ADVERTISEMENT

തിരുനക്കര ∙ ബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സിലെ കടകൾ ഒഴിപ്പിക്കൽ വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്നു നഗരസഭ ഉപേക്ഷിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഷോപ്പിങ് കോംപ്ലക്സ് പൊളിക്കുന്നതിനു മുന്നോടിയായി കച്ചവടക്കാരെ ഒഴിപ്പിക്കാൻ നഗരസഭാ സെക്രട്ടറി ഇൻ ചാർജ് അനില അന്ന വർഗീസിന്റെ നേതൃത്വത്തിൽ 40 അംഗ ഉദ്യോഗസ്ഥ സംഘമാണ് എത്തിയത്. ഡിവൈഎസ്പി കെ.ജി.അനീഷിന്റെയും കോട്ടയം വെസ്റ്റ്, ഈസ്റ്റ്, കുമരകം എസ്എച്ച്ഒമാരുടെയും നേതൃത്വത്തിൽ നൂറോളം പൊലീസും സ്ഥലത്തെത്തി. മുദ്രാവാക്യങ്ങൾ മുഴക്കി വ്യാപാരികൾ ഉദ്യോഗസ്ഥരെ തടഞ്ഞു.

മൂന്നു നിരയിലായിരുന്നു വ്യാപാരികളുടെ പ്രതിഷേധം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ആദ്യനിര. ഇതു മറികടന്നു പൊലീസോ ഉദ്യോഗസ്ഥരോ എത്തിയാൽ തടയാൻ അടുത്തനിരയിൽ വനിതാ ജീവനക്കാർ. അതും ഭേദിച്ചു കടകൾ പൂട്ടാനെത്തിയാൽ ഷട്ടർ താഴ്ത്താൻ അനുവദിക്കാതെ കുട്ടികളെയും സ്ത്രീകളെയും കടയ്ക്കുള്ളിൽ ഇരുത്തി മൂന്നാം പ്രതിരോധം. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ.തോമസുകുട്ടി സമരം ഉദ്ഘാടനം ചെയ്തു.

വ്യാപാരികളുടെ വാദം കേൾക്കാതെയാണു തീരുമാനമെന്നും ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും വ്യാപാരികൾ പറഞ്ഞു. കേസ് സുപ്രീം കോടതി പരിഗണിക്കുന്നതു വരെ നടപടികൾ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.

ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബാർ ഹോട്ടലിന്റെ താഴത്തെ നിലയിലെ ഒരു മുറിയും പൊളിക്കാനുള്ള മുറികളുടെ പട്ടികയി‍ൽ നഗരസഭ ഉൾപ്പെടുത്തിയിരുന്നു. ബാർ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിനു ബലക്ഷയം ഇല്ലെന്നു നഗരസഭ തന്നെ മുൻപു റിപ്പോർട്ട് നൽകിയിട്ടുണ്ട്. ആദ്യം ഈ മുറി പൂട്ടണമെന്നു വ്യാപാരികൾ നിലപാടെടുത്തു. ഈ മുറി അബദ്ധത്തിൽ ഉൾപ്പെട്ടതാണെന്നും സാങ്കേതികപ്പിഴവാണെന്നും നഗരസഭാ ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും വ്യാപാരികൾ വഴങ്ങിയില്ല. ഒരു മണിക്കൂറോളം നീണ്ട വാക്കുതർക്കത്തിന് ഒടുവിൽ ഒഴിപ്പിക്കൽ ശ്രമം ഉപേക്ഷിച്ച് ഉദ്യോഗസ്ഥർ മടങ്ങി.10 ദിവസത്തിനകം കട ഒഴിയണമെന്നു കാണിച്ചു നഗരസഭ നൽകിയ നോട്ടിസ് കാലാവധി ഞായറാഴ്ച അവസാനിച്ചിരുന്നു.

പ്രതിഷേധിച്ചു

മർച്ചന്റ് അസോസിയേഷൻ പ്രതിഷേധിച്ചു. വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്റ് എം.കെ.തോമസ് കുട്ടി ഉദ്ഘാടനം ചെയ്തു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ഹാജി എം.കെ.ഖാദർ, ജനറൽ സെക്രട്ടറി എ.കെ.എൻ.പണിക്കർ, രക്ഷാധികാരി ടി.ഡി.ജോസഫ്, ട്രഷറർ സി.എ.ജോൺ, കെ.പി.അബ്ദുൽ സലാം, പി.ബി.ഗിരീഷ്, കെ.പി.രാധാകൃഷ്ണൻ, എ.എ.തോമസ്, കെ.പി.നൗഷാദ്, കെ.ഒ.അബൂബക്കർ, യു.എം.സലീം, എസ്.ബൈജു, ആർ.രവി, സിപിഐ ജില്ലാ സെക്രട്ടറി വി.ബി.ബിനു, സി.എൻ.സത്യനേശൻ, കെ.എം.രാധാകൃഷ്ണൻ, ജിബി ജോൺ, ശശിധരൻ, എസ്.രാജീവ്, കുഞ്ഞ് ഇല്ലംപള്ളി എന്നിവർ പ്രസംഗിച്ചു.

