. മൂന്നിലവ്, മുണ്ടക്കയം ഈസ്റ്റ്, വണ്ടൻപതാൽ, പാലാ, പനയ്ക്കപ്പാലം, ഈരാറ്റുപേട്ട, കൂട്ടിക്കൽ, കളത്തൂക്കടവ്, ഇല്ലിക്കൽ, തിരുവാർപ്പ് തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്. ഇവിടെ 250 കടകളിലാണ് വെള്ളം കയറിയത്. ഇവ പൂർവസ്ഥിതിയിൽ എത്തിക്കുന്നതിന് ലക്ഷങ്ങളുടെ ചെലവു വരും. 50% ഉൽപന്നങ്ങൾ ഉപയോഗശൂന്യമായി. വെള്ളം കയറിയതിനാൽ ഇവ കമ്പനികൾ തിരിച്ചെടുക്കാനുള്ള സാധ്യതയും മങ്ങി.

മഴ മുന്നറിയിപ്പു വരുന്നതു മുതൽ വ്യാപാരികളുടെ നെട്ടോട്ടം തുടങ്ങും. വെള്ളം പൊങ്ങും മുൻപു സാധനങ്ങളെല്ലാം മാറ്റണം. പണിക്കാരെ വച്ച് ഇവ വാഹനത്തിൽ കയറ്റി വേണം കൊണ്ടുപോകാൻ. പലർക്കും സ്വന്തമായി ഗോഡൗൺ പോലുള്ള സംവിധാനമില്ല. പകരം വാടക കെട്ടിടത്തിലേക്കാണു മാറ്റുന്നത്. വെള്ളം ഇറങ്ങി കഴിയുമ്പോൾ ഇവ തിരിച്ചെത്തിക്കണം. നല്ലൊരു തുക ഇതിനെല്ലാം വേണം. വെള്ളം കയറിയ കട വൃത്തിയാക്കി എടുക്കുന്നതിന് പിന്നെയും പണം മുടക്കണം. ഇങ്ങനെ ഓരോ വെള്ളപ്പൊക്കവും വൻബാധ്യതയാണു വരുത്തുന്നത്.

കർഷകർ ജാഗ്രത കാട്ടണം

അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കർഷകർ മുൻകരുതൽ സ്വീകരിക്കണമെന്നു ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം.

∙കൃഷിയിടങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ എല്ലാ ജലനിർഗമന ചാലുകളും തുറന്നിടണം.
∙കാറ്റിനു സാധ്യത ഉള്ളതിനാൽ വാഴയുടെ ചുവട്ടിലെ മണ്ണ് കൂട്ടി കൊടുക്കുക, താങ്ങുകാൽ നൽകി സംരക്ഷിക്കുക.
∙പച്ചക്കറി വിളകളുടെ പന്തലുകൾ ബലപ്പെടുത്തുക
∙വിളവെടുക്കാൻ പാകമായ വിളകൾ വിളവെടുക്കുക
∙ഇടി മിന്നലിന് സാധ്യതയുള്ളതിനാൽ കന്നുകാലികളെ തുറസ്സായ സ്ഥലങ്ങളിൽ കെട്ടുന്നത് ഒഴിവാക്കണം.
∙കാറ്റിൽ വീഴാൻ സാധ്യതയുള്ള മരങ്ങൾക്കടിയിലുള്ളതും ഉറപ്പ് ഇല്ലാത്തുമായ തൊഴുത്തുകളിൽ നിന്ന് കന്നുകാലികളെ മാറ്റുക.
∙വളം, കീടനാശിനി മുതലായ വിള സംരക്ഷണ മാർഗങ്ങൾ മഴയ്ക്ക്‌ സാധ്യതയുള്ള സമയത്ത് ഒഴിവാക്കുക.
∙മത്സ്യക്കൃഷി നടത്തുന്ന കർഷകർ കുളത്തിലെ വെള്ളത്തിന്റെ സംഭരണശേഷിക്ക് അനുസരിച്ച് വെള്ളം ക്രമീകരിക്കുക.

ഹെൽപ് ലൈൻ നമ്പറുകൾ: 8281750541, 9946629337,9074766209, 9447574509, 8281184262.

നഷ്ടക്കണക്ക്(ലക്ഷത്തിൽ)

∙മൂന്നിലവ് (70)
∙മുണ്ടക്കയം ഈസ്റ്റ് (15)
∙വണ്ടൻപതാൽ (7)
∙പാലാ (40)
∙പനയ്ക്കപ്പാലം (3)
∙ഈരാറ്റുപേട്ട (6)
∙കൂട്ടിക്കൽ (4)
∙കളത്തൂക്കടവ് (4)
∙ഇല്ലിക്കൽ (10)
∙തിരുവാർപ്പ് (10)

കഴിഞ്ഞവർഷം കോടികളുടെ നഷ്ടമുണ്ടായി. എന്നാൽ സർക്കാർ വ്യാപാരികളെ സഹായിച്ചില്ല. ഇത്തവണയും കനത്ത നഷ്ടമാണുണ്ടായത്. സർക്കാർ നേരിട്ടു നഷ്ടം വിലയിരുത്തി ആശ്വാസ പാക്കേജ് പ്രഖ്യാപിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com