ശുചിമുറി പൊളിക്കരുത്

സ്റ്റാൻഡ് കോംപ്ലക്സിലെ നോർത്ത് റോട്ടറി ക്ലബ് ശുചിമുറി സമുച്ചയം പൊളിക്കുന്ന കടമുറികളിൽ ഉൾപ്പെടില്ലെന്നും ഇതു നിലനിർത്തണമെന്നും  ക്ലബ് പ്രസിഡന്റ് ഡോ. പി.ബിജു നഗരസഭാ സെക്രട്ടറിക്കു കത്തു നൽകി. 1987ൽ കലക്ടറുടെ ഉത്തരവു പ്രകാരം റോട്ടറി ക്ലബ് സ്വന്തം നിലയ്ക്കു പണിത കെട്ടിടമാണിത്. രണ്ടാം നിലയിലെ വനിതാ ശുചിമുറി 1992ൽ റോട്ടറി ചാരിറ്റബിൾ സൊസൈറ്റി നിർമിച്ചതാണ്. ഈ കെട്ടിടം ഉറപ്പും ബലവും ഉള്ളതാണെന്നും കത്തൽ പറയുന്നു.

കണ്ഠമിടറി അഞ്ജു

അഞ്ജുഅനൂപ്.

കോട്ടയം ∙ കട ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥരെത്തുന്നതു കണ്ട് സങ്കടം സഹിക്കാനാകാതെ അഞ്ജു പൊട്ടിക്കരഞ്ഞു. കുടുംബത്തിന്റെ ഏക വരുമാനമാണ് തിരുനക്കര സ്റ്റാൻഡിലെ കട. ഇതു നഷ്ടപ്പെടുന്ന കാര്യം നാട്ടകം വലിയ വീട്ടിൽ അഞ്ജു അനൂപിന് ആലോചിക്കാൻ പോലും കഴിയില്ല. മുദ്രാവാക്യം ഏറ്റു വിളിക്കാൻ അവർക്ക് ശബ്ദം കിട്ടിയില്ല. കണ്ണുകൾ നിറഞ്ഞൊഴുകി. മൂന്നര ലക്ഷം രൂപ മുടക്കിയാണു കട പുതുക്കിപ്പണിതത്. സ്വർണം പണയപ്പെടുത്തിയും കടം വാങ്ങിയുമാണു പണം കണ്ടെത്തിയത്. ഭിന്നശേഷിക്കാരനായ അച്ഛനും അഞ്ജുവും ചേർന്നാണു കട നടത്തുന്നത്. ലോട്ടറി വിൽപനക്കാരനാണ് ഭർത്താവ് അനൂപ്.

ഓണത്തിന്റെ പ്രതീക്ഷയിൽ മണ്ണുവാരിയിടരുത്:  വ്യാപാരികൾ

തിരുനക്കര ∙ ഓണക്കാലം മുന്നിൽക്കണ്ടു സ്റ്റോക്ക് എടുത്തു കച്ചവടം പ്രതീക്ഷിച്ച് ഇരിക്കുന്ന സമയത്തു കടയൊഴിയാൻ കഴിയില്ലെന്നു വ്യാപാരികൾ. കഴിഞ്ഞ രണ്ട് വർഷവും പ്രളയവും കോവിഡും മൂലം ബിസിനസ് മോശമായിരുന്നു. ഇക്കുറി ഏറെ പ്രതീക്ഷയോടെയാണ് ഓണസീസണിനെ കാണുന്നത്. ഇപ്പോൾത്തന്നെ പലരും വായ്പയെടുത്താണു വ്യാപാരം മുന്നോട്ടു കൊണ്ടു പോകുന്നത്. ഈ സാഹചര്യത്തിൽ ഇറക്കിവിടുന്നത് താങ്ങാൻ കഴിയില്ലെന്നു വ്യാപാരികൾ പറഞ്ഞു.ഷോപ്പിങ് കോംപ്ലക്സ് സംബന്ധിച്ചു നഗരസഭ നൽകിയ ഉറപ്പുകൾ പാലിച്ചിട്ടില്ലെന്നും കെട്ടിടത്തിന്റെ പഴക്കം സംബന്ധിച്ചു ശാസ്ത്രീയ പഠനം നടത്തിയിട്ടില്ലെന്നും ഇവർ ആരോപിച്ചു.

കോടതി വിധി നടപ്പാക്കാൻ ചെന്ന ഉദ്യോഗസ്ഥരെ തടയുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതിന് എതിരെ പരാതി നൽകി. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. വ്യാപാരികളുടെ പ്രതിഷേധവും തൽസ്ഥിതിയും ഹൈക്കോടതിയെ ബോധിപ്പിക്കും. 31ന് ആണ് അടുത്ത ഹിയറിങ്. കോടതി നിർദേശം അനുസരിച്ചാകും തുടർനടപടി.– അനില അന്ന വർഗീസ്, സെക്രട്ടറി ഇൻ ചാർജ്, കോട്ടയം നഗരസഭ

ഞങ്ങളെ കേൾക്കാതെയാണു ഹൈക്കോടതി വിധി. സുപ്രീം കോടതി കേസ് പരിഗണിക്കുന്നതു വരെ മാനുഷിക പരിഗണന വേണം. അന്തിമവിധി എതിരാണെങ്കിൽ ഇറങ്ങിത്തരാം. – കെ.ഒ.അബൂബക്കർ, സെക്രട്ടറി, തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ് ഓണേഴ്സ് അസോസിയേഷൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com